ന്യൂദല്‍ഹി : രാജ്യത്തെ പൊതുമേഖലാ ബാങ്കുളില്‍ അടുത്തമാസം ഒന്ന് മുതല്‍ ഇ – പെയ്‌മെന്റ് സംവിധാനം നടപ്പാക്കണമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇടപാടുകാര്‍ക്ക് പണം ചെക്കായി നല്‍കുന്നതിന് പകരം ഇലക്ട്രോണിക് സംവിധാനത്തിലൂടെ കൈമാറണമെന്നാണ് പൊതുമേഖലാ ബാങ്കിന് അയച്ച സര്‍ക്കുലറില്‍ ധനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുള്ള ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനമെന്നറിയുന്നു.

ബാങ്കിന്റെ ഇടപാടുകാര്‍, വെണ്ടര്‍മാര്‍, സപ്ലയര്‍മാര്‍, എന്നിവര്‍ക്ക്  ചെക്കിന് പകരം ഇലക്ടോണിക് രൂപത്തില്‍ പണം കൈമാറണം. ഇടപാടുകാര്‍ നിക്ഷേപം പിന്‍വലിക്കുമ്പോഴും ഇലക്ട്രോണിക് രൂപത്തില്‍ പണം നല്‍കണമെന്നുമാണ് നിര്‍ദ്ദേശം.

രാജ്യത്ത് പ്രതിവര്‍ഷം ചെക്കുകള്‍ കൈകാര്യം ചെയ്യുന്ന വഴിയില്‍ 4,0008,000 കോടി രൂപ ചിലവുണ്ടെന്നാണ് കണക്കാക്കുന്നത്. ചെക്കിന്റെ അച്ചടി, സ്റ്റോറേജ്, ഉപയോഗം കഴിഞ്ഞുള്ള നശിപ്പിക്കല്‍ എല്ലാം ചേര്‍ത്താണിത്.

ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങള്‍ക്കായി ബാങ്കുകള്‍ മുമ്പ് തന്നെ വന്‍തുക ചിലവാക്കിയിട്ടുണ്ട്. ഇതു പരമാവധി ഉപയോഗപ്പെടുത്താനാണ് മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

പൊതുമേഖലാ ബാങ്കുകളില്‍ പുതിയ സംവിധാനം വിജയകരമായി നടപ്പിലാക്കിയാല്‍ ഗ്രാമീണ ബാങ്കുകളില്‍ കൂടി പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.