മുംബൈ: ട്രെയിനില്‍ യാത്രചെയ്യാന്‍ ഇനി ടിക്കറ്റ് വേണമെന്നില്ല മറിച്ച് ടിക്കറ്റ് റിസര്‍വ് ചെയ്യുമ്പോള്‍ ലഭിക്കുന്ന എസ്.എം.എസ് സന്ദേശം കാണിച്ചാല്‍ മതി. ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ (ഐ.ആര്‍.സി.ടി.സി) വെബ്‌സൈറ്റ് വഴി ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്ന യാത്രക്കാര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. എസ്.എം.എസ് സന്ദേശത്തോടൊപ്പം ഒരു തിരിച്ചറിയല്‍ കാര്‍ഡും കയ്യില്‍ കരുതണം.

എന്നാല്‍ പരിശോധനയില്‍ എസ്.എം.എസ് സന്ദേശം കാണിക്കാന്‍ സാധിക്കാത്ത യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയുണ്ടെങ്കില്‍ 50 രൂപ പിഴയൊടുക്കി യാത്ര ചെയ്യാം. ഈ മാസം ഒന്നാം തിയ്യതിയോടെ ഈ സംവിധാനം നിലവില്‍ വന്നു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് ഈ നടപടി. പ്രതിവര്‍ഷം 11 കോടിയോളം പേരാണ് ഐ.ആര്‍.സി.ടി.സിയുടെ ടിക്കറ്റ് ഉപയോഗിച്ച് ട്രെയിന്‍ യാത്ര നടത്തുന്നത്. ബുക്ക് ചെയ്യപ്പെടുമ്പോള്‍ അവയ്ക്ക് വേണ്ടി അത്രതന്നെ കടലാസുകള്‍ ചെലവാകുന്നത് ഈ പരിഷ്‌കരണത്തിലൂടെ ഒഴിവാക്കാനാകുമെന്ന് റെയില്‍വേ കരുതുന്നു.

ഒപ്പം മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ട്രെയിന്‍ യാത്ര കൂടുതല്‍ സുഗമമാക്കാനും അതുവഴി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനും റെയില്‍വെ ലക്ഷ്യമിടുന്നു. റെയില്‍വെയുടെ ഈ നടപടിയിലൂടെ യാത്രക്കാര്‍ക്ക് ടിക്കറ്റ് റിസര്‍വ് ചെയ്തതിനുശേഷം പ്രിന്റ് എടുക്കേണ്ടിവരുന്നതും അമിത പണച്ചെലവും ഒഴിവായിക്കിട്ടും.

Malayalam News

Kerala News in English