ന്യൂദല്‍ഹി: വിദേശബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് 25 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഉള്ളതായി സി.ബി.ഐ. വിദേശബാങ്കുകളിലെ ഏറ്റവും വലിയ നിക്ഷേപകര്‍ ഇന്ത്യക്കാരാണെന്നും സി.ബി.ഐ ഡയരക്ടര്‍ അംബര്‍ പ്രതാപ് സിങ് വ്യക്തമാക്കി.

അന്താരാഷ്ട്ര അന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ ആഗോള അഴിമതി വിരുദ്ധ പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൗറീഷ്യസ്,സ്വിറ്റ്‌സര്‍ലന്റ് ,ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് ഈ നിക്ഷേപം.

സുതാര്യത സംബന്ധിച്ച് ഒരു അന്താരാഷ്ട്ര സൂചികയുണ്ട്. അഴിമതി ഏറ്റവും കുറഞ്ഞ രാജ്യങ്ങളെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതില്‍ പകുതി രാജ്യങ്ങളിലേക്കാണ് അഴിമതി പണം നിക്ഷേപമായി പോകുന്നതെന്ന് സി.ബി.ഐ ഡയരക്ടര്‍ പറഞ്ഞു. 2 ജി ,കോമണ്‍വെല്‍ത്ത് ഗെയിംസ് തുടങ്ങി അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ച കേസുകളില്‍ ദുബായ് സിംഗപ്പൂര്‍ മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നും പണം പോയതായി കണ്ടെത്തിയിട്ടുണ്ട്.

സ്വിസ് ബാങ്കുകളിലെ അധികനിക്ഷേപകരും ഇന്ത്യക്കാരാണെന്ന് വ്യക്തമായ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായും സി.ബി.ഐ വ്യക്തമാക്കി. ഇത്തരം അനധികൃത ഇടപാടുകള്‍ സംബന്ധിച്ച് വിവരം ലഭിക്കുക പ്രയാസമേറിയ കാര്യമാണ്. ഇത് കണ്ടെത്താനും മരവിപ്പിക്കാനും പണം പിടിച്ചെടുക്കാനും അത്ര പെട്ടന്ന് കഴിയില്ല. അതിന് പണം നിക്ഷേപിക്കുന്ന രാജ്യങ്ങള്‍ വിവരം കൈമാറാന്‍ തയ്യാറാവുക കൂടി വേണം. ഭാഷയുടെ പ്രശ്‌നവും വിശ്വാസക്കുറവുമെല്ലാം ഇതിന് കാരണമാകുന്നുണ്ട്.

ഇത്തരം രാജ്യങ്ങളെ സംബന്ധിച്ച് ഈ പണമൊഴുക്ക് പ്രധാനമാണെന്നും ഈ പണവരവുകൊണ്ടാണ് അവരുടെ സമ്പദ്ഘടന വളരുന്നതെന്നും സിങ് വ്യക്തമാക്കി. കള്ളപ്പണം കേന്ദ്രീകരിക്കുന്ന 53 ശതമാനം രാജ്യങ്ങളും അഴിമതി രഹിതമാണ്. ന്യൂസിലന്റും സിംഗപ്പൂരും സ്വിറ്റ്‌സര്‍ലന്റു ഇക്കൂട്ടത്തില്‍ പെടുമെന്നും അദ്ദേഹം പറഞ്ഞു.

Malayalam News

Kerala News In English