ന്യൂദല്‍ഹി: അങ്ങനെ ആ ദിവസവും വന്നെത്തി. നാലുവര്‍ഷം മുന്‍പ് ഒളിംപിക്‌സിനു യോഗ്യത നേടാനാവാതെ പുറത്തായതിന്റെ വേദനയും നാണക്കേടും മറന്ന്  2012 ലെ ലണ്ടന്‍ ഒളിംപിക്‌സിലേക്ക്  ഇന്ത്യന്‍ പുരുഷഹോക്കി ടീം തിരിച്ചെത്തി.

മേജര്‍ ധ്യാന്‍ ചന്ദ് സ്‌റ്റേഡിയത്തില്‍ നടന്ന നിര്‍ണയ പോരാട്ടത്തിന്റെ ഫൈനലില്‍ ഫ്രാന്‍സിനെ ഒന്നിനെതിരെ എട്ടുഗോളുകള്‍ക്ക് മുട്ടുകുത്തിച്ചാണ് ഇന്ത്യന്‍ ടീം വിജയം കണ്ടത്. ടൂര്‍ണമെന്റിലുടനീളം അപാരഫോമില്‍ ഗോളുകള്‍ അടിച്ചുകൂട്ടിയ സന്ദീപ് സിങ് ഫൈനലില്‍ അഞ്ചുഗോളുകളുമായി കേമനായി. ചാമ്പ്യന്‍ഷിപ്പില്‍ മൊത്തം 16 ഗോളുകളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ സമ്പാദ്യം. ബിരേന്ദ്ര ലക്ര, എസ്.വി. സുനില്‍, വി.ആര്‍. രഘുനാഥ് എന്നിവര്‍ മറ്റു ഗോളുകള്‍ നേടി.

ഇന്ത്യയെ പിടിച്ചുകെട്ടാന്‍ ഫ്രാന്‍സ് ഒന്നടങ്കം ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ആദ്യ മിനിറ്റുകളില്‍ ഫ്രഞ്ച് ഗോള്‍മുഖത്ത് ഇരുടീമിന്റേയും തകര്‍പ്പന്‍ കളി. മൂന്നാം മിനിറ്റില്‍ ഇന്ത്യയ്ക്കു പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചതോടെ ഇന്ത്യയ്ക്ക് പ്രതീക്ഷയായി പക്ഷേ  സന്ദീപിനു പിഴച്ചത്തോടെ പെനല്‍റ്റി നഷ്ടമായി.

പതിനേഴാം മിനിറ്റില്‍ പക്ഷേ,  മധ്യനിരയില്‍ നിന്നു പാസ് വാങ്ങി, വട്ടം ചുറ്റി ബിരേന്ദ്ര ലക്രയുടെ തകര്‍പ്പന്‍ ഷോട്ട് ഗോളില്‍കലാശിച്ചു(1-0). സ്‌റ്റേഡിയം പ്രകമ്പനം കൊണ്ട നിമിഷം,  തൊട്ടടുത്ത മിനിറ്റില്‍ ഇടതു മൂലയില്‍ നിന്നുള്ള പാസിലേക്കു തെന്നിയെത്തി ശിവേന്ദ്ര സിങ് കോരിയിട്ട പന്ത് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ ഗോളിനു പുറത്തേക്ക്. അടുത്ത നിമിഷം, ശിവേന്ദ്ര സിങ്ങിനെ ഫൗള്‍ ചെയ്തതിനു ലഭിച്ച പെനല്‍റ്റി കോര്‍ണറില്‍ നിന്നു ഫ്രഞ്ച് പോസ്റ്റിന്റെ വലതുമൂലയിലേക്കു സന്ദീപിന്റെ മികച്ച  ഷോട്ട് (2 -0).

ഇരുപത്തിനാലാം മിനിറ്റില്‍ ഫ്രാന്‍സ് താരം സൈമണ്‍ മാര്‍ട്ടിന്‍ അടിച്ച ലോങ്‌റേഞ്ചര്‍ ഇന്ത്യന്‍ പ്രരോധത്തെയും ഗോളി പി.ആര്‍. ശ്രീജേഷിനെയും കടന്ന് ഗോളിലേക്കു കയറി (2-1). തൊട്ടുപിന്നാലെ ഇന്ത്യയുടെ പ്രത്യാക്രമണം. ഇരുപത്തിയാറാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി കോര്‍ണറില്‍ നിന്നു മിന്നും ഗോള്‍ നേടി (3 -1). ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ഫ്രാന്‍സ് മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും എല്ലാം ഇന്ത്യ തടഞ്ഞു.

രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്നു വീണ്ടും  ഇന്ത്യയ്ക്ക് നാലാം ഗോള്‍(4-1),ഇത് സന്ദീപിന്റെ ഹാട്രികായിരുന്നു. പിന്നാലെ ഫ്രാന്‍സിന്റെ പ്രത്യാക്രമണം. തുടരെ നാലു പെനല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഒന്നും നടന്നില്ല. പിന്നാലെയുള്ള ആക്രമണത്തിനൊടുവില്‍ എസ്.വി.സുനിലിന്റെ അഞ്ചാം ഗോള്‍(5 -1) നേടി.

പിന്നീട് വന്ന സന്ദീപിന്റെ രണ്ടുഷോട്ടുകളും ഗോള്‍. ഇതോടെ ഇന്ത്യ(7 -1)ന് ബഹുദൂരം മുന്നിലെത്തിയിരുന്നു.കളി അവസാനിക്കാന്‍ പത്തുമിനുട്ട് ബാക്കി നില്‍ക്കേ ഇന്ത്യയ്ക്കു പിന്നെയും  പെനല്‍റ്റി കോര്‍ണര്‍. ഇത്തവണ വി.ആര്‍.രഘുനാഥിന്റെ വകയായിരുന്നു ഷോട്ട് (8-1). ഇതോടെ ഇന്ത്യയുടെ ഫൈനല്‍ സ്വപ്‌ന സാഫലമായി.

Malayalam news

Kerala news in English