ബാംഗ്ലൂര്‍:  ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്- 10 തെക്കേ അമേരിക്കയില്‍ അറ്റ്‌ലാന്റിക് തീരത്തെ ഫ്രഞ്ച് ഗയാനയിലെ ഖോറോയില്‍ നിന്നു വിജയകരമായി വിക്ഷേപിച്ചു.

പുലര്‍ച്ചെ 2.48ന് തെക്കന്‍ അമേരിക്കയിലെ യൂറോപ്യന്‍ വിക്ഷേപണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് ജിസാറ്റ് 10 ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നത്. ഏരിയന്‍ 5 റോക്കറ്റിന്റെ സഹായത്തോടെയാണ് ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയത്.

Ads By Google

30 ട്രാന്‍സ്‌പോണ്ടറുകളുള്ള ഉപഗ്രമാണ് ജിസാറ്റ്- 10. പതിനഞ്ച് വര്‍ഷത്തേയ്ക്കാണ് ഐ.എസ്.ആര്‍.ഒ ഈ ഉപഗ്രഹത്തിന് ആയുസ് നിശ്ചയിച്ചിരിക്കുന്നത്.

3400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ വിക്ഷേപണ ചെലവ് 750 കോടി രൂപയാണ്. ഇന്ത്യ നിര്‍മിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമായ ജിസാറ്റ് 10 ബാംഗ്ലൂരിലെ ഐ.എസ്.ആര്.ഒ ആസ്ഥാനത്താണ് നിര്‍മിച്ചത്.

നവംബര്‍ മാസത്തോടെ ജിസാറ്റ് 10 പ്രവര്‍ത്തനക്ഷമമാകുമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യയുടെ 101 -ാമത് ബഹിരാകാശ ദൗത്യമാണിത്.

വിക്ഷേപണം നടന്നു 30 മിനിറ്റുകള്‍ക്കകം 250 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ജി സാറ്റ് 10 എത്തി. ജി സാറ്റ് 10നൊപ്പം വിദേശ നിര്‍മിത വാര്‍ത്താവിനിമയ ഉപഗ്രഹം ആസ്ട്രാ 2എഫും വഹിച്ചുകൊണ്ടാണ് ഏരിയന്‍ 5ന്റെ യാത്ര.

ടെലി കമ്യൂണിക്കേഷനും, ഡയറക്ട് ടു ഹോം (ഡി ടി എച്ച്) സേവനവും റേഡിയൊ നാവിഗേഷനുമാണ് ജി സാറ്റ് 10ലൂടെ സാധ്യമാകുന്നത്. കൂടാതെ വ്യോമയാന ഗതാഗതത്തിനു സഹായിക്കുന്ന ജി.പി.എസ് സംവിധാനത്തിലുള്ള ജിയൊ ഓഗ്‌മെന്റഡ് നാവിഗേഷന്‍ സംവിധാനം ഗഗന്‍ പേ ലോഡും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.