എഡിറ്റര്‍
എഡിറ്റര്‍
2013 ല്‍ ഗൂഗിളില്‍ കൂടുതല്‍ പേര്‍ തിരഞ്ഞ രാഷ്ട്രീയ നേതാക്കള്‍ ഇവര്‍
എഡിറ്റര്‍
Wednesday 1st January 2014 11:10am

google-search-politicians

ന്യൂദല്‍ഹി: പോയ വര്‍ഷം വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന പല രാഷ്ട്രീയനേതാക്കളും ഉണ്ട്. എങ്കിലും ഗൂഗിളില്‍ കൂടുതല്‍ ആളുകള്‍ തിരഞ്ഞ പത്ത് രാഷ്ട്രീയനേതാക്കളുടെ വിവരങ്ങളാണ് ഗൂഗിള്‍ പുറത്തുവിട്ടിരിക്കുന്നത്.

അതില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയാണ്.

2013 ല്‍ കൂടുതല്‍ പേര്‍ ഗൂഗിളില്‍ തിരഞ്ഞെ രാഷ്ട്രീയനേതാവാണ് മോഡി. സെപ്റ്റംബറില്‍ ബി.ജെ.പി പാര്‍ട്ടി പ്രധാനമന്ത്രിയായി പ്രഖ്യാപിച്ചത് കൂടിയാണ് മോഡിയുടെ ഗ്രാഫ് ഉയര്‍ത്താന്‍ കാരണമായത്.

ഗൂഗിള്‍ സര്‍ച്ചില്‍ രണ്ടാമതെത്തിയ രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധിയാണ്. പാര്‍ലമെന്റില്‍ ഭൂനിയമ ബില്‍ എത്തിക്കാനായുള്ള സമ്മര്‍ദ്ദവും 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കുമെന്നതുമായിരുന്നു പോയ വര്‍ഷത്തെ രാഹുലിന്റെ വാര്‍ത്താ പ്രാധാന്യം.

സോണിയാ ഗാന്ധിയാണ് മൂന്നാം സ്ഥാനത്തെത്തിയ രാഷ്ട്രീയ നേതാവ്. സോണിയയുടെ ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലമെന്റ് മേശപ്പുറത്തെത്തിക്കാനുള്ള നീക്കം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഒപ്പം സോണിയയുടെ അസുഖവും പോയ വര്‍ഷത്തെ വാര്‍ത്തകളില്‍ ഒന്നായിരുന്നു.

മന്‍മോഹന്‍ സിങ്ങാണ് നാലാമതായി ഗൂഗിള്‍ സര്‍ച്ചില്‍ ഇടംപിടിച്ച വ്യക്തി. കല്‍ക്കരി ഇടപാടിലുള്ള പങ്കും ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികനെ പാക് സൈന്യം മൃഗീയമായി വധിച്ച വിഷയത്തിലുള്ള നിലപാടും ഇദ്ദേഹത്തെ വാര്‍ത്തകളില്‍ എത്തിച്ചിരുന്നു.

ജയലളിതയാണ് അഞ്ചാമതായി ഗൂഗിള്‍ സര്‍ച്ചില്‍ എത്തിയ മറ്റൊരു വ്യക്തി. അമ്മാ കാന്റീനും അമ്മാ മിനറല്‍ വാട്ടറുമായിരുന്നു ജയലളിതയെ 2013 ല്‍ പോപ്പുലറാക്കിയത്.

ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഗൂഗിളില്‍ കൂടുതല്‍ പേര്‍ തിരഞ്ഞ ആറാമത്തെ നേതാവ്. ദല്‍ഹിയില്‍ ഷീലാദീക്ഷിതിനെതിരെ മത്സരിച്ചുള്ള വിജയവും 28 സീറ്റ് നേടിയ ഇദ്ദേഹത്തിന്റെ ആം ആദ്മി പാര്‍ട്ടിയ്ക്കും വന്‍ വാര്‍ത്താപ്രാധാന്യമാണ് പോയ വര്‍ഷം ലഭിച്ചത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവാണ് ഏഴാം സ്ഥാനത്ത്. മുസാഫര്‍നഗര്‍ കലാപവും അഖിലേഷിന്റെ നിലപാടും ഇദ്ദേഹത്തെ വാര്‍ത്തകളില്‍ നിറച്ചു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് 8ാം സ്ഥാനത്തെത്തിയ നേതാവ്. ബി.ജെ.പിയുമായുള്ള 17 വര്‍ഷം നീണ്ട ബന്ധം ഉപേക്ഷിച്ച നീതീഷ് കുമാറിന്റെ ജെ.ജി.യു പാര്‍ട്ടി തീരുമാനമായിരുന്നു നിതീഷ് കുമാറിനെ പോപ്പുലറാക്കിയത്.

ദ്വിഗ് വിജയ് സിങ്ങാണ് ഗൂഗിള്‍ സെര്‍ച്ചില്‍ 9 ാം സ്ഥാനത്തെത്തിയ രാഷ്ട്രീയ നേതാവ്. ആര്‍.എസ്.എസ് തങ്ങളുടെ പ്രവര്‍ത്തകരെ ബോംബ് നിര്‍മിക്കാന്‍ പരിശീലനം നല്‍കുന്നുണ്ടെന്നതുള്‍പ്പെടെയുള്ള പ്രസ്താവനകളായിരുന്നു ദ്വിഗ്‌വിജയ് സിങ്ങിനെ വാര്‍ത്തകളില്‍ നിറച്ചത്.

മുതിര്‍ന്ന ബി.ജെ.പി നേതാവായ സുഷമാ സ്വരാജാണ് ഗൂഗിള്‍ സര്‍ച്ചില്‍ പത്താം സ്ഥാനത്തെത്തിയ രാഷ്ട്രീയ പ്രവര്‍ത്തക. അസംബ്ലി തിരഞ്ഞെടുപ്പിനായി നടത്തിയ പാര്‍ട്ടിയുടെ ക്യാമ്പയിനിങ്ങില്‍ മുമ്പിലായിരുന്നു സുഷമ.

Advertisement