ബാങ്കോക്ക്: ഇന്ത്യക്കാര്‍ക്ക് അധികം പരിചിതമല്ലാത്ത ഐസ് ഹോക്കിയില്‍ ചരിത്ര വിജയം നേടി ഇന്ത്യയുടെ വനിതാ ഹോക്കി ടീം. ഐസ് കൊണ്ട് ഒരുക്കിയ മൈതാനത്ത് നടക്കുന്ന ഹോക്കിയാണ് ഐസ് ഹോക്കി എന്ന് അറിയപ്പെടുന്നത്. തായ്‌ലാന്‍ഡില്‍ നടന്ന ചലഞ്ച് കപ്പ് ഓഫ് ഏഷ്യ ടൂര്‍ണമെന്റിലാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ തങ്ങളുടെ ആദ്യ അന്താരാഷ്ട്രവിജയം നേടിയത്. ഐസ് ഹോക്കിയിലെ ശക്തരായ ഫിലിപ്പീന്‍സ് ടീമിനെയാണ് ഇന്ത്യ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് അട്ടിമറിച്ചത്.

Subscribe Us:

കടുത്ത അവഗണനകള്‍ താണ്ടിയാണ് ഈ നേട്ടം കൈവരിച്ചത് എന്നതുകൊണ്ട് ഈ വിജയത്തിന് മാറ്റ് ഏറുന്നു. കഴിഞ്ഞ വര്‍ഷം മാത്രമാണ് ഇവര്‍ ഐസ് ഹോക്കിയില്‍ അരങ്ങേറിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ 39 ഗോളുകള്‍ക്ക് തോറ്റ് മടങ്ങുകയായിരുന്നു വിധി. തിരിച്ചെത്തിയ ഇവര്‍ക്ക് സഹായവാഗ്ദാനം നല്‍കിയത് 3000ത്തോളം പേരാണ്. ഇവര്‍ ചേര്‍ന്ന് പിരിച്ചെടുത്ത 32 ലക്ഷം രൂപ കൊണ്ട് വിദേശത്ത് പോയാണ് ടീം പരിശീലനം നടത്തിയത്.

കഠിനമായ പരിശീലനമാണ് വിദേശത്ത് ഇവര്‍ നടത്തിയത്. അതുകൊണ്ട് തന്നെ അര്‍ഹിച്ച വിജയമാണ് ഇവര്‍ കൈവരിച്ചത്. ആദ്യ മത്സരത്തില്‍ യു.എ.ഇയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ ശേഷമാണ് ഇന്ത്യന്‍ വനിതകള്‍ തിരിച്ചു വരവ് നടത്തിയത്.

ഇന്ത്യയില്‍ ലഡാക്കിലാണ് ഐസ് ഹോക്കി കൂടുതലായി കളിക്കുന്നതും പരിശീലനം നടക്കുന്നതും. ഫണ്ടിന്റേയും പരിശീലനത്തിന്റേയുമെല്ലാം കാര്യത്തില്‍ വളരെ ബുദ്ധിമുട്ടുകയാണ് ഇന്ത്യയുടെ പുരുഷ-വനിതാ ഹോക്കി ടീമുകള്‍. ഈ വിജയത്തോടെ ടീമുകള്‍ക്ക് സര്‍ക്കാറിന്റെ മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Also Read: ‘ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് ഇനി ഹൈന്ദവ സഹോദരങ്ങള്‍’; അങ്കമാലി ഡയറീസിന് വര്‍ഗീയ നിരൂപണമെഴുതിയ ജനം ടി.വിയെ ട്രോളി സോഷ്യല്‍ മീഡിയ