ലണ്ടന്‍: ഇംഗ്ലണ്ടിലെ ഇന്ത്യയുടെ കഷ്ടകാലത്തിന് അറുതിയായില്ല. ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ്ണ പരാജയത്തിനും ഏക ടി-20 മത്സരത്തിലെയും രണ്ടാം ഏകദിന മത്സരത്തിലെയും തോല്‍വികള്‍ക്ക് പിന്നാലെ ആതിഥേയര്‍ക്കെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. ഇടക്കിടെ മഴ രസംകൊല്ലിയായെത്തിയ കെന്നിങ്ടണ്‍ ഓവലില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം.

തുടര്‍ച്ചായ മൂന്നാം ഏകദിനത്തിലും ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് എടുത്തു. തുടക്കത്തിലെ കൂട്ടതകര്‍ച്ചക്കു ശേഷം ക്യാപ്റ്റന്‍ ധോണിയും (69), രവീന്ദ്ര ജഡേജയുമാണ് (78) ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. അമ്പത്തിയെട്ട്് റണ്‍സ് എടുക്കുന്നതിനിടെ ആദ്യ അഞ്ച് വിക്കറ്റുകള്‍ ് നഷ്ടപ്പെട്ട ഇന്ത്യയെ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരുമാണ് രക്ഷിച്ചത്. ഇരുവരും ആറാം വിക്കറ്റില്‍ 112 റണ്‍സാണ് ഇന്ത്യന്‍ സ്‌കോറിനോട് കൂട്ടിച്ചേര്‍ത്തത്. ഇംഗ്ലണ്ടിനായി ആന്‍ഡേഴ്‌സണ്‍ മൂന്നു വിക്കറ്റും ബ്രസ്‌നെനൂം ബ്രോഡൂം ഓരോ വിക്കറ്റുകളുംവീഴ്ത്തി.

ഇടയ്ക്ക് മഴ വില്ലനായെത്തിയെങ്കിലും ജയിക്കാനാവശ്യമായ റണ്‍സ് 41.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ടാ മറികടക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും മികച്ച സ്‌കോര്‍ കണ്ടെത്തിയ ഓപ്പണര്‍ കീസ്വെറ്ററിന്റെയും (46 പന്തില്‍ നിന്ന് 51 റണ്‍സ്) ബൊപ്പാറയുടെയും (41 പന്തില്‍ നിന്ന് 40) മികവിലാണ് ആതിഥേയര്‍ വിജയം എത്തിപ്പിടിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി സ്പിന്നര്‍മാരായഅശ്വിന്‍ മൂന്നും രവീന്ദ്ര ജഡേജ രണ്ടു വിക്കറ്റുകളും വീഴ്ത്തി. ബാറ്റുകൊണ്ടും ബോളുകൊണ്ടും ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍.