കോഴിക്കോട്: ഐസ്‌ക്രീം കേസില്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കേണ്ടതില്ലെന്ന് നിയമോപദേശം നല്‍കാന്‍ ഇ.കെ നായനാരുടെ ഭരണകാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്ന എം.കെ ദാമോദരന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പോലീസ് അന്വേഷകസംഘത്തിന് നല്‍കിയ തെളിവുകള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ടു. നിയമോപദേശത്തിന് പ്രത്യുപകാരമായി 32.5 ലക്ഷം രൂപ നല്‍കിയെന്നും അതില്‍ 15 ലക്ഷം എറണാകുളം എം.ജി റോഡിലുള്ള എസ്.ബി.ഐ ശാഖയില്‍ അടച്ചെന്നുമുള്ള കെ.എ റൗഫിന്റെ ആരോപണം എം.കെ ദാമോദരന്റെ ജൂനിയര്‍ അഭിഭാഷകനും അക്കാലത്തെ അദ്ദേഹത്തിന്റെ സ്റ്റെനോഗ്രാഫറും റഊഫുമായുള്ള സംഭാഷണത്തില്‍ സ്ഥിരീകരിക്കുന്നു.

Subscribe Us:

കേസ് പുറത്തുവന്ന കാലത്ത് കുഞ്ഞാലിക്കുട്ടി റഊഫിനോടൊപ്പം പലതവണ ദാമോദരനെ കണ്ടുവെന്നും സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാണ്. ദാമോദരനും ഭാര്യയും ചേര്‍ന്ന് കാസര്‍കോട് മഞ്ചേശ്വരത്ത് നടത്തുന്ന മലബാര്‍ അക്വാ ഫാമിന്റെ ലോണ്‍ കുടിശ്ശിക തീര്‍ക്കാനാണ് ഈ പണം ഉപയോഗപ്പെടുത്തിയതെന്നും തെളിവുകള്‍ വ്യക്തമാക്കുന്നു. മുസ്‌ലിംലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മുതിര്‍ന്ന മുസ്‌ലിംലീഗ് നേതാവ് സി. അഹമ്മദ് കുഞ്ഞിയും ഇക്കാര്യം ഇന്ത്യാവിഷന്റെ രഹസ്യക്യാമറയില്‍ സ്ഥിരീകരിക്കുന്നുണ്ട്. പോലീസ് സംഘം കണ്ടെടുത്ത രേഖകളോടൊപ്പം അഹമ്മദ് കുഞ്ഞിയുടെ പുതിയ വെളിപ്പെടുത്തലും ഇന്ത്യാവിഷന്‍ പുറത്തുവിട്ടു.

തങ്ങള്‍ക്ക് അനുകൂലമായി നിയമോപദേശം നല്‍കാന്‍ നല്‍കിയ കോഴയ്ക്ക് തെളിവ് തേടിയാണ് കുഞ്ഞാലിക്കുട്ടിയുമായി തെറ്റിപ്പിരിഞ്ഞ കെ.എ റൗഫ്, ഈ വര്‍ഷം ജനുവരി ആദ്യം എം.കെ ദാമോദരന്റെ ജൂനിയര്‍ അഭിഭാഷകന്‍ അഡ്വ. പി.സി ശശിധരനെ കാണാനെത്തുന്നത്. 15 ലക്ഷം രൂപ ദാമോദരന്റെ കമ്പനി അക്കൗണ്ടില്‍ അടയ്ക്കാന്‍ ഓഫീസില്‍ നിന്ന് കൂടെപ്പോയ ഗുമസ്തന്റെ പേരും ടെലഫോണ്‍ നമ്പറും റൗഫ് അന്വേഷിച്ചറിയുന്നതായി ദൃശ്യങ്ങളില്‍ കാണാം. സംഭാഷണത്തിനിടയില്‍ കുഞ്ഞാലിക്കുട്ടിയും ദാമോദരനും തമ്മിലുള്ള അവിഹിത ഇടപാടുകള്‍ ശശിധരന്‍ തുറന്നുപറയുന്നു. കുഞ്ഞാലിക്കുട്ടി പണം നല്‍കിയിരുന്നില്ലെങ്കില്‍ ദാമോദരന്റെ വീട് ജപ്തി ചെയ്തുപോകുമായിരുന്നുവെന്നും അഡ്വ. ശശിധരന്‍ പറയുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ മുന്‍ സ്റ്റാന്റിംഗ് കൗണ്‍സല്‍കൂടിയാണ് അഡ്വ. ശശിധരന്‍

എറണാകുളം എം.ജി റോഡിലുള്ള എസ്.ബി.ഐ ശാഖയില്‍ ദാമോദരന്റെ കമ്പനി അക്കൗണ്ടില്‍ പണം അടയ്ക്കാന്‍ തന്നോടൊപ്പം വന്നുവെന്ന് കെ.എ റൗഫ് അവകാശപ്പെടുന്ന സതീഷ് വര്‍മ്മയെ റഊഫ് കണ്ടുമുട്ടുന്നത് തന്റെ ബി.എം.ഡബ്ല്യു കാറില്‍ വച്ചാണ്. ബാങ്കില്‍ പോയ കാര്യവും അക്കൗണ്ടിന്റെ പേരും സതീഷ് ഓര്‍മ്മിച്ചെടുക്കുന്നു. 15 ലക്ഷം രൂപ നല്‍കിയ ശേഷം എണ്ണിത്തീര്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ റസീപ്റ്റ് പിന്നീട് പോയി വാങ്ങുകയായിരുന്നുവെന്നും സതീഷ് വര്‍മ്മ ക്യാമറയില്‍ പറയുന്നു.

