ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. യു.എസ് ഓപ്പണിലെ അവസാന ഇന്ത്യന്‍ സാന്നിദ്ധ്യമായ രോഹന്‍ ബൊപ്പണ്ണയും കൂട്ടുകാരന്‍ പാക്കിസ്താന്റെ ഐസം ഖുറേഷ്യും ചേര്‍ന്ന സംഖ്യം പുരുഷ വിഭാഗം ഡബിള്‍സ് സെമി ഫൈനലില്‍ തോറ്റ് പുറത്തായി. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ ഇന്ത്യോ-പാക്ക് ജോഡി പോളണ്ടിന്റെ മാഴ്‌സിന്‍ മറ്റ്‌കോസ്‌കി-മറിയൂസ് ഫൈര്‍സ്റ്റന്‍ബര്‍ഗ് സഖ്യത്തോടാണ് തോറ്റ് പുറത്തായത്. സ്‌കോര്‍: (6-2, 7-6(7-4))

ആദ്യ സെറ്റ് 6-2 എന്ന സ്‌കോറിന് എതിരാളികള്‍ക്ക് മുന്നില്‍ അടിയറവെച്ച ഇന്തോ-പാക്ക് ജോഡികള്‍ രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ച് വന്നങ്കെിലും എട്ടാം സീഡുകളായ പോളണ്ട് സംഖ്യം ട്രൈബേക്കറില്‍ സെറ്റും ഗെയിമും സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യം ഫൈനലിലെത്തിയ ഇന്തോ-പാക്ക് ജോഡികള്‍ ടോപ് സീഡുകളായ ബ്രെയാന്‍ സഹോദരന്മാരോടാണ് തോറ്റത്.

നേരത്തെ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ കിരീട പ്രതീക്ഷയായിരുന്ന സീനിയര്‍ താരങ്ങളായ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യത്തെ അട്ടിമറിച്ചാണ് പോളണ്ട് താരങ്ങളായ മാഴ്‌സിന്‍ മറ്റ്‌കോസ്‌കി-മറിയൂസ് ഫൈര്‍സ്റ്റന്‍ബര്‍ഗ് സഖ്യം സെമിയിലെത്തിയത്. ഇതാദ്യമായാണ് പോളിഷ് ജോഡികള്‍ ഒരു ഗ്രാന്‍സ് ലാം ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലെത്തുന്നത്. ഫൈനലില്‍ ആസ്ട്രിയയുടെ ജുര്‍ഗന്‍ മെല്‍സര്‍ , ജര്‍മ്മനിയുടെ ഫിലിപ്പ് പെറ്റ്‌സകനര്‍ സംഖ്യത്തോടാവും പോളിഷ് സംഖ്യം കിരീടത്തിനായ് മത്സരിക്കുക.