എഡിറ്റര്‍
എഡിറ്റര്‍
ഷൂട്ടിങ് പരിശീലക സ്ഥാനത്ത് നിന്നും സണ്ണി തോമസ് വിരമിക്കുന്നു
എഡിറ്റര്‍
Wednesday 8th August 2012 11:53am

ന്യൂദല്‍ഹി:  ഇന്ത്യന്‍ ഷൂട്ടിങ് പരിശീലക സ്ഥാനത്ത് നിന്നും വിരമിക്കുകയാണെന്ന്‌ സണ്ണി തോമസ്. 19 വര്‍ഷമായി ദേശീയ ടീമിന്റെ പരിശീലകനായിരുന്നെന്നും ഇനി വിശ്രമിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ലണ്ടനില്‍ നിന്നും ദല്‍ഹിയിലെത്തിയ സണ്ണി തോമസ് മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഷൂട്ടിങ് തന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. അതുകൊണ്ട് തന്നെ ആ രംഗത്തോട് വിടപറയാന്‍ കഴിയില്ല. കാലാവസ്ഥ പ്രതികൂലം അല്ലാതിരുന്നെങ്കില്‍ ഇന്ത്യയ്ക്ക്‌ ലണ്ടനില്‍ കൂടുതല്‍ മെഡല്‍ നേടാനാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ലണ്ടനില്‍ സ്വര്‍ണം നേടാതെ പോയതില്‍ നിരാശയില്ല. ഇത്തവണ രണ്ട് മെഡലുകള്‍ കിട്ടിയതില്‍ താന്‍ പൂര്‍ണ്ണ സംതൃപ്തനാണ്. മറ്റ് മത്സരങ്ങളിലേതില്‍ നിന്നും ഷൂട്ടിങ് ഏറെ വ്യത്യസ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെയും സണ്ണി തോമസ് വിരമിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും കായികമന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ലണ്ടന്‍ ഒളിമ്പിക്‌സ് വരെ തുടരുകയായിരുന്നു.

ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയതോടെയാണ് മലയാളി കൂടിയായ സണ്ണി തോമസ് പരിശീലകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Advertisement