റോം: മത്സ്യത്തൊഴിലാളികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ നാവികരെ തടവിലാക്കിയതില്‍ പ്രതിഷേധിച്ചിച്ച് ഇന്ത്യക്കെതിരെ ഇറ്റലിയില്‍ പ്രതിഷേധം ശക്തമാവുന്നു. ഇറ്റാലിയന്‍ നാവികരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന ആവശ്യം ഇറ്റലിയില്‍ ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

പ്രതിഷേധത്തിന്റെ ഭാഗമായി ഇറ്റലിയിലെ ചില യുവജനസംഘടനകള്‍ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ അടപ്പിച്ചു. സംബവത്തില്‍ ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാനായി യൂറോപ്യന്‍ യൂണിയനും രംഗത്തെത്തി. ഇതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി യൂറോപ്യന്‍ യൂണിയന്‍ വിദേശ നയ മേധാവി കാതറീന്‍ ആഷ്ടന്‍ പറഞ്ഞു.

വലതു തീവ്ര യുവജന സംഘടനയായ ‘ ഗിയോവന്തു ഇറ്റാലിയ ഇന്ത്യന്‍ റെസ്റ്റോറന്റുകള്‍ ആക്രമിക്കുമെന്ന് ഭീഷണിയും മുഴക്കിയിട്ടുണ്ട്. ഇക്കാര്യം ഗിയോവന്തു ഇറ്റാലിയയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ പറയുന്നു. റോമിലെ ഇന്ത്യന്‍ റസ്‌റ്റോറന്റുകള്‍ക്കു ചുറ്റും റിബണ്‍ കെട്ടി ഈ സംഘടന പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. ‘ ഇന്ത്യന്‍ ഉല്പനങ്ങള്‍ ബഹിഷ്‌കരിക്കുക, ഭടന്മാരെ മോചിപ്പിക്കുക എന്ന മുദ്രാവാക്യം എഴുതിയ പ്ലക്കാര്‍ഡുകളും ഇവര്‍ പ്രദര്‍ശിപ്പിച്ചു. പരിഭ്രാന്തരായ റസ്‌റ്റോറന്റ് ഉടമകളില്‍ ചിലര്‍ രാജ്യത്തെ പല ഭാഗത്തും താല്‍ക്കാലികമായി കടകള്‍ അടച്ചു.

ഇറ്റലിയിലെ പ്രമുഖ പത്രങ്ങളെല്ലാം ഭടന്മാരെ ജയിലിലാക്കിയ ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് വാര്‍ത്തകള്‍ കൊടുക്കുന്നത്. നാവികരുടെ മോചനം ആവശ്യപ്പെട്ട് ഇറ്റലിയിലെ ദേശീയ രാഷ്ട്രീയ പാര്‍ട്ടി ലാസെന്‍ട്രയുടെ യുവജന വിഭാഗം ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ പ്രകടനം നടത്തിയിരുന്നു.

നാവികരെ പൂജപ്പുര ജയിലില്‍ ബലം പ്രയോഗിച്ച് കയറ്റിയ വാര്‍ത്ത ഇറ്റാലിയന്‍ പത്രങ്ങളില്‍ വന്നതോടെയാണ് പ്രതിഷേധം ശക്തമായത്. ഇതിന് പിന്നാലെ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇറ്റിലിയിലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. വെടിവെപ്പ് നടന്നത് അന്താരാഷ്ട്ര അതിര്‍ത്തിയിലാണെന്നും അതിനാല്‍ ഇറ്റാലിയന്‍ നാവികരെ ഇറ്റലിയിലെ കോടതിയിലാണ് വിചാരണ ചെയ്യേണ്ടതെന്നുമാണ് ഇറ്റലിയുടെ നിലപാട്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാവാതെ നില്‍ക്കുകയായിരുന്നു.

Malayalam news

Kerala news in English