ഹരീഷ് വാസുദേവന്‍

ന്യൂസ് ചാനലുകളുടെ പ്രധാന വിഭവമാണ് അന്തിചര്‍ച്ച. അന്നന്നുള്ള പ്രധാന വിഷയങ്ങളെ മുന്‍നിര്‍ത്തി ഓരോ ന്യൂസ്ചാനലിലും രാത്രിസമയം ചര്‍ച്ചകള്‍ നടക്കാറുണ്ട്. മലയാള ദൃശ്യമാധ്യമ ചരിത്രത്തില്‍ ആദ്യമായി ഇത്തരം വാര്‍ത്താ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് ഇന്ത്യാവിഷനാണ്. രാത്രി 9 മണിയുടെ ‘ന്യൂസ് നൈറ്റ്’ എന്ന വാര്‍ത്താസംവാദ പരിപാടിയാണ് അതിനാരംഭം കുറിച്ചത്. ഓരോ ദിവസവും വരുന്ന പ്രധാന വാര്‍ത്തകളുമായി ബന്ധപ്പെട്ടു കൂടുതല്‍ അറിയാനും, അതിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യാനുമാണ് ‘ന്യൂസ് നൈറ്റ്’ തുടക്കത്തില്‍ ശ്രദ്ധിച്ചതെങ്കില്‍ പോകെപ്പോകെ അതൊരു ജനാധിപത്യ വിചാരണാ ഇടമായി വളര്‍ന്നു. അന്നന്ന് പുറത്തുവരുന്ന സ്‌തോഭജനകമായ വാര്‍ത്തകളെ എതിര്‍ത്തും അനുകൂലിച്ചും വാദമുഖത്തില്‍ നിരത്തി ചൂടേറിയ സംവാദങ്ങള്‍ ‘ന്യൂസ് നൈറ്റി’നെ ജനപ്രിയമാക്കി.

Ads By Google

വിവാദ വിഷയങ്ങളില്‍ പ്രമുഖരെ വിളിച്ചു വരുത്തി പ്രേക്ഷകസമക്ഷം വിചാരണ ചെയ്യാന്‍ ചാനല്‍ അവതാരകരും മുതിര്‍ന്നതോടെ പല കേസുകളിലും പ്രതികള്‍ക്ക് കോടതിയെക്കാള്‍ വലിയ തലവേദനയായി മാറി ‘ന്യൂസ് നൈറ്റ്’ പോലുള്ള ചര്‍ച്ചാവേദികള്‍. കോടതികളുടെ പരിഗണനയില്‍ ഇരിക്കുന്ന പല കേസുകളിലും പരമാവധി അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പിങ് പോംങ് വ്യവഹാരങ്ങളുടെ, വാദങ്ങളുടെ മാത്രം ബലത്തില്‍ ‘ന്യൂസ് നൈറ്റി’ല്‍ വിധി കല്‍പ്പിക്കുന്ന സ്ഥിതിയുണ്ടായി. ഓരോ ചര്‍ച്ചയും മോഡറേറ്റ് ചെയ്യുന്ന വാര്‍ത്താവതാരകന് അവിടെ ന്യായാധിപന്റെ റോള്‍ കല്‍പ്പിച്ചു കിട്ടി. ചര്‍ച്ചയ്‌ക്കൊടുവില്‍ അവതാരക/ന്‍ പ്രതിഫലിപ്പിക്കുന്ന കമന്റ് ജനമനസുകളില്‍ ആ വിഷയം സംബന്ധിച്ച അഭിപ്രായ രൂപീകരണത്തിന് വഴിവെച്ചുപോന്നു.

