ന്യൂദല്‍ഹി: ഇന്ത്യക്കാര്‍ അവരുടെ റിട്ടയര്‍മെന്റ് സേവിംങ്‌സ് പണമായി സൂക്ഷിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് എച്ച്.എസ്.ബി.സി.

Ads By Google

പകുതിയിലധികം ഇന്ത്യക്കാരും 55-64 വയസ്സിനുള്ളില്‍ ലഭിക്കുന്ന റിട്ടയര്‍മെന്റ് സേവിംങ്‌സ് ക്യാഷ് ഡപ്പോസിറ്റായി സൂക്ഷിക്കാന്‍ താല്‍പ്പര്യപെടുന്നവരാണെന്ന് എച്ച്.എസ്.ബി.സി സര്‍വെ റിപ്പോര്‍ട്ട് .

ആഗോളതലത്തില്‍ 21 ശതമാനം പേരും ഇതേ മനോഭാവമുള്ളവരാണെന്നും സര്‍വെ പറയുന്നു. ജനങ്ങള്‍ അവരുടെ റിട്ടയര്‍മെന്റ് പ്രായത്തില്‍ ക്യാഷ് സേവിംങ്‌സിനെയാണ് വിശ്വസിക്കുന്നത്.

55-64 വയസ്സുള്ളവരില്‍ 30 ശതമാനത്തിന്റെയും വരുമാനം റിട്ടയര്‍മെന്റ് വരുമാനത്തില്‍ നിന്നാണ്.

അറുപത്തിയേഴ് ശതമാനം ഇന്ത്യക്കാരും ആശ്വാസകരമായ റിട്ടയര്‍മെന്റ് ജീവിതത്തിനായി കരുതിയ ദീര്‍ഘകാല സേവിംങ്‌സില്‍  ആത്മവിശ്വാസമുള്ളവരാണ്. അവര്‍ തങ്ങളുടെ സാമ്പത്തിക തയ്യാറെടുപ്പുകള്‍ പര്യാപ്തമാണെന്ന് വിശ്വസിക്കുന്നു. ഇരുപത്തിയേഴ് ശതമാനം പേരും പര്യാപ്തതയ്ക്കപ്പുറമാണ് തങ്ങളുടെ സാമ്പത്തിക സ്ഥിതിയെന്നാണ് കരുതുന്നത്.

സാധാരണ 34 വയസ്സു മുതല്‍ തന്നെ  റിട്ടയര്‍മെന്റിനു ശേഷവും നിലവിലുള്ള ജീവിത നിലവാരം നിലനിര്‍ത്തുന്നതിനായുള്ള സാമ്പത്തിക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നവരാണ് ഇന്ത്യക്കാര്‍ എന്നും സര്‍വെ വ്യക്തമാക്കുന്നു.

സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന ആദ്യഘട്ടത്തില്‍ തന്നെ അധികം പേരും സേവിംങ്‌സ് നിര്‍ത്തുകയോ, കുറയ്ക്കുകയോ ചെയ്യും. എല്ലാവരും പ്രതീക്ഷിക്കുന്നത് ഈ മാന്ദ്യം ആത്യന്തികമായി കടന്നുപോകുമെന്നാണ്. പക്ഷെ ഇന്നത്തെ സാമൂഹ്യ, സാമ്പത്തിക പ്രവണത മാറ്റണമെന്നും  അപ്രതീക്ഷിതമായി സംഭവിക്കുന്ന സാമ്പത്തിക ക്ലേശങ്ങളെ മറികടക്കുന്നതിനായി കൂടി തങ്ങളുടെ പദ്ധതി ആസൂത്രണം ചെയ്യുന്നതിനായി ജനങ്ങള്‍ വ്യത്യസ്തമായി ചിന്തിക്കണമെന്നാണ് എച്ച്.എസ്.ബി.സി തലവനായ ഗണേഷ് ഭരദ്വാജ് പറയുന്നത്.

ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ റിട്ടയര്‍മെന്റ് സേവിംങ്‌സിനെ വളരെയധികം ബാധിക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം , വീടു വാങ്ങുന്നത്, കടം വീട്ടുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇത്തരം അപ്രതീക്ഷിത സംഭവങ്ങള്‍  തകിടം മറിക്കുന്നതായും ആളുകള്‍ അഭിപ്രായപ്പെട്ടുവെന്നു പഠനം പറയുന്നു.

അവധി ദിനങ്ങള്‍ക്കു വേണ്ടിയുള്ള  ഹ്രസ്വകാല സേവിംങ്‌സിന്റെയും റിട്ടയര്‍മെന്റിനു ശേഷത്തേക്കുള്ള ദീര്‍ഘകാല സേവിംങ്‌സിനെയും സംബന്ധിച്ചാണ് ഇന്ത്യക്കാര്‍ക്കിടയില്‍ എച്ച്.ബി.സി പഠനം നടത്തിയത്.

ഇതില്‍ മുപ്പത്തിയഞ്ചു ശതമാനവും തെരെഞ്ഞെടുത്തത് ഹ്രസ്വകാല സേവിംങ്‌സിനും 61 ശതമാനം പേരും റിട്ടയര്‍മെന്റിനു ശേഷം ലഭ്യമാകുന്ന ദീര്‍ഘകാല സേവിങ്‌സിനുമാണെന്ന് സര്‍വെ തെളിയിക്കുന്നതായി എച്ച്.എസ്.ബി.സി അഭിപ്രായപ്പെട്ടു.

സാമ്പത്തിക ഞെരുക്കത്തിനോടുള്ള പേടിയാണ് 49 ശതമാനം പേരെയും റിട്ടയര്‍മെന്റിനു ശേഷമുള്ള സേവിംങ്‌സ് തെരെഞ്ഞെടുക്കുന്നതിന് പിന്നില്‍.