sports desk /

ന്യൂദല്‍ഹി: രാജ്യത്തെ കായികസംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം കടുത്ത വാക്‌പോരാട്ടത്തിലേക്ക് നീങ്ങുന്നു. കാലിനു ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുമെന്ന സ്ഥിതിയിലാണ് എല്ലാ നേതാക്കളും രംഗത്തെത്തിയിരിക്കുന്നത്.

ഇതില്‍ രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസമില്ല എന്നതാണ് രസകരമായ വസ്തുത. ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് വി കെ മല്‍ഹോത്ര മുതല്‍ കോണ്‍ഗ്രസ് എം പിയും കോമണ്‍വെല്‍ത്ത് ഗെയിംസ് വിവാദനായകനായ സുരേഷ് കല്‍മാഡിയും വരെ അക്കൂട്ടത്തില്‍പ്പെടും.

ദേശീയ കായിക നയം നടപ്പാക്കണമെന്ന് ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്രം ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് 70 വയസിലധികം പ്രായമുള്ളവര്‍ ദേശീയ കായികസംഘടനകളുടെ തലപ്പത്തേക്ക് മല്‍സരിക്കാന്‍ പാടില്ല. കൂടാതെ 12 വര്‍ഷത്തിലധികം സംഘടനകളുടെ തലവന്‍മാരായി ഇരിക്കാനും പാടില്ല.

സംഘടനകളുടെ സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം ഈരണ്ടു പദവികളിലേക്കും തുടര്‍ച്ചയായി രണ്ടുതവണയില്‍ കൂടുതല്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യരുത്.

കായികസംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും അഴിമതി, സ്വജനപക്ഷപാതം എന്നിവ ഇല്ലാതാക്കാനും ഉദ്ദേശിച്ചുള്ളതാണ് നീക്കം. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.

പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് 70 വയസിനു ശേഷവും അധികാരം കൈയ്യാളാമെങ്കില്‍ തങ്ങള്‍ക്ക് എന്തുകൊണ്ടാ ആയിക്കൂടാ എന്നാണ് സംഘടനകളുടെ ‘തലതൊട്ടപ്പന്‍മാര്‍’ ചോദിക്കുന്നത്. മുതിര്‍ന്ന ബി ജെ പി നേതാവും ഇന്ത്യന്‍ അമ്പെയ്ത്ത് അസോസിയേഷന്‍ പ്രസിഡന്റുമായ വിജയ് കുമാര്‍ മല്‍ഹോത്രയാണ് വാദവുമായി രാഷ്ട്രീയകളത്തിലിറങ്ങിയിരിക്കുന്നത്.

പ്രധാനമന്ത്രിമാരോ, മുഖ്യമന്ത്രിമാരോ ഏതുപ്രായംവരെ അധികാരത്തിലിരിക്കാം എന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഈ സ്ഥിതിക്ക് സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് മാത്രം നിയമം ബാധകമാക്കുന്നത് അനീതിയാണെന്നാണ് മല്‍ഹോത്ര അഭിപ്രായപ്പെടുന്നത്.

രാജ്യത്തെ 62 കായികസംഘടനകളില്‍ 24 എണ്ണത്തിലെയും മേധാവികള്‍ വര്‍ഷങ്ങളായി അധികാരം കൈയ്യാളുന്നുണ്ട് എന്നതാണ് രസകരമായ വസ്തുത. അത്‌ലറ്റിക്‌സ്, ടെന്നിസ്, ബോക്‌സിംഗ്, അമ്പെയ്ത്ത് തുടങ്ങി പല സംഘടനകളുടേയും ഉന്നതസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രമുഖരാണ് വര്‍ഷങ്ങളായി വിരാജിക്കുന്നത്.

ഇനി ബഹുമാന്യരായ ഇത്തരം നേതാക്കളുടെ കാലാവധികൂടി കേട്ടാല്‍ കാര്യങ്ങളുടെ കിടപ്പ് വ്യക്തമാകും. ഇന്ത്യന്‍ അമ്പെയ്ത്ത് ഫെഡറേഷന്‍ പ്രസിഡന്റും ബി ജെ പി നേതാവുമായ വിനോദ് കുമാര്‍ മല്‍ഹോത്ര തുടര്‍ച്ചയായ 31 ാം വര്‍ഷമാണ് ഈ പദവിയിലിരിക്കുന്നത്.

എയ്‌റോ ക്ലബ് പ്രസിഡന്റ് ക്യാപ്റ്റന്‍ സതീഷ് ശര്‍മക്കാണ് രണ്ടാം സ്ഥാനം. ഇദ്ദേഹം 24 വര്‍ഷമായി സ്ഥാനത്ത് തുടരുകയാണ്. 23 വര്‍ഷമായി രണ്‍ധീര്‍ സിംഗ് ആണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത്.

15 വര്‍ഷം ഇതേ സംഘടനയുടെ തന്നെ പ്രസിഡന്റ് എന്ന നേട്ടവുമായി സുരേഷ് കല്‍മാഡി തൊട്ടുപിന്നല്‍ തന്നെയുണ്ട്. ദേശീയ സൈക്ലിംഗ് ഫെഡറേഷന്റെ പ്രസിഡന്റായ സുഖ്‌ദേവ് സിംഗ് ദിന്‍സ ഈ പദവിയില്‍തുടരാന്‍ തുടങ്ങിട്ട് 14 വര്‍ഷമായി. ആര് ചോദിക്കാന്‍, ആര് പറയാന്‍!

കാലങ്ങളായി തങ്ങള്‍ക്ക് ലഭിച്ചിരുന്ന അധികാരവും സ്ഥാനമാനങ്ങളും സാമ്പത്തിക ലാഭവും അവസാനിക്കാന്‍ പോകുന്നുവെന്ന വെളിപാടാണ് ഇവരെ വിറളിപിടിപ്പിച്ചിരിക്കുന്നത്.