INDIAVISION NEWS NIGHT ON SMS CONTROVERSY AND VEENA GEORGEരാഷ്ട്രീയ നേതാക്കളെ ചോദ്യശരങ്ങളാല്‍ ‘പൊരിക്കുന്ന’ അവതാരകര്‍ പലരും ജനപ്രിയരായി മാറി. തങ്ങള്‍ക്കു ചെയ്യാന്‍ കഴിയാത്തത് മറ്റൊരാള്‍ ചെയ്യുന്നത് കാണുമ്പോള്‍ കയ്യടിക്കുന്ന ‘സുരേഷ് ഗോപി സിനിമാ ഇഫക്ടാ’ണ് പ്രേക്ഷകരെ ഇതിലേക്ക് നയിക്കുന്നത്. ആ ജനപ്രിയത നിലനിര്‍ത്താന്‍ വേണ്ടിയെങ്കിലും ചിലര്‍ ചാനല്‍ ചര്‍ച്ചകളില്‍ ചോദ്യ മുനകളുടെ മൂര്‍ച്ച കൂട്ടിക്കൊണ്ടേയിരുന്നു. പക്ഷം പിടിക്കാതെയുള്ള അവതാരകരുടെ ചോദ്യങ്ങളാണ് ചര്‍ച്ചകളെ നിഷ്പക്ഷമായി മുന്നോട്ടു നയിച്ചുകൊണ്ടിരുന്നത്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ പോലുള്ള ജനകീയ പ്രശ്‌നങ്ങളില്‍ ജനപക്ഷത്തു നിന്നുകൊണ്ട് ചോദ്യശരങ്ങള്‍ തൊടുക്കുന്നത്‌വഴി ആക്ടിവിസ്ടിന്റെ റോളില്‍ പോലും വാര്‍ത്താവതാരകര്‍ വന്നു. അതായത് ചര്‍ച്ചകളില്‍ പക്ഷം പിടിച്ചാല്‍പ്പോലും ജനപക്ഷത്തു നില്‍ക്കണമെന്നും, വിചാരണകളില്‍ ന്യായാധിപര്‍ പാലിക്കേണ്ട നിഷ്പക്ഷത ചര്‍ച്ചകളില്‍ ചാനല്‍ അവതാരകരും പാലിക്കണമെന്നതും സാമാന്യമര്യാദയുടെ ഭാഗമാണ്.

ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ വ്യക്തിപരമായി അധിക്ഷേപിക്കുകയോ വിഷയത്തിനു പുറത്തുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു വിഷയത്തെ ദുര്‍ബലപ്പെടുത്തുകയോ ചെയ്യരുത് എന്നത് മാധ്യമ മര്യാദയുടെ അടിസ്ഥാന പാഠമാണ്. സത്യം കണ്ടെത്താന്‍ പ്രേക്ഷകനെ സഹായിക്കേണ്ട ദൗത്യമാണ് അവതാരകരില്‍ നിക്ഷിപ്തമായ ജോലി. അതിനാണ് അവതാരക/ന്‍ ശ്രമിക്കേണ്ടതും. എന്ന് മാത്രമല്ല, സ്ത്രീപീഢനം പോലുള്ള സെന്‍സിറ്റീവ് വിഷയങ്ങളില്‍ പൊതുസമൂഹം വെച്ചുപുലര്‍ത്തുന്ന വികലമായ പുരുഷാധിപത്യ കാഴ്ചപ്പാടുകളെ പൊളിക്കാനുള്ള സാമൂഹിക കടമയും പുതുതലമുറ മാധ്യമ അവതാരകരില്‍ നിക്ഷിപ്തമാണ്. എന്നാല്‍ എന്താണ് ഇപ്പോള്‍ അന്തിചര്‍ച്ചകളില്‍ നടക്കുന്നത്? എങ്ങനെയാണ് ചര്‍ച്ചകളില്‍ അവതാരകര്‍ പെരുമാറുന്നത്? ശനിയാഴ്ച ഇന്ത്യാവിഷന്‍ നടത്തിയ ന്യൂസ് നൈറ്റ് ചര്‍ച്ചയേ മുന്‍നിര്‍ത്തി ഒരു അന്വേഷണം ആണിവിടെ.

എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍

indiavision newsnight on SMS Controversy

17-09-2011 ശനിയാഴ്ച ഇന്ത്യാവിഷനിലെ ന്യൂസ് നൈറ്റ് ചര്‍ച്ച ന്യൂസ് നൈറ്റിന്റെ ചരിത്രത്തിലെ വഴിത്തിരിവായ ഒരു ചര്‍ച്ചയാണ്. ഒരു മാധ്യമചര്‍ച്ച എത്ര അശ്ലീലമാകാമെന്നും വാര്‍ത്താവതാരകര്‍ തങ്ങളുടെ അധികാരം എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യാമെന്നും തുടങ്ങി ഒരു ജനാധിപത്യ ഇടത്തെ എങ്ങനെ ഉപയോഗിക്കരുത് എന്നതു വരെ മനസിലാക്കാന്‍ ഉതകുന്ന ഒരു ചര്‍ച്ചയായിരുന്നു വീണ ജോര്‍ജ് നയിച്ച ന്യൂസ് നൈറ്റ് ചര്‍ച്ച.

തൊടുപുഴ സ്വദേശിയായ സുരഭി ദാസിന്റെ മൊബൈല്‍ ഫോണിലേയ്ക്ക് മന്ത്രി പി.ജേ.ജോസഫ് അശ്ലീല എസ്.എം.എസ്സുകള്‍ അയച്ചു എന്ന പരാതിയിന്മേല്‍ കോടതി മന്ത്രിക്കു സമന്‍സ് അയച്ചു എന്ന വാര്‍ത്തയാണ് ‘ന്യൂസ് നൈറ്റി’ലെ ചര്‍ച്ചയ്ക്കു വഴിവെച്ചത്. സ്ത്രീയുടെ മാന്യത ചോദ്യംചെയ്യുന്ന രീതിയില്‍ പെരുമാറുക, ഐ.ടി ആക്റ്റ് ലംഘിക്കുക എന്നീ കുറ്റങ്ങള്‍ പി.ജേ.ജോസഫ് ചെയ്തു എന്നതാണ് കേസ്. പരാതിക്കാരിയായ സുരഭി ദാസ്, ഭര്‍ത്താവ് ജയ്‌മോന്‍, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നേതാവായ ആന്റണി രാജു എന്നിവര്‍ സ്റ്റുഡിയോവില്‍ ഇരുന്നും തൊടുപുഴ ബാറിലെ അഭിഭാഷകനായ അഡ്വ.പ്രിന്‍സും മുന്‍മന്ത്രി ശ്രീ.സുരേന്ദ്രന്‍പിള്ളയും ടെലഫോണ്‍ വഴിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്ത്യാവിഷന്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായ വീണ ജോര്‍ജ്ജാണ് ചര്‍ച്ച നയിച്ചത്.

കേസിലെ സാക്ഷികളെ വിസ്തരിക്കുകയും തെളിവുകള്‍ വിഷ്വല്‍ വഴി കാണിക്കുകയും പ്രതിഭാഗത്തെ അണിനിരത്തി വാദപ്രതിവാദങ്ങള്‍ അണിനിരത്തുകയും ചെയ്യുകവഴി ഒരു ബദല്‍ വിചാരണ തന്നെയായിരുന്നു ‘ന്യൂസ് നൈറ്റ്’ നടത്തിയത്. എന്നാല്‍ വാദത്തില്‍ നിഷ്പക്ഷത പുലര്‍ത്തേണ്ട അവതാരക ആദ്യാവസാനം പരസ്യമായി പക്ഷം പിടിക്കുകവഴി ആ ചര്‍ച്ചയുടെ വിശ്വാസ്യത തന്നേ അട്ടിമറിച്ചു. കേസിന്റെ പിന്നിലെ വസ്തുതകള്‍ പരിശോധിക്കുന്നതിന് പകരം പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും സ്വകാര്യ ജീവിതത്തിലെ ഏടുകള്‍ എടുത്തലക്കി ചോദ്യം ചെയ്യുക വഴി അവരെ പരസ്യമായി അവമതിക്കുന്ന, അപമാനിക്കുന്ന നിലപാടാണ് അവതാരക ചര്‍ച്ചയില്‍ ഉടനീളം സ്വീകരിച്ചത്.

indiavision newsnight on SMS Controversy എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍

