Categories

ഇന്ത്യന്‍ റുപ്പി: പണമില്ലാത്തവന്‍ പിണമായ കാലത്തിന്


സിനിമ: ഇന്ത്യന്‍ റുപ്പി

സംവിധാനം:രഞ്ജിത്ത്

നിര്‍മാണം: പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നട്‌സന്‍

രചന: രഞ്ജിത്ത്

സംഗീതം: ശഹബാസ് അമന്‍

ഛായാഗ്രഹണം: സന്തോഷ് ശിവന്‍

വിതരണം: ആഗസ്റ്റ് ഫിലീംസ്

ഫസ്റ്റ് ഷോ / ഷഫീക്ക് ദിവ്യ

റിലീസ് ആയ ഉടനെ തന്നെ സിനിമ കാണണമെന്ന നിര്‍ബന്ധബുദ്ധിയൊന്നുമില്ല. എന്നാല്‍ രഞ്ജിത്ത്, സന്തോഷ് ശിവന്‍, ശഹബാസ് അമന്‍ എന്ന കൂട്ട്‌കെട്ട് ആ സിനിമ ആദ്യദിവസം തന്നെ കാണാന്‍ നിര്‍ബന്ധിതനാക്കി. തീരുമാനം തെറ്റിയില്ല. ഒരു നല്ല സിനിമ വീണ്ടും രഞ്ജിത്ത് നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്നു. ഒരു രഞ്ജിത്ത് ടച്ച് ഫീല്‍ ചെയ്തതിന്റെ സുഖം.

പ്രണയവും കുറ്റകൃത്യങ്ങളും മാത്രം ആധാരമാക്കി സമൂഹത്തിലേക്ക് ചില ചേരുവകള്‍ എപ്പോഴും പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുന്ന മളയാള സിനിമാ ലോകത്ത് ഈ ആടുത്ത കാലത്ത് യങ്ങ് ജനറേഷന്‍ സംവിധായകര്‍ തുടങ്ങിവെച്ച മാറ്റങ്ങളെ രഞ്ജിത്തും ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചിരിക്കുന്നു എന്നതില്‍ സന്തോഷം തോന്നി. ചാപ്പാകുരിശും, സാള്‍ട്ട് ആന്റ് പെപ്പറുമൊക്കെ ഈ മാറ്റത്തെ അടയാളപ്പെടുത്തുന്നു. ആരും ബോധപൂര്‍വ്വം ചര്‍ച്ച ചെയ്യാന്‍ ധൈര്യം കാണിച്ചിട്ടില്ലാത്ത ഒരു വിഷയവുമായാണ് ഇക്കുറി രഞ്ജിത്ത് നമ്മുടെ മുന്നില്‍ എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ‘ഇന്ത്യന്‍ റുപ്പീ’ ചര്‍ച്ച ചെയ്യപ്പെടാതെ പൊയ്ക്കൂടാ.

‘പണം ഇല്ലാത്തവന്‍ പിണം’ എന്ന ചൊല്ല് നമുക്കിടയില്‍ സുപരിചിതമാണല്ലൊ. ഈ പൊതുബോധത്തെ കൊള്ളിച്ചുകൊണ്ട് പണത്തിന്റെ പോക്കുവരവുകള്‍ അഥവാ ചലനത്തിന്റ കഥപറയുകയാണ് ഇന്ത്യന്‍ റുപ്പീ. നിങ്ങള്‍ക്ക് ഒരു വ്യക്തമായ വില്ലനെ ഇതില്‍ കാണാനാവില്ല. കാരണം അത് പണം തന്നെയാണ്. നമ്മുടെയെല്ലാം പൊതു ശത്രുവിനെ, പണത്തെ ഇവിടെ സിനിമ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. പണം പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് ഇത് ആദ്യമായൊന്നുമല്ല. എന്നാല്‍ ‘ഇന്ത്യന്‍ റുപ്പീ’യില്‍ പണത്തിന്റെ യഥാര്‍ത്ഥ ചലനം പറഞ്ഞുകൊണ്ടാണ് ഇത് ചെയ്യുന്നതെന്നതാണ് വ്യത്യാസം. പണ്ട് ‘ആളെ കൊല്ലീ’ എന്ന് നാറാണത്ത് ഭ്രാന്തന്റെ സഹോദരന്‍ പാക്കനാര്‍ പണത്തെ നിര്‍വ്വചിക്കുന്നുണ്ട്.

