ദുബൈ: 2009ല്‍ ദുബൈയില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ട കേസില്‍ പഞ്ചാബ് സ്വദേശിക്ക് വധശിക്ഷ. മദ്യപാനകേന്ദ്രത്തിലുണ്ടായ കൊലപാതകത്തില്‍ പ്രതിയായ പഞ്ചാബുകാരന്‍ മേജര്‍സിങ്ങിനാണ് വധശിക്ഷ. ഒരു പാകിസ്ഥാനിയടക്കം 11 ഇന്ത്യക്കാരെ ജീവപര്യന്തം തടവിനും ദുബൈ കോടതി ശിക്ഷിച്ചു. മനപ്പൂര്‍വ്വമുള്ള കൊലപാതകം, അനധികൃത മദ്യപാനം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍.

സുഖ്ജിത്ത് സിങ്, രാകേഷ്‌കുമാര്‍, സുഖ്‌വിന്ദര്‍സിങ്, സുര്‍ജിത് സിങ്, മഞ്ജിത് സിങ്, രശ്പാല്‍ സിങ്, ബല്‍വീന്ദര്‍ സിങ്, അമര്‍ജിത്ത് സിങ്, സുരീന്ദര്‍സിങ്, ബല്‍വീന്ദര്‍സിങ്, സരബ്ജിത് സിങ്, പാകിസ്ഥാനി സ്വദേശി മുഹമ്മദ് റഫാത്ത് എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ലഭിച്ചത്.

വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതികളുടെ ബന്ധുക്കള്‍ അറിയിച്ചതായി ദുബൈയിലെ ഹോട്ടല്‍ ഉടമ എസ്.പി സിങ് ഒബ്രോയ് അറിയിച്ചു. ജബല്‍ അലി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കേസിലെ വിചാരണ ഡിസംബര്‍ ആറിന് പൂര്‍ത്തിയായിരുന്നു.