ടെഹ്‌റാന്‍: ഇറാന്‍ തദ്ദേശീയമായി വികസിപ്പിച്ച എയര്‍ ആന്റ് ഷിപ്പ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. താഴ്ന്ന് പറക്കുന്നവയും മധ്യദൂരത്തില്‍ പറക്കുന്നതുമായ വിമാനങ്ങളാണ് പരീക്ഷണം നടത്തിയത്.

50 കിലോമീറ്റര്‍ ദൂരപരിധിയ്ക്കുള്ളില്‍ തകര്‍ക്കാന്‍ ശേഷിയുള്ള സംവിധാനമാണ് പരീക്ഷിച്ചതെന്ന് പ്രസ് ടി.വി റിപ്പോര്‍ട്ടു ചെയ്തു. പരീക്ഷണം നൂറ് ശതമാനം വിജയകരമായിരുന്നെന്ന് ഇറാന്‍ പ്രതിരോധ വകുപ്പ് അറിയിച്ചു.

Ads By Google

ആക്രമിക്കാന്‍ വരുന്ന വിമാനങ്ങളെ അമ്പതു കിലോമീറ്ററിനുള്ളില്‍ വച്ച് തകര്‍ക്കാന്‍ ശേഷിയുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്ന് റവല്യൂഷണറി ഗാര്‍ഡ്‌സിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ഇറാന്‍ സേനയുടെ പക്കലുള്ള റഷ്യന്‍ നിര്‍മിത മിസൈലുകളെക്കാളും പ്രഹരശേഷിയുള്ളവയാണ് ഇപ്പോള്‍ പരീക്ഷിച്ചതെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം യുദ്ധക്കപ്പലില്‍ നടത്തിയ മിസൈല്‍ പരീക്ഷണം വിജയമായിരുന്നെന്നും ഇറാന്‍ അധികൃതര്‍ അവകാശപ്പെട്ടു.

ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പരക്കുന്നതിനിടെയാണ് ഇറാന്റെ വിമാനവേധ സംവിധാനത്തിന്റെ പരീക്ഷണം നടക്കുന്നതെന്നതും വിഷയമാണ്.

ആക്രമണ ഭീഷണി ഉയര്‍ത്തുന്ന യു.എസ് വിമാനങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തതെന്ന് ഇറാനിയന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ 24 കിലോമീറ്റര്‍ ദൂരപരിധിയുള്ള വിമാനവേധ മിസൈലുകള്‍ ഇറാന്‍ പരീക്ഷിച്ചിരുന്നു.

അതേസമയം, പാശ്ചാത്യരാജ്യങ്ങളെയും അമേരിക്കയെയും അമ്പരപ്പിച്ച് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആളില്ലാ വിമാനത്തിന്റെ ചിത്രങ്ങള്‍ ഇറാന്‍ സ്‌റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു. അമേരിക്കയുടെ ഡ്രോണിന്റെ മാതൃകയിലുള്ളതാണ് ഈ വിമാനവും. ഏതാനും നാളുകള്‍ക്കുമുമ്പ് ഇറാനില്‍ നിരീക്ഷണ പറക്കല്‍ നടത്തുകയായിരുന്ന ഒരു ഡ്രോണ്‍ റവല്യൂണറി ഗാര്‍ഡ്‌സ് വെടിവെച്ചിട്ടിരുന്നു.

വരുന്ന ദിവസം നടക്കുന്ന സേനാ പരേഡില്‍ പുതിയ സംവിധാനം പ്രദര്‍ശിപ്പിക്കുമെന്ന് ബ്രിഗേഡിയര്‍ ജനറല്‍ അമീര്‍ അലി ഹാജിസാദി പറഞ്ഞു. ഇറാന്‍ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനവേധ സംവിധാനമാണ് വിജയകരമായി പരീക്ഷിച്ചതെന്നും ഹാജിസാദി വ്യക്തമാക്കി.

അതിനിടെ, ഹൊര്‍മൂസ് കടലിടുക്കില്‍ അടുത്ത ആറ് മാസത്തിനുള്ളില്‍ തങ്ങളുടെ സ്വാധീനശക്തി വര്‍ധിപ്പിക്കാന്‍ ഇറാന്‍ നീക്കം ആരംഭിച്ചു. ഇറാനെതിരായ നീക്കങ്ങളുടെ ഭാഗമായി അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ഇപ്പോള്‍ ഹൊര്‍മൂസ് കടലിടുക്കിന് സമീപം താവളമടിച്ചിട്ടുണ്ട്. കടലിലൂടെയുള്ള എണ്ണ നീക്കത്തിന്റെ മൂന്നിലൊന്നും നടക്കുന്നത് ഹൊര്‍മൂസ് കടലിടുക്കിലൂടെയാണ്.