മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. സെന്‍സെക്‌സ് 444.63 പോയന്റിടിഞ്ഞ് 16422.34 പോയന്റിലും നിഫ്റ്റി 139.45 പോയന്റ് ഇടിവോടെ 4920.00 പോയന്റുമാണ് ഉച്ചയ്ക്ക് 1.20ന്. ജൂലൈയില്‍ വ്യാവസായിക ഉത്പാദനം കുറഞ്ഞതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ആഗോള സാമ്പത്തിക രംഗത്ത് തുടരുന്ന പ്രശ്‌നങ്ങളെ കരുതിയുള്ള ആശങ്കകളുമാണ് സൂചികകളിലെ കൂടുതല്‍ നഷ്ടത്തിലാക്കിയിരിക്കുന്നത്.

16,668.25 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 16,410.12 പോയന്റിലേക്കും 4981.70 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 4915.35 പോയന്റിലേക്കും താഴ്ന്നിരുന്നു. ഏകദേശം എല്ലാ മേഖലകളിലും നഷ്ടം പ്രകടമായി. മുന്‍നിര ഓഹരികളില്‍ എച്ച്.സി.എല്‍ ടെക്, ടാറ്റാ മോട്ടോഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍, ഹിന്‍ഡാല്‍ക്കോ, ഇന്‍ഫോസിസ്, ജയപ്രകാശ് അസോസിയേറ്റ്‌സ്, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ 35 ശതമാനം നഷ്ടം നേരിട്ടു. സിപ്ല, ഒ.എന്‍.ജി.സി, അംബുജ സിമന്റ്‌സ്, ഗ്രാസിം എന്നീ ഓഹരികള്‍ ഒരു ശതമാനം താഴ്ന്നു. മെറ്റല്‍, ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്‌സ്, റിയാല്‍റ്റി മേഖലകളിലെ ഓഹരികള്‍ 23 ശതമാനം താഴ്ന്നു.