ചെന്നൈ: വീരപ്പന്റെ കൂട്ടാളികളുടെ ദയാഹരജി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി തള്ളി. 22 പോലീസുകാരെ കുഴിബോംബ് വെച്ച് കൊലപ്പെടുത്തി എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.

ദയാഹരജി തള്ളിക്കൊണ്ടുള്ള  രാഷ്ട്രപതിയുടെ തീരുമാനം ഇവരെ തടവില്‍ പാര്‍പ്പിച്ച കര്‍ണ്ണാടകയിലെ ബെല്‍ഗാം ജയില്‍ അധികൃതര്‍ക്ക് ലഭിച്ചതായി പ്രതികളുടെ അഭിഭാഷകനായ എസ് ബാലമുരുകന്‍ പറഞ്ഞു.

Ads By Google

1993 ഏപ്രില്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വീരപ്പനെ പിടിക്കാനായി സത്യമംഗലം കാട്ടിനുള്ളിലേക്ക് പോയ എസ്.പി കെ. ഗോപാലകൃഷ്ണനും സംഘവുമാണ് വീരപ്പന്റെ ചതിക്ക് ഇരയായയത്.

സംഘത്തിലുണ്ടായിരുന്ന  22 പോലീസുകാരും മരിച്ചു. കേസില്‍  ആകെ 121 പ്രതികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇതില്‍ 50 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ 4 പേരെ വിചാരണകോടതി ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു.

എന്നാല്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വിചാരണകോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി നല്‍കി. അതിന് ശേഷം പ്രതികള്‍ക്ക് സുപ്രീം കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

പ്രതികളുടെ വധശിക്ഷ നടപ്പാക്കരുതെന്ന് മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് വാച്ച് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. വീരപ്പനെ ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്തവരാണ് പ്രതികളെന്നും ദയാഹരജി തള്ളിയതിനെതിരെ കോടതിയെ സമീപിക്കാന്‍ പ്രതികള്‍ക്ക് അവകാശമുണ്ടെന്നും പീപ്പിള്‍സ്‌വാച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്റി തിഫാംഗെ പറഞ്ഞു.

സൈമണ്‍ , ജ്ഞാന പ്രകാശ്, മാടയ്യ, ബിലപേന്ദ്ര എന്നിവരുടെ ഹരജിയാണ് രാഷ്ട്രപതി തള്ളിയത്. എന്നാല്‍ വധശിക്ഷ എന്നുണ്ടാകും എന്ന  ഔദ്യോഗിക വിശദീകരണം ഇത് വരെ ലഭിച്ചിട്ടില്ല.