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിന്റെ മുന്‍ പ്രസിഡന്റും ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ വൈസ്
പ്രസിഡന്റുമായിരുന്നു സി. അഹമ്മദ് കുഞ്ഞി. ഇപ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് മാറി മഞ്ചേശ്വരത്ത് അരിഷ്ട കട നടത്തുകയാണ് അഹമ്മദ് കുഞ്ഞി. എം.കെ ദാമോദരന്‍ മലബാര്‍ അക്വാ ഫാം തുടങ്ങിയപ്പോള്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി തന്നെ വിളിച്ചിരുന്നതായും സീരിയസായി സഹായിക്കണമെന്ന് ആവശ്യപ്പെട്ടതായും രഹസ്യക്യാമറയില്‍ തുറന്നുപറയുന്നു. ഐസ്‌ക്രീം കേസില്‍ നിയമപരമായ സഹായം നല്‍കിയതിന് പകരം കുഞ്ഞാലിക്കുട്ടി ദാമോദരനെ സഹായിച്ചുവെന്നും അഹമ്മദ് കുഞ്ഞി പറയുന്നു. ഇക്കാര്യങ്ങള്‍ പുറത്തുവന്നാല്‍ അവര്‍ തന്നെ കൊല്ലുമെന്നും അഹമ്മദ് കുഞ്ഞി പറയുന്നു. ദാമോദരന് വേണ്ടി സഹായം ചെയ്യാന്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞതനുസരിച്ച് ചെര്‍ക്കളം അബ്ദുള്ള തന്നെ വീട്ടിലേക്ക് വിളിപ്പിച്ചതായും അഹമ്മദ്കുഞ്ഞി പറയുന്നു.

1993ല്‍ തുടങ്ങിയ മലബാര്‍ അക്വാഫാം ഇപ്പോള്‍ ഏറെക്കുറെ പ്രവര്‍ത്തനം നിര്‍ത്തിയ അവസ്ഥയിലാണ്. എം.കെ ദാമോദരന്റെ ഭാര്യ സാറാമ്മ എന്ന ശാന്തിയുടെ സഹോദരന്‍ വിനോദ് മാത്യുവാണ് ഇപ്പോള്‍ ഫാം നോക്കി നടത്തുന്നത്.

പ്രവര്‍ത്തന നഷ്ടം നേരിടാന്‍ മലബാര്‍ അക്വാ ഫാം മറ്റൊരു സ്ഥാപനത്തില്‍ നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റിയതായി തെളിയിക്കുന്ന രേഖകളും ഇന്ത്യാവിഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഫാമിന്റെ 1998-99ലെ വാര്‍ഷിക റിപ്പോര്‍ട്ടിനോട് അനുബന്ധിച്ചുള്ള ഡയറക്‌ടേഴ്‌സ് റിപ്പോര്‍ട്ടിലാണ് മറ്റൊരു സ്ഥാപനത്തില്‍ നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റിയെന്ന് പറയുന്നത്. ഈ പണം തങ്ങള്‍ നല്‍കിയതാണെന്ന റൗഫിന്റെ മൊഴി തെളിയിക്കാനാണ് പോലീസ് അന്വേഷകസംഘം ഇപ്പോള്‍ ശ്രമിക്കുന്നത്.

ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ പ്രതിചേര്‍ക്കാമെന്ന കല്ലട സുകുമാരന്റെ റിപ്പോര്‍ട്ടിനെ മറികടക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ എന്ന നിലയില്‍ നിയമോപദേശം നല്‍കിയതിന് എം.കെ ദാമോദരന്‍ കോഴ പറ്റിയെന്നാണ് ആരോപണം. ദാമോദരന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞാലിക്കുട്ടിക്ക് അനുകൂലമായ സത്യവാങ്മൂലം അന്നത്തെ എ.ഡി.ജി.പി ജേക്കബ് പുന്നൂസ് സുപ്രീംകോടതിയില്‍ നല്‍കിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ശേഖരിച്ച തെളിവുകള്‍ മുഴുവന്‍ സംപ്രേഷണം ചെയ്യുന്നതിന് പകരം, ഇന്ത്യാവിഷന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കൈമാറുകയാണ് ചെയ്തത്. അഞ്ചരമണിക്കൂര്‍ വരുന്ന ഒളിക്യാമറാ ദൃശ്യങ്ങളില്‍ എം.കെ.ദാമോദനുമായി ബന്ധപ്പെട്ട ഒമ്പത് മിനിറ്റ് ദൃശ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ടിരിക്കുന്നത്.