ജയപ്രകാശ് (ജെ.പി) എന്ന അല്‍പസ്വല്‍പ്പം തരികിട വിദ്യകള്‍ വശമായ ഒരു ലാന്റ് ബ്രോക്കറുടെ (പൃഥ്വിരാജ്) ജീവിതത്തിലൂടെയാണ് സിനിമ അതിന്റെ പ്രമേയത്തിലേക്ക് കടക്കുന്നത്. ഊഹ കച്ചവട-റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മദ്ധ്യവര്‍ഗ്ഗക്കാരനാണ് ജെ.പി. ആധുനിക പദപ്രയോഗം കടമെടുത്താല്‍ ‘ഭൂമാഫിയകളിലെ ഏറ്റവും ഇളയ കണ്ണി’. മദ്ധ്യവര്‍ഗ്ഗത്തിന്റെ എല്ലാ സ്വപനങ്ങളുമുള്ള, ഉയരങ്ങള്‍ പിടിച്ചടക്കണമെന്ന് അതിയായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യുന്ന ഇന്നത്തെ യുവത്വത്തെ തന്നെയാണ് ജെ.പി. പ്രതിനിധീകരിക്കുന്നത്. പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ അത് തന്റെയും തന്റെ സഹപ്രവര്‍ത്തകന്റെയും തന്ത്രങ്ങളിലെ ‘പാളിച്ച’കളായി മാത്രം മനസിലാക്കുന്ന പണം എങ്ങനെയാണ് മനുഷ്യ ജീവിതത്തില്‍ ഇടപെടുന്നതെന്ന് അറിയാത്ത നമ്മള്‍ തന്നെയാണ് ഇവിടെ ജെ.പി. അയാളുടെ ജീവിതത്തിലേക്കാണ് അച്ച്യുതമേനോന്‍ എന്ന വൃദ്ധന്‍ കടന്നു വരുന്നത്. ആ കടന്നു വരവാണ് ചിത്രത്തിലെ ട്വിസ്റ്റ്.

സമ്പന്നനാകാന്‍ സാധാരണക്കാരന് സാധാരണ- മാര്‍ഗ്ഗത്തിലൂടെ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യ- ബോധത്തിലേക്ക് എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം

പണം എന്താണോ ചെയ്യുന്നത്, അതാണ് പണമെന്ന് പഴമക്കാര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. യൂറോപ്പിലാകെ പണം വ്യക്തിബന്ധങ്ങളെ കേവലം സാമ്പത്തിക ബന്ധങ്ങളാക്കി, പണബന്ധങ്ങളാക്കി മാറ്റുകയുണ്ടായല്ലൊ. അത്തരമൊരു മാറ്റം നമ്മുടെ മണ്ണിലേക്ക് വരുന്നത് വളരെ അടുത്ത കാലത്താണ്. ഇന്ന് നമ്മള്‍ മലയാളികള്‍ക്കും വ്യക്തിബന്ധങ്ങള്‍ പണബന്ധങ്ങളാണ്. ഇതാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ അച്ച്യുതമേനോന്‍ (തിലകന്‍) നമ്മളോട് പറഞ്ഞുതരുന്നത്. അപ്രതീക്ഷിതമായിട്ടാണ് മേനോന്‍ കഥയിലേക്ക് പ്രവേശിക്കുന്നത്. ഒരു വിദ്യാസമ്പന്നനായ ദരിദ്ര വൃദ്ധനാണദ്ദേഹം. സമ്പന്നയായ ഭാര്യയില്‍ രണ്ടു മക്കളും ദരിദ്രയായ മറ്റൊരു ഭാര്യയില്‍ രണ്ടു മക്കളുമുള്ള ഒരു പിതാവ്. കഴിഞ്ഞകാല ജീവിത യാത്രയില്‍ ദാരിദ്ര്യത്തിലേക്കും ഒറ്റപ്പെടലിലേക്കും വഴുതിവീഴുന്ന പാവം മനുഷ്യരുടെ പ്രതീകം കൂടിയാണ് അദ്ദേഹം. ദരിദ്രമക്കളെ നിലനിര്‍ത്താനായി, സമ്പന്നമക്കളെ ‘ബ്ലാക്ക് മെയില്‍’ ചെയ്യേണ്ടി വരുന്നുണ്ട് അദ്ദേഹത്തിന്. എന്നിട്ടും സാമ്പത്തിക ബന്ധങ്ങളുടെ നീരാളിപ്പിടിത്തത്തില്‍ നിന്നും രക്ഷപ്പെടാനോ ദരിദ്രരായ മക്കളെ നിലനിര്‍ത്താനോ അദ്ദേഹത്തിന് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അച്യുതമേനോന്‍ കടന്നുവരുന്നതോടെ ജെ.പിയുടെ ജീവിതത്തില്‍ ചില സാമ്പത്തിക നേട്ടമൊക്കെയുണ്ടാകുന്നുണ്ട്. അതും കഴിഞ്ഞുപോയ തന്റെ ജീവിത പരാജയങ്ങളില്‍ നിന്ന് അച്ച്യുതമോനോന്‍ (നമ്മളും) നിരൂപിച്ചെടുക്കുന്ന കുടില തന്ത്രങ്ങളിലൂടെയാണ്. പണം സ്വയം പെറ്റുപെരുകില്ലല്ലോ. അത് വളര്‍ത്തണമെങ്കില്‍ അതിന്റെ തന്ത്രങ്ങള്‍ തന്നെ വേണമെന്നത് സാമാന്യനിയമം. അത് മനുഷ്യത്ത്വത്തിന്റെ വഴിയാവാന്‍ തരമില്ല. അങ്ങനെയൊരു മനുഷ്യത്വം പണത്തിനില്ലല്ലോ. ‘പത്തായത്തില്‍ നെല്ലുണ്ട്. നാട്ടില്‍ വിശപ്പുമുണ്ട്. ഇവ തമ്മില്‍ പരസ്പരം ബന്ധപ്പെടുന്നില്ല’ എന്നതാണ് പണത്തിന്റെ നിയമം എന്ന് വിജയന്‍മാഷ് ഒരിക്കല്‍ പറഞ്ഞതോര്‍ക്കുന്നു. നെല്ല് കഴിക്കാനുള്ളതല്ല. വിശപ്പടക്കാനുള്ളതല്ല. വില്‍ക്കനുള്ളതാണ്. പണമുണ്ടാക്കാനുള്ളതാണ്. ഇതാണത്രേ പണത്തിന്റെ നിയമം. ഇത്തരം കുടില തന്ത്രങ്ങള്‍ പയറ്റിയിട്ടും തന്റെ സമ്പത്ത് വളര്‍ത്താന്‍ ജെ.പി.ക്ക് കഴിയുന്നില്ല. അല്പം തെറ്റായവഴി ഉപയോഗിക്കുന്നത് അയാളെ കൂടുതല്‍ കുഴപ്പത്തിലാക്കുന്നു. സമ്പന്നനാകാന്‍ സാധാരണക്കാരന് സാധാരണമാര്‍ഗ്ഗത്തിലൂടെ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യബോധത്തിലേക്ക് എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തില്‍ തിലകനെന്ന എന്നത്തെയും അഭിനയ പ്രതിഭ അച്യുതമേനോനെ ഒരുയാഥാര്‍ത്ഥ്യമാക്കി കാഴ്ചക്കാരുടെ മുന്നില്‍ നിറഞ്ഞുനിന്നു. കടുത്ത പിശുക്കനായ സമ്പന്നന്റെ വേഷത്തില്‍ ജഗതികൂടിയായപ്പോള്‍ പ്രമേയം തിരശീലയില്‍ ജീവിതമായി. ചിലയിടങ്ങളില്‍ 80കളിലെ മോഹന്‍ലാല്‍ അറിയാതെ തന്റെ അഭിനയത്തില്‍ കടന്നുവരുന്നതൊഴിച്ചാല്‍ പൃഥ്വിരാജും നന്നായിത്തന്നെ കഥാപാത്രത്തെ അവതരിപ്പിച്ചു. അന്ധമായ പൃഥ്വീരാജ് വിരോധം തീയറ്ററുകളില്‍ ആദ്യം മുഴങ്ങിയെങ്കിലും സിനിമയുടെ ഒഴുക്കില്‍ അതിനെ മുക്കിക്കളയാന്‍ രഞ്ജിത്തിനാകുന്നുണ്ട്. ഒരു കലാകാരന്റെ വ്യക്തിപരമായ സ്വഭാവവിശേഷങ്ങളുടെ കൂടുതല്‍/കുറവുകള്‍ അറിയലല്ല സിനിമാസ്വാദനമെന്നും അവന്‍ നമ്മുടെ മുന്നില്‍ വെയ്ക്കുന്ന കാഴ്ചകളുടെ ആസ്വാദനമൂല്യമാണ് പ്രധാനമെന്നും മനസിലാക്കാനുള്ള ജനാധിപത്യ ബോധവും പക്വതയും നമ്മള്‍, പ്രബുദ്ധരായ കേരളീയര്‍ക്ക് എന്നേ നഷ്ടപ്പെട്ടിരിക്കുന്നു. ഒരു സിനിമയുടെ വിധി നിര്‍ണ്ണയിക്കാനുള്ള അവകാശം ഫാന്‍സ് അസ്സോസിയേഷന്‍സ് എന്ന ഗുണ്ടാകേന്ദ്രങ്ങളെ ഏല്‍പ്പിച്ചുകൊടുത്ത് നമ്മള്‍ മൂകസാക്ഷികള്‍ മാത്രമാവുന്നു. അരാഷ്ട്രീയതയുടെ മറ്റൊരു രൂപമാണത്. തങ്ങളുടെ വിഗ്രഹങ്ങളെ ചോദ്യം ചെയ്താല്‍, വിമര്‍ശിച്ചാല്‍ വിമര്‍ശകരെല്ലാം ശത്രുക്കളാണെന്നും ശത്രുക്കളെ കല്ലെറിഞ്ഞു കൊല്ലണമെന്നുമുള്ള ശകുനി തന്ത്രമാണ് ഇവര്‍ക്ക് വശം. ഇതിനെ എന്നാണാവോ നമ്മള്‍ തിരിച്ചറിയുക?

