Categories

വേണം നമുക്കുമൊരു ടോയ്‌ലറ്റ് വിപ്ലവം

വിബീഷ് വിക്രം

ഇരുപതാം നൂറ്റാണ്ടില്‍ മനുഷ്യസമൂഹത്തിനെ ഏറ്റവുമധികം മാറ്റിമറിച്ച നിര്‍ണായകമായ കണ്ടുപിടിത്തമേതെന്നറിയാന്‍ അമേരിക്കയിലെ ഒരു ന്യൂസ് മാഗസിന്‍ ലോകവ്യാപകമായിയൊരു  സര്‍വ്വെ നടത്തുകയുണ്ടായി. ജയിംസ് വാട്ടിന്റെ ആവിയന്ത്രമോ എഡിസന്റെ വൈദ്യതി ബള്‍ബോ ഗുട്ടന്‍ബര്‍ഗിന്റെ അച്ചടിയന്ത്രമോ ഒന്നുമായിരുന്നില്ല ഭൂരിപക്ഷം പേരും നിര്‍ദ്ദേശിച്ചത്. ഉത്തരം ലളിതമായിരുന്നു. ഫ്‌ളഷ് ടോയ്‌ലറ്റ്. മനുഷ്യ സമൂഹത്തില്‍ ടോയ്‌ലറ്റുകള്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയിലധികം വരുന്ന ഏകദേശം 63.8 കോടി ജനങ്ങളും ടോയ്‌ലറ്റ് ഉപയോഗിക്കുന്നില്ല എന്നതാണ് വാസ്തവം. കാര്യസാധനത്തിനായി തുറസായ സ്ഥലമാണിവര്‍ ഉപയോഗപ്പെടുത്തുന്നത്. ലോക ജനസംഖ്യുയുടെ 58 ശതമാനവും ഈ മാര്‍ഗ്ഗം തന്നെയാണ് പിന്തുടരുന്നത്. 2008ലെ യൂനിസെഫിന്റെ പഠന പ്രകാരം എത്യോപ്യയുടേതാണ് ഇക്കാര്യത്തില്‍ ഏറ്റവും മോശപ്പെട്ട അവസ്ഥ. അവിടെ അറുപത് ശതമാനം പേര്‍ക്കും ടോയ്‌ലെറ്റില്ല. ഇന്ത്യയിലിത് 54 ശതമാനമാണ്. 1947 വരെ സാമൂഹ്യ സാമ്പത്തിക സ്ഥിതിയില്‍ ഏതാണ്ട് ഇന്ത്യയുടെ സമാനാവസ്ഥയിലായിരുന്ന ചൈന ഈ കാര്യത്തില്‍ നേടിയ പുരോഗതി അസൂയാവഹമാണ്. വെറും നാല് ശതമാനം പേര്‍ക്ക് മാത്രമാണ ചൈനയില്‍ ടോയ്‌ലറ്റില്ലാത്തത്. ചിന്തിക്കേണ്ട കാര്യമാണിത്. എന്തിനേറെപ്പറയുന്നു അഫ്ഗാനിസ്ഥാന്‍, പാക്കിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക് എന്നീ അയല്‍ രാജ്യങ്ങള്‍ പോലും ഈ കാര്യത്തില്‍ ഇന്ത്യയുടെ മുന്നിലാണെന്നതാണ് വസ്തുത.

ടോയ്‌ലെറ്റുകളുടെ അപര്യാപ്തത മൂലം റെയില്‍വേ ട്രാക്കുകളും നാഷണല്‍ ഹൈവേകളും കാര്യസാധനത്തിനായി ഉപയോഗിക്കുന്നത് രാജ്യത്തിന് തന്നെ അപമാനമുണ്ടാക്കുന്ന കാര്യമാണ്. ഇത്തരം പ്രവൃത്തിയുടെ പരിണിത ഫലമായുണ്ടാകുന്ന മാരകരോഗങ്ങള്‍ തടയാനായി ജി.ഡി.പിയുടെ 6.4ശതമാനമായ 2.4 ട്രില്ല്യണാണ് രാജ്യത്തിന് ചെലവഴിക്കേണ്ടി വരുന്നത്. വൈകിയെങ്കിലും ഈ കാര്യം നീതിപീഠത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നുള്ളത് അല്‍പ്പം ആശ്വാസകരമാണ്. ട്രയിനിന്റെ ടോയ്‌ലെറ്റില്‍ നിന്നുള്ള മനുഷ്യവിസര്‍ജ്ജ്യം റെയില്‍വെ ട്രാക്കിലേക്കും തുറസായ പരിസരങ്ങളിലേക്കും തള്ളുന്നത് അതീവഗുരുതര പ്രശ്‌നമാണെന്ന് കഴിഞ്ഞ ആഴ്ച കേരള ഹൈക്കോടതി പറയുകയുണ്ടായി.

