ന്യൂദല്‍ഹി: ഭരണവിരുദ്ധ പ്രക്ഷോഭം രൂക്ഷമായ യെമനില്‍ താമസിക്കുന്ന ഇന്ത്യക്കാരോട് ഉടനേ രാജ്യംവിടാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കി. ഏതുവിധേനയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രാജ്യത്തെ നിലവിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഈയവസ്ഥയില്‍ അവിടെയുള്ള ഇന്ത്യക്കാരോട് രാജ്യംവിട്ടുപോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഔദ്യോഗിക രേഖകളനുസരിച്ച് 11000 ഓളം ഇന്ത്യക്കാര്‍ യെമനില്‍ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം വീടിനു പുറത്തിറങ്ങിയാല്‍ മതിയെന്നും ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ടു വരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.