ഷഹബാസ് അമനെ വേണ്ടവിധം ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെന്നാണ് തോന്നുന്നത്. പാശ്ചാത്തല സംഗീതത്തില്‍ മാത്രം ഒതുക്കിയതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. പാശ്ചാത്തല സംഗീതം വളരെ പ്രധാനപ്പെട്ടതുതന്നെ. പാശ്ചാത്തല സംഗീതത്തില്‍ തന്നെ വേണ്ടവിധം ഉപയോഗിച്ചോ എന്നതാണ് സംശയം. എല്ലാ രഞ്ജിത്ത് സിനിമകളിലുമെന്നപോലെ മിതത്വം ആ സിനിമയില്‍ സൂക്ഷിക്കുന്നുണ്ട്. അതിന്റെ സൗന്ദര്യവുമുണ്ട്. അതേസമയം വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ പഴയ സിനിമാ സങ്കേതങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് എന്നത് തിരകഥയുടെയും രഞ്ജിത്തിന്റെയും പരിമിതിയായി അവശേഷിക്കുന്നു എന്നും പറയാതെ വയ്യ. ഒര്‍മകളാണ് അഥവാ ഫ്‌ളാഷ് ബാക്കിലൂടെയാണ് ഇതിലെ ഇതിവൃത്തം അവതരിപ്പിക്കപ്പെടുന്നത്. മാത്രവുമല്ല അമിതമായ കൊമെഴ്‌സ്യല്‍ ഘടകങ്ങളെ ഇനിയും അദ്ദേഹത്തിന് തള്ളിക്കളയാനകുന്നില്ല. എന്നിരുന്നാലും ഒരു ‘മഹത്തായ’ സിനിമ രഞ്ജിത്ത് തന്നു എന്ന് പറയുന്നില്ലെങ്കിലും ഒരു നല്ല സിനിമ ‘ഇന്ത്യന്‍ റുപ്പീ’യിലൂടെ തന്നു എന്ന് നിസംശയം പറയാം.

5 Responses to “ഇന്ത്യന്‍ റുപ്പി: പണമില്ലാത്തവന്‍ പിണമായ കാലത്തിന്”

 1. വിനയന്‍

  ഗുഡ് റിവ്യൂ

 2. Stanley Thomas

  ഷഹബാസ് അമനും കിഇട്ടിയ അവസരം വേണ്ടുന്ന വിധത്തില്‍ ഉപയോഗിച്ചില്ല..!

 3. Arun CS

  നല്ല റിവ്യൂ

 4. anand

  യൂത്ത് കാണേണ്ട സിനിമ … രണ്ജിതിനു സലാം …

 5. Vipin

  ഛായാഗ്രഹണം: സന്തോഷ് ശിവന്‍ അല്ല S.കുമാര്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.