പ്രതിഭാഗത്തെ പ്രതിനിധീകരിച്ച ആന്റണിരാജു വളരെ മോശം വാക്കുകള്‍ ഉപയോഗിച്ച് പരാതിക്കാരിയെ അപമാനിക്കുന്ന കാഴ്ചയും പ്രേക്ഷകര്‍ കണ്ടു. ചാനല്‍ വിളിച്ചു വരുത്തിയ പരാതിക്കാരിക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തുമ്പോഴും വ്യക്തിഹത്യ നടത്തുമ്പോഴും അവതാരക ഒരക്ഷരം ഉരിയടുകയോ ഇടപെടുകയോ ചെയ്യാതെ പ്രതിഭാഗത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരു സ്ത്രീയുടെ മാന്യത ചോദ്യം ചെയ്തുവെന്ന കേസിന്റെ മേല്‍ നടന്ന ചര്‍ച്ചയില്‍ അതേ പരാതിക്കാരുടെ മാന്യത പലവട്ടം വലിച്ചുകീറുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത് !! വിചാരണയുടെ പേരില്‍ !! അതും സ്ത്രീപീഡന കേസിലെ ഇരകളുടെ പക്ഷത്ത് നിലപാടെടുത്ത് പ്രശസ്തമായ ഒരു ചാനലിന്റെ വേദിയില്‍ !!

അവതാരക വീണയുടെ ചോദ്യങ്ങള്‍ തുടങ്ങുന്നത് തന്നേ പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും സ്വകാര്യ ജീവിതത്തില്‍ നിന്നാണ്. ‘എവിടെ വെച്ചാണ് നിങ്ങളെ താലി കെട്ടിയത്’ ‘എത്ര കാലമായി നിങ്ങള്‍ പരിചയമായിട്ട്’ എന്ന് തുടങ്ങി പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും തികച്ചും സ്വകാര്യ ജീവിതത്തില്‍ കടന്നു കയറി ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അതില്‍ ഇടയ്ക്കിടെ ഇടപെട്ടു അധികാരത്തിന്റെ സ്വരമാണ് അവതാരക പുറപ്പെടുവിക്കുന്നത്. എന്നാല്‍, പിന്നാലെ ആന്റണി രാജുവിനോട് സംസാരിക്കുമ്പോള്‍ തികഞ്ഞ മര്യാദയുടെ സ്വരമാണ് അവതാരക പുറപ്പെടുവിക്കുന്നത്.

‘വിമാനയാത്രാ വിവാദത്തിനു ശേഷം സമാനമെന്നു പറയാവുന്ന സ്വഭാവമുള്ള ഒരു കേസ് ഉണ്ടായിരിക്കുകയാണ്. ആവര്‍ത്തിക്കപ്പെടുന്ന ആരോപണങ്ങള്‍ ഉണ്ടാവുമ്പോള്‍ ഒരു ചോദ്യം ഉയരുന്നുണ്ട്, ഇതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടാവുന്നുണ്ടോ എന്നുള്ളത്. എന്താണ് പാര്‍ട്ടിക്ക് പറയാനുള്ളത്’ എന്നതാണ് വീണയുടെ മര്യാദയുള്ള ചോദ്യം. പ്രതിഭാഗത്തിന് പറയാനുള്ളത് പറയാനുള്ള മാന്യമായ അവസരം. (എന്നാല്‍ വാദിഭാഗത്തിന് അത്തരം അവസരം ലഭിക്കുന്നുമില്ല). പ്രതിഭാഗത്തെ മുറിപ്പെടുത്തുന്ന, വസ്തുതകളിലേക്ക് നീളുന്ന ഒരൊറ്റ ചോദ്യം പോലും വീണയില്‍നിന്നും ഉയരുന്നില്ല. ആന്റണി രാജു സംസാരിക്കുമ്പോള്‍ പരാതിക്കാരിക്കെതിരെ നിന്ദ്യവും പ്രകോപനപരവുമായ പല പരാമര്‍ശവും ഉണ്ടാവുമ്പോഴും അവതാരക എല്ലാം കേട്ടിരിക്കുന്നു. തലകുലുക്കുന്നു.!!