കേരളത്തിലെ സ്ഥിതി അങ്ങേയറ്റം ആശങ്കക്കിടനല്‍കുന്നതാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കി റെയില്‍വെ, പരിസ്ഥിതി മന്ത്രാലയം സെക്രട്ടറിമാര്‍ ഒരു മാസത്തിനകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചങ്ങനാശ്ശേരി സ്വദേശി ഡോക്ടര്‍ ജോര്‍ജ്ജ് ജോസഫ് സമര്‍പ്പിച്ച ഹരജിയിലാണ് ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി.എന്‍ ഗോപിനാഥ് എന്നിലരുള്‍പ്പെടുന്ന ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അതിസാരം മൂലം മാത്രം ഏകദേശം നാല് ലക്ഷം പേരാണ് രാജ്യത്ത് മരണമടയുന്നത്. ഇതില്‍ തൊണ്ണൂറ് ശതമാനം പേരും കൂട്ടികളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. വാസ്തവം ഇതൊക്കെയാണെങ്കിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും പുരോഗമനത്തിനുമായി മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കാര്യമായിയൊന്നും ചെയ്യുന്നില്ല എന്നതാണ് യഥാര്‍ത്ഥ്യം.

ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വര്‍ഷം തോറും കേന്ദ്രം ചെലവഴിക്കുന്നത് രണ്ടായിരം കോടിയാണ്. അതായത് ഗ്രാമവികസനത്തിന് ചെലവിടുന്ന തുകയുടെ രണ്ട് ശതമാനം മാത്രം. പിന്നെങ്ങിനെ കാര്യങ്ങള്‍ മെച്ചപ്പെടാന്‍. സുലാഭ് ഇന്റര്‍നാഷണല്‍ പോലുള്ള ഏജന്‍സികള്‍ ചെലവ് കുറഞ്ഞതും കുറച്ച വെള്ളം മാത്രം ആവശ്യമുള്ളതുമായ ടോയ്‌ലറ്റുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പക്ഷെ ഇതെല്ലാം പ്രായോഗിക തലത്തില്‍ നടപ്പില്‍ വരുത്താനുള്ള സാധ്യതകള്‍ പരിശോദിക്കാന്‍ അധികാരികള്‍ മിനക്കെടാത്തതാണ് കാര്യം. പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ അവസാനത്തോടെ ഈ നാണക്കേടില്‍ നിന്നും ഇന്ത്യ രക്ഷപ്പെടുമെന്നാണ കേന്ദ്രമന്ത്രി ജയ്‌റാം രമേശ് പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ ഈ വിധം തുടരുകയാണെങ്കില്‍ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയല്ല, പന്ത്രണ്ട് സംവത്സരം കഴിഞ്ഞാലും രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടാന്‍ പോകുന്നില്ല.

ജപ്പാനെ മറികടന്ന് ഇന്ത്യ ഈ വര്‍ഷം തന്നെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നാണ് കണക്കുകള്‍ കൂട്ടിയും കിഴിച്ചും നോക്കി സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. മൊത്തം അഭ്യന്തര ഉത്പാദനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കെടുപ്പ്. അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ ഇപ്പോഴത്തെ കണക്കനുസരിച്ച് ജാപ്പനീസ് സമ്പദ്ഘടന ഈ വര്‍ഷം 0.7 ശതമാനം ചുരുങ്ങുമ്പോള്‍ ഇന്ത്യ 8.2 ശതമാനം വളര്‍ച്ച കൈവരിക്കും. ഇതോടെ, മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അടിസ്ഥാനത്തില്‍ ഇന്ത്യ ജപ്പാനെ മറികടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഇതേ ജി.ഡി.പി തന്നെ വിശദമായി പരിശോധിച്ചാല്‍ രാജ്യത്തിന്റ 80 ശതമാനം വരുന്ന ജനങ്ങളും സാമ്പത്തികമായി പ്രതിസന്ധി അനുഭവിക്കുന്നവരാണെന്നും ബാക്കി വരുന്ന് ഇരുപത് ശതമാനത്തിന്റെ കയ്യിലാണ് സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വ്യക്തമായും മനസിലാക്കാവുന്നതാണ്. സാമ്പത്തിക നയങ്ങള്‍ ഇപ്രകാരം തുടരുന്നിടത്തോളം കാലം ഇതിങ്ങനെ തന്നെ തുടരുകയും ചെയ്യും. സാമ്പത്തിക അസമത്വത്തിന്റെ അതിര്‍വരമ്പുകള്‍ സമൂഹത്തില്‍ നിന്ന് അടുത്ത കാലത്തൊന്നും മായാന്‍ പോകുന്നില്ല. ഫലമോ..? കണക്കുകളുടെ അടിസ്ഥാനത്തില്‍ മുന്നിലാണെന്നും മറ്റുരാജ്യങ്ങളെ മറികടക്കാന്‍ പോകുന്നുവെന്നും ഊറ്റം കൊള്ളുമ്പോഴും പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കാനായി പരിമിത സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പോലും നാം എത്രയോ പിറകിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ആ യാഥാര്‍ത്ഥ്യം അംഗീകരിച്ച് കൊണ്ട് തന്നെ നമുക്ക് തുറസ്സായ സ്ഥലത്തേക്കിറങ്ങാം…..

