വാഷിംഗ്ടണ്‍: ലോകമസാധാനത്തിന്റേയും അന്താരാഷ്ട്ര സഹകരണത്തിന്റേയും കാര്യത്തില്‍ ഇന്ത്യ മാതൃകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. എന്നാല്‍ യു എന്‍ സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ കടുപ്പമേറിയതാണെന്നും അമേരിക്കയ്ക്ക് വിഷയത്തില്‍ എതെങ്കിലും രീതിയില്‍ ഉറപ്പുനല്‍കാനാവില്ലെന്ന് ഒബാമ വ്യക്തമാക്കി.

മൂന്നുദിവസത്തെ ഇന്ത്യാസന്ദര്‍ശനത്തിന് മുന്നോടിയായി പി ടി ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒബാമ ഇക്കാര്യം വ്യക്തമാക്കിയത്. രക്ഷാസമിതിയില്‍ സ്ഥിരം അംഗത്വം നേടുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണെന്നും ഇക്കാര്യത്തില്‍ അമേരിക്കയ്ക്ക ഉറപ്പൊന്നും നല്‍കാനാവില്ലെന്നും ഒബാമ അഭിമുഖത്തില്‍ വ്യക്തമാക്കി.

അമേരിക്കയുടെ ഏഷ്യന്‍ നയത്തിലെ സുപ്രധാന പങ്കാളിയായിട്ടാണ് ഇന്ത്യയെ കാണുന്നതെന്നും ഇന്ത്യയുമായി വ്യാപാരാ-വാണിജ്യ-വ്യവസായ ബന്ധങ്ങളില്‍ മികച്ച സഹകരണമാണ് ലക്ഷ്യമിടുന്നതെന്നും ഒബാമ പറഞ്ഞു. അതിനിടെ ആണവസാങ്കേതിക വിദ്യാ കൈമാറ്റത്തിന് അമേരിക്ക ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പിന്‍വലിക്കാന്‍ ബുദ്ധിമുട്ടാണെന്നും ഒബാമ പറഞ്ഞു.