ന്യൂദല്‍ഹി: പത്തുമാസത്തോളമായി സൊമാലിയന്‍ കടല്‍കൊള്ളക്കാരുടെ പിടിയില്‍ കഴിയുകയായിരുന്ന ചരക്കു കപ്പലിലെ ആറ് ഇന്ത്യന്‍ നാവികര്‍ ദല്‍ഹിയില്‍ തിരിച്ചെത്തി. എം.വി സൂയിസ് എന്ന ഈജിപ്ഷ്യന്‍ ചരക്കു കപ്പലിലെ നാവികരാണ് തിരിച്ചെത്തിയത്. പാക്ക് സന്നദ്ധ സംഘടന അന്‍സാര്‍ ബര്‍ണി കഴിഞ്ഞ ആഴ്ച 2.1 ലക്ഷം ഡോളര്‍ മോചന ദ്രവ്യം നല്‍കിയതിനെ തുടര്‍ന്നാണ് ഇവരെ വിട്ടയയ്ക്കാന്‍ കടല്‍ കൊള്ളക്കാര്‍ തയാറായത്. ഇവരുടെ മോചനം സാധ്യമാക്കിയതിനു പാക്കിസ്ഥാനെ ഇന്ത്യ അനുമോദനം അറിയിച്ചു.

നാലു പാക്കിസ്ഥാന്‍കാരുള്‍പ്പെടെ 22 ജീവനക്കാരാണു കപ്പലിലുണ്ടായിരുന്നത്. ഇന്ത്യക്കാരെ കൂടാതെ 11 ഈജിപ്തുകാരും ഒരു ശ്രീലങ്കക്കാരനുമാണ് കപ്പലിലെ മറ്റംഗങ്ങള്‍. തുടര്‍ന്ന് ഇവരെ ഇന്നലെ പാക്ക് നാവിക കപ്പലായ പിഎന്‍എസ് സുള്‍ഫിക്കര്‍ സുരക്ഷിതരായി കറാച്ചി തുറമുഖത്ത് എത്തിക്കുകയായിരുന്നു.

പാക്ക് നാവിക സേനയുടെ അവസരോചിതമായ ഇടപെടലിനെ അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം, ലോകമെമ്പാടുമുള്ള അഞ്ഞൂറോളം നാവികര്‍ ഇപ്പോഴും സൊമാലിയന്‍ കടല്‍കൊള്ളക്കാരുടെ പിടിയിലുണ്ടെന്നും ഇവരെ രക്ഷപെടുത്താന്‍ കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.