indiavision newsnight on SMS Controversy എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍

തുടര്‍ന്നു ജോസഫിന്റെ രാഷ്ട്രീയ എതിരാളിയായ വി.സുരേന്ദ്രന്‍ പിള്ളയോട് അവതാരക ചോദിക്കുന്ന ചോദ്യവും കൗതുകകരമാണ്. ‘ഈ കേസ് സത്യസന്ധമാണെന്നു അഭിപ്രായമുണ്ടോ?’ എന്നതാണ് ആദ്യ ചോദ്യം. ‘ഈ കേസ് വിചിത്രമാണ്, എന്നാല്‍ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ഒരു കോടതി കണ്ടെത്തിയ സ്ഥിതിക്ക് അത് നിസ്സാരമല്ല’ എന്ന മട്ടില്‍ പ്രതികരിച്ച സുരേന്ദ്രന്‍ പിള്ളയോട് വീണയുടെ അടുത്ത ചോദ്യം ‘കുറ്റക്കാരനാണെന്ന് തെളിയും വരെ ജോസഫ് രാജിവെക്കണം എന്ന് പറയുന്നതില്‍ സാംഗത്യമുണ്ടോ?’ എന്നാണ്. അതിനു യുക്തിസഹമായ മറുപടി പറയുന്ന സുരേന്ദ്രന്‍ പിള്ളയുടെ സംസാരത്തില്‍ ഇടപെട്ടു അത് അവസാനിപ്പിക്കുന്നു അവതാരക. ഇതിലെല്ലാം ജോസഫിനെ ന്യായീകരിക്കാനുള്ള അവതാരകയുടെ താല്‍പ്പര്യം നമുക്ക് ദര്‍ശിക്കാം.

പിന്നീട് ജോസഫിനെതിരെ മൊഴി കൊടുത്ത സാക്ഷിയായ ജയ്‌മോനോട് വിചിത്രമായ ചോദ്യങ്ങളാണ് അവതാരക ചോദിക്കുന്നത്. ജയ്‌മോന്‍ മറുപടി പറയുമ്പോള്‍ ഓരോ വാക്യത്തിലും ഇടപെട്ടു മറുചോദ്യം ചോദിച്ചു അവതാരക മുന്നേറുന്നുണ്ട്. ഇതിനിടയില്‍ യുക്തിസഹമല്ലാത്ത ചോദ്യങ്ങളിലൂടെ അവതാരക സ്വയം പരിഹാസ്യമാവുന്നുണ്ട്. ‘ജയ്‌മോന്‍ താങ്കള്‍ മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളാണല്ലോ, മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഒരാളെ കൊണ്ടുവന്നു വക്കാലത്ത് ഒപ്പിടീക്കുകയാണോ ഒരു വക്കീല്‍ ചെയ്യുക?’ എന്നാണ് വീണയുടെ ഒരു ചോദ്യം. മാധ്യമ പ്രവര്‍ത്തകനാണെങ്കില്‍ ഇത്തരം നിയമകാര്യങ്ങള്‍ അറിയണമത്രേ !!

