എഡിറ്റര്‍
എഡിറ്റര്‍
പണിമുടക്കിനെത്തുടര്‍ന്ന് ഇന്ത്യാവിഷന്‍ വാര്‍ത്താ സംപ്രേഷണം മണിക്കൂറുകളോളം മുടങ്ങി
എഡിറ്റര്‍
Thursday 13th March 2014 11:09am

indiavisin-1

കൊച്ചി: പണിമുടക്കിനെത്തുടര്‍ന്ന് കേരളത്തിലെ പ്രമുഖ വാര്‍ത്താ ചാനലായ ഇന്ത്യാവിഷന്റെ വാര്‍ത്താ സംപ്രേഷണം  മണിക്കൂറുകളോളം മുടങ്ങി. എക്‌സിക്യൂട്ടിവ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് മുതിര്‍ന്ന് മാധ്യമപ്രവര്‍ത്തകന്‍ എം.പി ബഷീറിനെയും കോ-ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ഉണ്ണികൃഷ്ണനെയും പുറത്താക്കുന്നതായി കാണിച്ച് മാനേജ്‌മെന്റ് നോട്ടീസ് നല്‍കിയിരുന്നു.   ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 73 മാധ്യമപ്രവര്‍ത്തകര്‍ പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വാര്‍ത്ത സംപ്രേഷണം മുടങ്ങിയത.

ചാനല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് റസിഡന്റ് എഡിറ്റര്‍ ജമാലുദ്ദീന്‍ ഫാറൂഖിയുടെ അഴിമതി അന്വേഷിക്കണമെന്ന് ദീര്‍ഘകാലമായി ഇന്ത്യാവിഷനിലെ ജേണലിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഡിറ്റര്‍ പാനലിനെ മാനേജ്‌മെന്റ് നിയമിച്ചെങ്കിലും ജമാലുദ്ധീന്‍ ഫാറൂഖി ഇന്ത്യവിഷന്‍ ചെയര്‍മാന്‍ മന്ത്രി എം.കെ മുനീറിന്റെ മേല്‍ സമ്മര്‍ദം ചെലുത്തി അന്വേഷണം തടസ്സപ്പെടുത്തിയതാണ് ആരോപണം.  അന്വേഷണം നടത്തുന്നതിന് പകരം ആവശ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകരെ പുറത്താക്കുവാനാണ് മാനേജ്‌മെന്റ് മുതിര്‍ന്നതെന്നും  മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

ഇതില്‍ പ്രതിഷേധിച്ച് വാര്‍ത്താ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ഇന്ന് രാവിലെ ചേര്‍ന്ന എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിച്ചു. 11 മണിയ്ക്ക്  ഓണ്‍ എയറില്‍ അവതാരകനാണ് സംപ്രേഷണം നിര്‍ത്തിവെച്ച കാര്യം അറിയച്ചത്. എന്നാല്‍ നേരത്തെ സംപ്രേഷണം ചെയത ചില പ്രോഗ്രാമുകള്‍ എയര്‍ ചെയ്ത് സംപ്രേഷണം തുടരാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.

വാര്‍ത്താ സംപ്രേഷണം നിലച്ചതോടെ പാചക പരിപാടിയാണ് ചാനലില്‍ സംപ്രേഷണം ചെയ്തത്. 12 മണിക്കുള്ള ലൈവ് വാര്‍ത്തയ്ക്ക് പകരം രാവിലെ സംപ്രേഷണം ചെയ്ത വാര്‍ത്തയും സംപ്രേഷണം ചെയ്തു. ഇന്ത്യാവിഷന്റെ വെബ്‌സൈറ്റും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട. അതേ സമയം ചാനലിലെ ടെക്‌നിക്കല്‍ വിഭാഗം പണിമുടക്കുന്നില്ല.

ചാനലിന്റെ ആരംഭഘട്ടത്തില്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ മാനേജമെന്റിനൊപ്പം നിന്ന് ചാനലിനെ സജീവ മാധ്യമ സ്ഥാപനമാക്കി വളര്‍ത്താന്‍ പാടുപെട്ടവരാണ് ഇവിടത്തെ ജോലിക്കാര്‍. എന്നാല്‍ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമസ്ഥാപനമായി ചാനല്‍ മാറിയപ്പോഴും ഇവിടത്തെ പ്രശ്‌നങ്ങള്‍ മാറിയില്ലെന്ന് ഇന്ത്യാവിഷന്‍ ചാനലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ വാര്‍ത്താസംഘം നല്‍കിയ വിശദീകരണത്തില്‍ പറയുന്നു.

പി.എഫ് ഇ.എസ്.ഐ, ടി.ഡി.എസ് ഇനത്തില്‍ വലിയ തുകയാണ് മാനേജ്‌മെന്റിന് സര്‍ക്കാറിലേക്കുള്ള ബാധ്യത. ഇതിന് പുറമെ പോതുസ്ഥാപനവുമായി ബന്ധപ്പെട്ട അഴിമതിയും നിരവധി തവണ കമ്പനി ഡയറക്ടര്‍മാരെയും കമ്പനി സ്ഥാപക ചെയര്‍മാന്‍ മന്ത്രി ഡോ.എം.കെ മുനീറിനെയും രേഖമൂലം അറിയിക്കുകയും നടപടിയെടുക്കാമെന്ന മുനീര്‍ വാക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ നിരവധി തവണ ഈ വാക്ക് ലംഘിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് മുന്നറിയിപ്പില്ലാതെ ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതെന്നും മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

Advertisement