ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍സീരീസില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ചൈനയുടെ ഷിക്‌സിയാന്‍ വാങിനെയാണ് സൈന പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-17, 21-23, 21-19.

ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് സൈനയുടെ വിജയം. സെമിയില്‍ ലോക പത്താം നമ്പര്‍ താരം കൊറിയയുടെ ജി ഹിയുന്‍ സങാണ് സൈനയുടെ എതിരാളി.

അതേസമയം കോമണ്‍വെല്‍ത്ത് വെങ്കലമെഡല്‍ ജേതാവ് ഇന്ത്യയുടെ പി. കശ്യപും സെമിയില്‍ കടന്നു. ടോപ് സീഡ് ചെന്‍ ലോങ്ങിനെ അട്ടിമറിച്ചു ക്വാര്‍ട്ടറിലെത്തിയ കശ്യപ് ഡെന്‍മാര്‍ക്കിന്റെ ഹാന്‍സ് ക്രിസ്റ്റിയന്‍ വിറ്റിന്‍ഗസിനെയാണ് തോല്‍പിച്ചത്.

39 മിനിറ്റ് പോരാട്ടത്തില്‍ 21-15, 21-14ന് ആയിരന്നു ലോക 26-ാം നമ്പര്‍ താരമായ കശ്യപിന്റെ വിജയം. ഇന്നു സെമിയില്‍ കശ്യപ് ഇന്തൊനീഷ്യയുടെ സൈമണ്‍ സാന്റോസോയെ നേരിടും.

ദല്‍ഹിയില്‍ നടന്ന ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ കശ്യപ് ലണ്ടന്‍ ഒളിംപിക്‌സ് യോഗ്യത നേടിയിരുന്നു. ഇന്നലെ ഫ്രണ്ട് കോര്‍ട്ടില്‍ ഹാന്‍സിന്റെ കളിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കിയ കശ്യപ് സ്മാഷിലൂടെ എതിരാളിയെ സമ്മര്‍ദ്ദത്തിലാക്കി.