ന്യൂദല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ 70-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പതിനഞ്ചാമത് നെഹ്‌റു കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ഇന്ന് ഇന്ത്യ സിറിയയെ നേരിടും. രാത്രി ഏഴ് മണിക്കാണ് മത്സരം.

Ads By Google

ആഫ്രിക്കന്‍ കരുത്തരായ കാമറൂണ്‍, സാഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ സെമിഫൈനലിസ്റ്റുകളായ മാലദ്വീപ്, നേപ്പാള്‍ എന്നിവരാണ്‌ ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍.

ഹോളണ്ടുകാരനായ കോച്ച് വിം കോവര്‍മാന്‍സ് പരിശീലകസ്ഥാനം ഏറ്റെടുത്തശേഷം ഇന്ത്യ പങ്കെടുക്കുന്ന ആദ്യ ടൂര്‍ണമെന്റാണ്‌ നെഹ്‌റു കപ്പ്.

ബ്രിട്ടീഷ് കോച്ച് ബോബ് ഹൂട്ടന്റെ ശിക്ഷണത്തിലാണ് കഴിഞ്ഞ രണ്ട് നെഹ്‌റു കപ്പുകളിലും ഇന്ത്യ കിരീടം ചൂടിയത്. നെഹ്‌റു കപ്പില്‍ ഹാട്രിക് കിരീടം നേടുന്നതിന് ഇന്ത്യയ്ക്കുമുന്നില്‍ കടമ്പകളേറെയുണ്ട്. ഫിഫാ റാങ്കിങ്ങില്‍ ഏറ്റവും പിന്നിലാണ് ടീം (168). ഇന്നത്തെ എതിരാളികളായ സിറിയ പട്ടികയില്‍ 147-ാം സ്ഥാനത്താണ്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളില്‍ ഏറ്റവും മോശം റാങ്കുള്ള ടീമും ഇന്ത്യ തന്നെ. കഴിഞ്ഞ രണ്ട്‌ നെഹ്‌റു കപ്പുകളിലെ കിരീട വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ബൈചുങ് ബൂട്ടിയ, ക്ലൈമാക്‌സ് ലോറന്‍സ്, റെനഡി സിങ്, മഹേഷ് ഗാവ്‌ലി എന്നിവര്‍ വിരമിച്ചതും ടീമിന് തിരിച്ചടിയാണ്.

മുന്നേറ്റനിരയിലെ പുതിയ പ്രതീക്ഷയായ ജെ.ജെ ലാല്‍പക്വയെ പരിക്കുമൂലം ടീമിലുള്‍പ്പെടുത്താനാവാത്തത് മറ്റൊരു തിരിച്ചടിയായി. ഇങ്ങനെയൊക്കെയാണെങ്കിലും ക്യാപ്റ്റന്‍ ഛേത്രിയുടെ പിന്‍ബലത്തില്‍ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാമെന്ന പ്രതീക്ഷയിലാണ് ടീം.