ദാവോസ്: ലോകത്ത് ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്ന രാജ്യം ഇന്ത്യയാണെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് എക്കണോമിക് ഫോറം നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.

ഇന്ത്യയ്ക്ക് മുന്നിലായി ചൈന, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും ഉണ്ട്. 132 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തില്‍ ഇന്ത്യ മുന്‍പന്തിയില്‍ എത്തിയത്.

ഏറ്റവും അവസാനത്തെ റാങ്ക് ആണ് ഇന്ത്യയ്ക്ക് ലഭിച്ചത്. എന്‍വയോണ്‍മെന്റ് പെര്‍ഫോമന്‍സ് ഇന്റക്‌സും അന്തരീക്ഷ മലിനീകരണം ആളുകളുടെ ആരോഗ്യത്തെ ബാധിക്കുന്ന കണക്കും എല്ലാം കൂടി പരിഗണിച്ചാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

ഇത് കൂടാതെ സാറ്റ്‌ലൈറ്റ് വിവരങ്ങളും സര്‍വേയ്ക്കായി പരിഗണിച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാകുന്നത് ദല്‍ഹിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മനുഷ്യ ശരീരത്തിന് ഏറ്റവും കൂടുതല്‍ ഭീഷണിയാകുന്ന വാതകങ്ങളാണ് വാഹനങ്ങളില്‍ നിന്നും അല്ലാതെയും പുറത്ത് വിടുന്നത്. ഉയര്‍ന്ന അളവിലുള്ള അന്തരീക്ഷ മലിനീകരണം കാന്‍സര്‍ വരെയുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍മൂലം മരണപ്പെടുന്ന കുട്ടികളുടെ എണ്ണവും ഇന്ത്യയില്‍ കൂടുതലാണ് ഇതിന്റെ കാരണവും മറ്റൊന്നല്ല. ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്ന 13 ശതമാനംആളുകളും കുട്ടികളാണ്.

132  രാജ്യങ്ങളെ സര്‍വേയില്‍ എടുത്തതില്‍ ഇന്ത്യയുടെ സ്ഥാനം 125 ആണ്. 120 ാമത്തെ റാങ്കിലാണ് പാക്കിസ്ഥാന്‍. 115ാമത്തെ സ്ഥാനമാണ് ബംഗ്ലാദേശിന്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളാണ് അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന ഉറവിടം. എന്നാല്‍ ചെറുനഗരങ്ങളും മലിനീകരണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല.

വര്‍ദ്ധിച്ചുവരുന്ന വാഹനങ്ങളാണ് ഇന്ത്യയില്‍ അന്തരീക്ഷ മലിനീകരണം കൂട്ടുന്നതിന് പ്രധാന പങ്ക് വഹിക്കുന്നതെന്ന് റിപ്പോര്‍ട്ട് അവതരണത്തില്‍ റോയ് ചൗദരി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഇറങ്ങുന്ന പല കാറുകളും അന്തരീക്ഷ മലിനീകരണം വലിയൊരളവില്‍ ഉണ്ടാക്കുന്നവയാണ്.

രാജ്യം വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണെന്നും ഒരു പക്ഷേ അതുകൊണ്ടായിരിക്കാം ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിലയന്‍സ് പോലുള്ള വന്‍ വ്യവസായ ശാലകളും മലിനീകരണത്തില്‍ നല്ലൊരു പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ റിപ്പോര്‍ട്ട് ഒരു മുന്നറിയിപ്പ് മാത്രമാണെന്നും പ്രശ്‌നപരിഹാരത്തിന് മാര്‍ഗം കണ്ടെത്തിയേ തീരു എന്നും അദ്ദേഹം വ്യക്തമാക്കി.
Malayalam News

Kerala News In English