സോമര്‍സെറ്റ്: രണ്ട് മാസം നീണ്ട് നില്‍ക്കുന്ന ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. സോമര്‍സെറ്റിനെതിരായ ത്രിദിന മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. നാല് ടെസ്റ്റുകളും ഒരു ട്വന്റി ട്വന്റി യും അഞ്ച് ഏകദിനങ്ങളുമുള്‍പ്പെടുന്നതാണ് പരമ്പര. പരമ്പരയ്ക്കിടെ, ഇന്ത്യ പ്രമുഖ കൗണ്ടി ടീമുകളായ നോര്‍ത്താംപ്ടണ്‍ഷയര്‍, സസെക്‌സ്, കെന്റ്, ലെസ്റ്റര്‍ഷയര്‍ എന്നിവക്കെതിരെയും മത്സരിക്കുന്നുണ്ട്. നോര്‍ത്താംപ്ടണ്‍ഷയറിനെതിരെ ത്രിദിന മത്സരവും മറ്റ് മൂന്ന് കൗണ്ടി ടീമുകള്‍ക്കെതിരെ ഏകദിന മത്സരവുമാണ് പരമ്പരയ്ക്കിടെയുള്ളത്.

ജൂലായ് 21 മുതല്‍ ലോര്‍ഡ്‌സിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ടെസ്റ്റ് ചരിത്രത്തിലെ രണ്ടായിരാമത്തെ മത്സരമെന്ന പ്രത്യേകതയും ഇതിനുണ്ട്. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്‌സില്‍ നടക്കുന്ന മത്സരത്തില്‍, ഇന്ത്യന്‍ ക്രിക്കറ്റ്‌പ്രേമികള്‍ കൊതിക്കുന്നത് വിജയത്തോടൊപ്പം മറ്റൊരു നേട്ടം കൂടിയാണ്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറി.

ടെസ്റ്റ് റാങ്കിങ്ങില്‍ ലോകത്തെ ഒന്നാം നമ്പര്‍ ടീമായ ഇന്ത്യ വിന്‍ഡീസിനെതിരെ നടന്ന കഴിഞ്ഞ ഏകദിന ടെസ്‌റ് പരമ്പരകള്‍ സ്വന്തമമാക്കിയ പകിട്ടുമായാണ് ഇംഗ്ലണ്ടിനെ നേരിടാനൊരുങ്ങുന്നത്. എന്നാല്‍ സമീപകാലത്ത് മികച്ച പ്രകടനം നടത്തിയ ടീമുകളിലൊന്നാണ് ഇംഗ്ലണ്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടാല്‍ ഇന്ത്യക്ക് ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നഷ്ടമാവും. നിലവില്‍ 125 പോയന്റോടെ ഇന്ത്യയാണ് മുന്നില്‍. 118 പോയന്റുള്ള ദക്ഷിണാഫ്രിക്ക രണ്ടാമതും 117 പോയന്റുള്ള ഇംഗ്ലണ്ട് മൂന്നാമതുമാണ്. നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനോട് 2-0 നോ 3-1 നോ പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിന് 123ഉം ഇന്ത്യയ്ക്ക് 120ഉം പോയന്റാകും. അങ്ങിനെ വരുമ്പോള്‍ റാങ്കിംഗില്‍ ഇന്ത്യ രണ്ടാമതും രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്ക മൂന്നാമതുമാവും.

ഇന്ത്യന്‍നിരയില്‍ സഹീറൊഴിച്ചുള്ള പ്രമുഖതാരങ്ങളെല്ലാം ഇന്ന് സന്നാഹമത്സരത്തിനിറങ്ങുന്നെണ്ടെന്നാണ് സൂചന. സോമര്‍സെറ്റ് നിരയില്‍ കളിക്കാനിറങ്ങുന്ന ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്‌ട്രോസിന് സഹീറിനെതിരെ കൂടുതല്‍ പരിചയം ലഭിക്കാതിരിക്കാനാണ് ഈ നീക്കമെന്നാണ് കരുതുന്നത്.