6 Responses to “വേണം നമുക്കുമൊരു ടോയ്‌ലറ്റ് വിപ്ലവം”

 1. nkumar

  വെരി ഗുഡ് വെരി ഗുഡ്

 2. Joe Perumbavoor

  വേണം വേണം നമുക്കുമൊരു ടോയ്‌ലറ്റ് വിപ്ലവം”

 3. jaisingh cheruvathur ittoop

  theerchayaayum venam namukkoru toilet vipplavam.

 4. Jobish

  സമ്പത് ഘടനയുടെ തോത് നോക്കുമ്പോള്‍ നമ്മള്‍ മൂന്നാമതായി. പക്ഷെ പൌര പരിപാലനത്തിലും അടിസ്താന സൌകര്യ വികസനത്തിലും നമ്മള്‍ എത്രയോ പുരകിലാണ്ണ്‍. ഈ മൂന്നാം സ്ഥാനം കൊണ്ടേ എനിക്കെന്തു നേട്ടം. സരിയാന്നെ ഇതിന്റെ നേട്ടം ഭാവി തലമുറ അനുഭവിക്കും.

 5. Mahesh Nair

  ജനകീയ വികസനം നടപ്പിലക്കുന്നുവെന്നു അവകാശപ്പെടുന്ന കേരളത്തില്‍ പോലും വൃത്തി ഉള്ള പൊതു കക്കൂസുകള്‍ ഇല്ല. അഞ്ചു രൂപ കൊടുക്കേണ്ട സ്ഥാനത്തു അമ്പതു രൂപ ഹോട്ടലില്‍ ചെലവ് ചെയ്യേണ്ട ഗതികേടിലാണ് സാധാരണക്കാര്‍. സിറ്റി അതിര്‍ത്തിക്കുള്ളില്‍ കിലോ മീറ്റെരിനു ഒന്നെന്ന തോതിലെങ്കിലും കക്കൂസ് വേണം. മൂത്രമൊഴിക്കാന്‍ മുട്ടുന്നവന്‍ ബസ്‌ സ്റ്റാന്റ് ലക്ഷമാക്കി പായുകയാണ്. ദിവസേന കൊച്ചി തിരുവനന്തപുരം കോഴിക്കോട് എന്നീ നഗരങ്ങളില്‍ ദൂര നാടുകളില്‍ നിന്നെത്തുന്ന ലക്ഷ കണക്കിന് ജനങ്ങള്‍ നേരിടുന്ന കഷ്ടപ്പടാണിത്. ജനങ്ങള്‍ റോഡ്‌ അരികില്‍ കാര്യം സാധിക്കുന്നത്‌ നിവര്തികേട്‌ കൊണ്ടാണ്. പല ഹോറെലുകളിലെയും യൂറോപീന്‍ ക്ലോസ്സെട്ടില്‍ ഇരുന്നാല്‍ വീട്ടില്‍ പോയി ടെട്ടോള്‍ ഒഴിച്ച് പിന്‍ വശം കഴുകേണ്ട അവസ്ഥയാണ്‌. നമ്മുടെ ബസ്‌ സ്റ്റാന്റ് കക്കൂസുകള്‍ പലതിലും പന്നികള്‍ പോലും കയറാന്‍ മടിക്കും. അധികാരികളുടെ കുറ്റമല്ല, നമ്മള്‍ ശീലിച്ചു വരുന്ന വൃതിയില്ലയ്മയാണ് സ്വന്തം വീടോഴിച്ചു മറ്റെല്ലാം വൃത്തികേടാക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്.

 6. J.S. Ernakulam.

  ഡച്ച് സര്‍കാര്‍ അവിടുത്തെ ട്രെയിന്‍ യാത്രക്കാര്‍ക്ക് മൂത്ര സഞ്ചി
  ഫ്രീ ആയി കൊടുക്കുന്നതിനുള്ള പ്രാരംഭ നടപടില്കള്‍ തുടങ്ങി.
  നമുക്കും ഇത്തരം പരീക്ഷണങ്ങള്‍ നടത്തുന്നത് നന്നായിരിക്കും….

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.