എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യാവിഷന്‍; ഏഴ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ കൂടി നീക്കാന്‍ സാങ്കേതിക വിഭാഗത്തിന്റെ ആവശ്യം
എഡിറ്റര്‍
Sunday 16th March 2014 12:17pm

indiavisin-1

കൊച്ചി: ജേണലിസ്റ്റുകളുടെ പണിമുടക്കിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഇന്ത്യാവിഷന്‍ ചാനലില്‍ നിന്ന് ഏഴ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ കൂടി നീക്കം ചെയ്യാന്‍ സാങ്കേതിക വിഭാഗം മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. ഇ.സനീഷ്, എന്‍.കെ ഭൂപേഷ്, സി.എന്‍ പ്രകാശ്, ലക്ഷ്മി പത്മ, വി.ശബ്‌ന, പി.പി സത്യന്‍, ധന്യ കിരണ്‍, വെബ്‌സൈറ്റിന്റെ ചാര്‍ജുള്ള മണ്‍സൂര്‍ എന്നീ മാധ്യമപ്രവര്‍ത്തകരെ നീക്കം ചെയ്യാനാണ് ആവശ്യം.

ഇക്കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച പണിമുടക്കിനെ തുടര്‍ന്ന് ന്യൂസ് ഡസ്‌കിന്റെ നിയന്ത്രണം സാങ്കേതിക വിഭാഗം ഏറ്റെടുത്തിരുന്നു.

എന്നാല്‍ സാങ്കേതിക വിഭാഗത്തിന്റെ ഈ ആവശ്യം അംഗീകരിക്കാന്‍ എക്‌സിക്യുട്ടീവ് എഡിറ്ററായി പുതുതായി ചുമതലയേറ്റെടുത്ത ബി.ദിലീപ് കുമാര്‍ തയ്യാറായിട്ടില്ല.

അദ്ദേഹത്തിന്റെ എതിര്‍പ്പിനെ മറികടന്നും സാങ്കേതിക പ്രവര്‍ത്തകരുടെ ആവശ്യം മാനേജ്‌മെന്റ് അംഗീകരിക്കാനാണ് സാധ്യത.

എല്ലാ ജേണലിസ്റ്റുകളുടെയും വാര്‍ത്തകളും വിഷ്വലുകളും കൈമാറുന്ന എഫ്.ടി.പി അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ട്. ജേണലിസ്റ്റുകളെ സംശയ ദൃഷ്ടിയോടെ കാണുന്നതും, ന്യൂസ് ഡസ്‌കിന്റെ നിയന്ത്രണം സാങ്കേതിക വിഭാഗത്തിന് കൈമാറിയതും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പുതിയ അസംതൃപ്്തിയുണ്ടാക്കാന്‍ കാരണമായിട്ടുണ്ട്.

സമരത്തില്‍ പങ്കെടുക്കില്ലെന്ന് ഉറപ്പ് എഴുതിക്കൊടുത്താല്‍ മാത്രമേ പുതിയ എഫ്.ടി.പി അക്കൗണ്ടുകള്‍ അനുവദിക്കുകയുള്ളൂ.

പ്രമുഖ വാര്‍ത്താ അവതാരകരായ വീണാ ജോര്‍ജ്, അഭിലാഷ് മോഹന്‍, ഇ.സനീഷ് തുടങ്ങിയവര്‍ ജോലിക്കെത്താന്‍ ഇനിയും തയ്യാറായിട്ടില്ല. കൊച്ചി ബ്യൂറോ ചീഫ് മനു ഭരത്, കോഴിക്കോട് ബ്യൂറോ ചീഫ് കെ. സതീഷ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി.ജി സജിത്ത് തുടങ്ങിയവരും ജോലിക്ക് ഹാജരായിട്ടില്ല.

ചാനലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

അതേസമയം തൊഴിലാളി സമരത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ചാനലിന്റെ ഏഴ് ബാങ്ക് അക്കൗണ്ടുകള്‍ അധികൃതര്‍ മരവിപ്പിച്ചു.

സെയില്‍സ് ടാക്‌സ്- ഇന്‍കംടാക്‌സ്, പി.എഫ് എന്നീ ഡിപാര്‍ട്‌മെന്റുകളാണ് ഏഴ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്. എട്ടു കോടി പത്തു ലക്ഷം രൂപ (8,10,00000) ഈ ഡിപാര്‍ട്‌മെന്റുകള്‍ക്ക് മാത്രമായി നല്‍കാനുള്ളതു കൊണ്ടാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നത്.

സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മൂന്ന് അക്കൗണ്ടും ഫെഡറല്‍ ബാങ്കിലെ രണ്ട് അക്കൗണ്ടുകളും ആക്‌സിസ് ബാങ്കിലെയും എറണാകുളം കോ-ഓപറേറ്റീവ് ബാങ്കിലെയും ഓരോ അക്കൗണ്ടുകള്‍ വീതവുമാണ് മരവിപ്പിച്ചിരിക്കുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് നിയമിതനായ സി.ഇ.ഒ എ.പി നവിനന്റെ നേതൃത്വത്തില്‍ ഈ ഡിപാര്‍ട്‌മെന്റുകളുമായി ചര്‍ച്ചകള്‍ നടന്നു വരികയായിരുന്നു. നല്‍കാനുള്ള തുക ഘട്ടം ഘട്ടമായി അടക്കാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ പുതിയ പ്രതിസന്ധിയോടു കൂടി സി.ഇ.ഒ ഇന്ത്യവിഷന്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് പോവാന്‍ തീരുമാനിച്ചിരിക്കുകയാണ്.

Advertisement