എഡിറ്റര്‍
എഡിറ്റര്‍
ടി.പി വധം: ഇന്ത്യാവിഷന്‍ കോടതിയോട് മാപ്പപേക്ഷിച്ചെന്ന വാര്‍ത്ത തെറ്റെന്ന് ചാനല്‍
എഡിറ്റര്‍
Wednesday 1st August 2012 5:49pm

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഇന്ത്യാവിഷന്‍ ഹൈക്കോടതിയില്‍ മാപ്പപേക്ഷിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ചാനല്‍. ഈ വാര്‍ത്തയ്ക്ക് പിന്നില്‍ പൊതുജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണിതെന്നും ചാനല്‍ ആരോപിക്കുന്നു.

Ads By Google

ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണ വിശദാംശം പ്രസിദ്ധീകരിച്ചതില്‍ ഇന്ത്യാവിഷന്‍ കോടതിയോട് മാപ്പ് ചോദിച്ചെന്ന വിധത്തില്‍ കൈരളി-പീപ്പിള്‍ ചാനലിലും ദേശാഭിമാനി ദിനപത്രത്തിലും വന്ന വാര്‍ത്ത വന്നിരുന്നു. ഇതേതുടര്‍ന്ന് ഇത് സംബന്ധിച്ച വാര്‍ത്ത തെറ്റാണെന്നറിയിച്ച് കൊണ്ട് ചാനല്‍ പത്രക്കുറിപ്പിറക്കുകയായിരുന്നു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇന്ത്യാവിഷന്‍ ഇതുവരെ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഉത്തമ ബോധ്യത്തോടെയും തികഞ്ഞ ഉത്തരവാദിത്വത്തോടെയും തയ്യാറാക്കിയതാണെന്ന് പത്രക്കുറിപ്പില്‍ പറയുന്നു.

‘നിയമവിധേയവും പ്രൊഫഷണലുമായ മാര്‍ഗങ്ങളാണ് അതിന് അവലംബിച്ചത്. ഇക്കാര്യം ഇന്ത്യാവിഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിശദമായി പറയുന്നുണ്ട്. ഈ കേസില്‍ ഇന്ത്യാവിഷന്‍ നല്‍കിയ ഏതെങ്കിലും വാര്‍ത്തകള്‍ തെറ്റെന്ന് വ്യക്തമാകുകയോ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ ആരോടും ഖേദ പ്രകടനം നടത്തിയിട്ടുമില്ല. തെറ്റുപറ്റിയാല്‍ ക്ഷമാപണം നടത്താനുള്ള വിനയമില്ലാത്തത് കൊണ്ടല്ല; നല്‍കിയ വാര്‍ത്തകള്‍ പൂര്‍ണമായും ശരിയാണെന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണിത്.’ പത്രക്കുറിപ്പില്‍ പറയുന്നു.

‘ഇന്ത്യാവിഷനടക്കം 13 മാധ്യമങ്ങള്‍ കോടതിയലക്ഷ്യം കാണിച്ചുവെന്ന് ആരോപിച്ച് സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി രാമകൃഷ്ണന്‍ നല്‍കിയ ഹരജിയില്‍ അതിന് ആധാരമായി 2006ലെ ഒരു കോടതി വിധി ചൂണ്ടിക്കാട്ടിയിരുന്നു. ആ കേസില്‍ ഞങ്ങള്‍ കക്ഷിയായിരുന്നില്ല. ഞങ്ങള്‍ക്കോ മറ്റ് മാധ്യമ സ്ഥാപനങ്ങള്‍ക്കോ ഇതുമായി ബന്ധപ്പെട്ട് ഒരു കോടതി നിര്‍ദ്ദേശവും ലഭിച്ചിട്ടില്ല. കേസില്‍ ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്ന കോടതിപരാമര്‍ശങ്ങള്‍ക്ക് ഒരു പൊതു നിര്‍ദ്ദേശത്തിന്റെ സ്വഭാവവുമില്ല. ഞങ്ങള്‍ കോടതിയലക്ഷ്യം കാട്ടിയെന്ന് സത്യവാങ്മൂലത്തില്‍ സമ്മതിക്കുന്നില്ലെന്ന് മാത്രമല്ല, മറിച്ചു പ്രഖ്യാപിക്കുകയും ചെയ്യുന്നു. ‘

‘ഇത്രയും കാര്യങ്ങള്‍ ഉറപ്പിച്ചു പറയുകയും കോടതിയോടും നിയമത്തോടുമുള്ള വിധേയത്വം പ്രഖ്യാപിക്കുകയും ചെയ്തശേഷം, ‘ഞങ്ങളില്‍ നിന്ന് ഏതെങ്കിലും നിയമബാഹ്യമായ കാര്യങ്ങള്‍ സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ പൊറുക്കണം’ എന്ന ഒരു വാക്യം സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  അതിങ്ങനെ: ‘It is submitted that in the event it is construed that there has been any violation of this Hon’ble Court’s order, it is wholly unintentional. I tender unconditional apology and pray that I may be excused.’ ഇത് കോടതിയോടും നിയമവ്യവസ്ഥയോടുമുള്ള വിശ്വാസവും വിധേയത്വവുമാണ് പ്രകടിപ്പിക്കുന്നത്. കോടതിയലക്ഷ്യക്കേസുകളില്‍ സാധാരണ പതിവാണിത്. സംശയമുള്ളവര്‍ സി.പി.ഐ.എം സംസ്ഥാന സമിതിയംഗം എംവി ജയരാജനും കേന്ദ്രകമ്മിറ്റിയംഗം പാലൊളി മുഹമ്മദുകുട്ടിയും ഹൈക്കോടതിയില്‍ നേരത്തെ നല്‍കിയ സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചാല്‍ മതി. ‘ പത്രക്കുറിപ്പില്‍ പറയുന്നു.

Advertisement