indiavision newsnight on SMS Controversy എസ്.എം.എസ് വിവാദം ന്യൂസ് നൈറ്റില്‍

ശരീരഭാഷ കൊണ്ടു ആദ്യാവസാനം അവതാരക തന്റെ പക്ഷപാതിത്വം സ്‌ക്രീനില്‍ വിളിച്ചു പറയുന്നുണ്ട്. സമൂഹത്തിന്റെ താഴെക്കിടയിലുള്ള പരാതിക്കാരിയെ ചോദ്യം ചെയ്യുമ്പോള്‍ സ്‌ക്രീനിലെ തന്റെ അധികാരം അവതാരക ആദ്യാവസാനം ഉപയോഗിക്കുന്നുണ്ട്. ‘താങ്കള്‍ എന്തുകൊണ്ടാണ് മൊഴി മാറ്റിയത്’ എന്ന ചോദ്യം ജയ്‌മോനോട് ഉന്നയിക്കുമ്പോള്‍ അവതാരക പരിഹാസം കലര്‍ന്ന ചിരി മുഖത്ത് പ്രകടിപ്പിക്കുന്നു. ‘കണ്ടോ, വിശ്വസിക്കാന്‍ കൊള്ളാത്തവന്റെ കള്ളി പൊളിയുന്നു..’ എന്ന വിജയഭാവമുണ്ട്‌  ആ ചിരിയില്‍. ഇത്തരം കേസുകളില്‍ സമൂഹത്തിലെ താഴേക്കിടയിലെ സാക്ഷികള്‍ മൊഴിമാറ്റുന്നതു ഏതേതു സാഹചര്യങ്ങളില്‍ ആയിരിക്കുമെന്ന് ഐസ്‌ക്രീം കേസിനെ മുന്‍നിര്‍ത്തി മലയാളിയെ ആവര്‍ത്തിച്ചു പറഞ്ഞു പഠിപ്പിച്ച ഇന്ത്യാവിഷന്റെ അതേ സ്‌ക്രീനിലാണ് വീണയുടെ ഈ ചിരി അശ്ലീലമാവുന്നത്. അവതാരകയുടെ മുന്‍വിധി ആ ചിരിയില്‍ പ്രകടമാണ് താനും.

ഉത്തരം പറയുന്നതിനിടെ ‘പ്രിന്‍സ് എന്ന വക്കീല്‍ എന്നെ വന്നു കണ്ടു 25 ലക്ഷം രൂപ നല്‍കാമെന്നു പറഞ്ഞതിന്റെ തെളിവ് എന്റെ കയ്യില്‍ ഉണ്ട്’ എന്ന കേസിന്റെ നിര്‍ണ്ണായകമായേക്കാവുന്ന വിവരങ്ങള്‍ ജയ്‌മോന്‍ പറയുന്നുണ്ട്. വിഷയത്തിലെ സത്യമറിയാന്‍ ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ അതില്‍ക്കയറി പിടിക്കേണ്ട അവതാരക പക്ഷെ, ആ ഭാഗം വിട്ടുകളയുന്നു.

പിന്നീടുള്ള ചോദ്യങ്ങള്‍ കേസിന്റെ മെറിറ്റിന് പുറത്തു, ജയ്‌മോന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതാണ്. അതിനെല്ലാം കൃത്യമായ മറുപടി പറഞ്ഞു സ്‌ക്രീനില്‍ തന്റെ ഇടം ജയ്‌മോന്‍ ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ ചര്‍ച്ചയിലുടനീളം അസ്വസ്ഥയായ പരാതിക്കാരിയുടെ മുഖം പ്രേക്ഷകര്‍ക്ക് കാണാം. സമൂഹത്തില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ ചര്‍ച്ചയില്‍ അവര്‍ക്ക് തന്റെ വാദങ്ങള്‍ നിരത്താനുള്ള ത്രാണിയില്ലാതെ പോകുന്നുവെന്നതും നാം കാണുന്നു.

ജയ്‌മോന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യും വിധമുള്ള ചോദ്യങ്ങള്‍ ചോദിച്ച ശേഷം ജയ്‌മോന്‍ മറുപടി പറയുമ്പോള്‍ അവതാരികയുടെ അലസഭാവം ശ്രദ്ധിക്കുക. ഖദറിന്റെ മഹത്വമെന്താണെന്നു ഇദ്ദേഹത്തിനു അറിയില്ല’ എന്ന ജയ്‌മോന്റെ വാക്യം കേള്‍ക്കുമ്പോള്‍ വീണ ജോര്‍ജ് അലക്ഷ്യമായ മുടി ഒതുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്!! ആന്റണി രാജുവിനെതിരെ ജയ്‌മോന്‍ വൈകാരികമായി സംസാരിക്കുമ്പോള്‍ അവതാരക പരിഹാസം കലര്‍ന്ന ചിരിയുമായാണ് ഇരിക്കുന്നത്. ‘എന്തു വേണമെങ്കിലും പറഞ്ഞോളൂ..’ എന്ന ലൈന്‍.
അടുത്ത പേജില്‍ തുടരുന്നു