ജോഹന്നാസ്ബര്‍ഗ്: ഏകദിന പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ ടി-20 പരമ്പരയിലും ഇന്ത്യന്‍ വനിതാ ടീമിന് വിജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 164 റണ്‍സ് ഇന്ത്യ ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ മിതാലിരാജ് അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ ഓപ്പണര്‍ സ്മൃതി മന്ദാന 15 പന്തില്‍ 28 റണ്‍സെടുത്തു. ജെന്നി റോഡ്രിഗസ് 27 പന്തില്‍ നാലു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 37 റണ്‍സെടുത്തു.

Subscribe Us:

മിതാലി 48 പന്തുകളില്‍ നിന്ന് ആറു ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ 54 റണ്‍സെടുത്തും വേദ കൃഷ്ണമൂര്‍ത്തി 22 പന്തില്‍ മൂന്നു വീതം ബൗണ്ടറിയും സിക്‌സും പായിച്ച് വേദ 37 റണ്‍സോടെയും പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ആതിഥേയര്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. 38 റണ്‍സെടുത്ത ഡി വാന്‍ നീകേര്‍ക്കാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഏഴു പന്തില്‍ നാലു സിക്‌സും രണ്ടു ബൗണ്ടറിയും ഉള്‍പ്പെടെ 32 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ട്രിയോണിന്റെ ഇന്നിങ്‌സും ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സില്‍ ശ്രദ്ധേയമായി. ഇന്ത്യയ്ക്കായി അനൂജ പട്ടേല്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.