ന്യൂദല്‍ഹി: 2011 ലെ സെന്‍സസ് ഏപ്രില്‍ ഒന്നിന് രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്യും. രാജ്യത്തെ 35 സംസ്ഥാനങ്ങളലില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 120 കോടി ജനങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തും. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് ,വിരലടയാളം, ഫോട്ടോ തുടങ്ങിയ വിവരങ്ങള്‍ സെന്‍സസ് പ്രകാരം ശേഖരിക്കും. ഇത്തരം വിവരങ്ങള്‍ രാജ്യസുരക്ഷയുടെ ഭാഗമായാണ് ശേഖരിക്കുന്നത്.

മാനവ ചരിത്രത്തിലെ ഏറ്റവും വലിയ കണക്കെടുപ്പിനുളള നടപടികളാണ് ആരംഭിച്ചതെന്ന് ആഭ്യന്തര സെക്രട്ടറി ഗോപാല്‍ കെ പിള്ള അറിയിച്ചു. സെന്‍സസ് പൂര്‍ത്തിയാല്‍ രാജ്യത്തെ എല്ലാ പൗരന്മാരുടെയും ഫോട്ടോകള്‍ സര്‍ക്കാരിന് ലഭ്യമാകും. സെന്‍സിന്റെ ഭാഗമായി എല്ലാ പൗരന്മാര്‍ക്കും പ്രത്യേക നമ്പര്‍ നല്‍കും. 2209 കോടി രൂപയാണ് സെന്‍സസിന് ചെലവായി കണക്കാക്കുന്നത്.

രണ്ടു ഘട്ടമായാണ് സെന്‍സസ് നടത്തുക. ആദ്യ ഘട്ടം ഏപ്രില്‍ മുതല്‍ ജൂലൈ വരെ നടത്തും. രണ്ടാം ഘട്ടം 2011 ഫെബ്രുവരി ഒന്‍പതിന് ആരംഭിക്കും. 25 ലക്ഷം ഉദ്യോഗസ്ഥര്‍ക്കാണ് സെന്‍സസ് നടത്താനുള്ള ചുമതല.