വാഷിങ്ടണ്‍: യു.എസ് ഭരിക്കുന്നത് ഇന്ത്യക്കാരാണെന്ന് പറയേണ്ട സാഹചര്യമാണ് ഇപ്പോള്‍. ഭരണരംഗത്തെ നിര്‍ണായക പദവിയിലെല്ലാം പ്രസിഡന്റ് ബറാക് ഒബാമ നിയമിക്കുന്നത് ഇന്ത്യക്കാരെയാണ്.

Ads By Google

ഉന്നതതലത്തിലുള്ള നിയമനങ്ങള്‍ ഏതാണ്ട് അന്‍പതിനടുത്തെത്തിയെന്നാണ് അറിയാന്‍ കഴിയുന്നത്. ഉന്നത തലത്തിലേക്കുള്ള നിയമനങ്ങളില്‍ ഇന്ത്യക്കാരെ പരിഗണിക്കുന്നു എന്നത് തന്നെ ഇന്ത്യക്കാരുടെ നേതൃപാഠവവും മികവും അമേരിക്ക അംഗീകരിക്കുന്നതിന് തെളിവാണ്.

യു.എസിലെ ജനസംഖ്യയില്‍ കഷ്ടിച്ച് ഒരു ശതമാനം മാത്രമാണ് ഇന്ത്യക്കാരുടെ സ്ഥാനം. എന്നിട്ടുകൂടി ഭരണത്തെ നിയന്ത്രിക്കുന്ന തരത്തിലുള്ള പദവി വഹിക്കാന്‍ ഇന്ത്യക്കാരെ അമേരിക്ക തിരഞ്ഞെടുക്കുന്നത് തന്നെ ഇന്ത്യയെ സംബന്ധിച്ച് വലിയൊരു നേട്ടമായി കാണാം.

യു.എസ് ഭരണകൂടത്തില്‍ ഇന്ത്യക്കാര്‍ തലപ്പത്തില്ലാത്ത ഒരു വകുപ്പും ഇല്ലെന്ന് തന്നെ പറയേണ്ടി വരും. അമേരിക്കന്‍ പ്രസിഡന്റിന്റെ വൈറ്റ് ഹൗസ് മുതല്‍ വിദേശം, വാണിജ്യം, പ്രതിരോധം ധനകാര്യം തുടങ്ങിയ വകുപ്പുകളിലെല്ലാം നിര്‍ണായക പദവികളില്‍ ഇന്ത്യക്കാരുണ്ട്.

റൊണാള്‍ഡ് റെയ്ഗന്റെ ഭരണകാലത്താണ് ആദ്യ ഇന്ത്യന്‍ വംശജന്‍ ഭരണത്തിന്റെ തലപ്പത്ത് നിയമിക്കപ്പെട്ടത്. 1987 ല്‍ ഈക്വല്‍ എംപ്ലോയ്‌മെന്റ് ഓപ്പര്‍ചുനിറ്റീസ് കമ്മീഷനിലേക്ക് ജോയ് ചെറിയാനെ നിയമിച്ചു. 1990 മുതല്‍ 94 വരെ അദ്ദേഹം ആ പദവി വഹിച്ചു.

പിന്നീട് യു.എസ് പ്രസിഡന്റിന്റെ ഉപദേശക സമിതിയുടെ എക്‌സിക്യുട്ടീവ് ഡയരക്ടറായി 1990 ല്‍ ശംഭു ബാനിക് എന്ന മനശാസ്ത്രഞ്ജന്‍ നിയമിതനായി. അതിന് ശേഷം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബറാക് ഒബാമ അധികാരത്തിലേറിയതിന് ശേഷമാണ് ഇന്ത്യക്കാര്‍ ഭരണരംഗത്തെ നിര്‍ണായക പദവികള്‍ വഹിക്കാന്‍ തുടങ്ങിയത്.