രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കോര്‍പറേറ്റുകള്‍ക്കൊപ്പം നില്‍ക്കുന്നുവെന്ന് നാം പറയുന്നു. രാജ്യം ആര് ഭരിക്കണമെന്ന് നിശ്ചയിക്കുന്നതിന് ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ജനാധിപത്യം ഇവിടെ നിലനില്‍ക്കുന്നുണ്ട്. പക്ഷെ ജനാധിപത്യത്തെപ്പോലും കോര്‍പറേറ്റുകള്‍ ഹൈജാക്ക് ചെയ്യുന്നു. ജനം തിരഞ്ഞെടുത്ത് വിടുന്ന ഭരകൂടം എങ്ങിനെ അവര്‍ക്കെതിരാവുന്നുവെന്ന് അന്വേഷിക്കുന്നവര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഖജനാവ് പരിശോധിക്കുന്നത് നന്നാവും.

ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊന്നിനും പണത്തിന് മാത്രം ഇതുവരെ ദാരിദ്ര്യം അനുഭവപ്പെട്ടിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ദിനം പ്രതി സംഭാവനകള്‍ വര്‍ധിക്കുകയാണ്. സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് അതെങ്ങിനെ ഈടാക്കണമെന്നും അറിയാം. അതുകൊണ്ടുതന്നെ ഈ വരുമാനത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യുപകാരം നല്‍കേണ്ടിയും വരുന്നു.

Subscribe Us:

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോമും, നാഷണല്‍ ഇലക്ഷന്‍ വാച്ചും, ഈയിടെ നടത്തിയ പഠനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകള്‍ ചെയ്ത് കൊടുക്കുന്ന സഹായധനങ്ങളെ പറ്റി വ്യക്തമാക്കുകയുണ്ടായി. ഒരാളില്‍ നിന്ന് 20,000രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ സ്വീകരിക്കുന്ന എട്ട് രാഷ്ട്രീയ പാര്‍ട്ടികളുണ്ടെന്നാണ് എ.ആര്‍.ഡി പഠനം കണ്ടെത്തിയത്. 2007നും 2009നും ഇടയ്ക്കുള്ള കണക്കുകള്‍ പ്രകാരമാണിത്. എന്നാല്‍ ഇത് 20,000മുകളില്‍ എത്രവരെയും പോകാം എന്നതാണ് വസ്തുത. ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഇക്കാലയളവില്‍ കിട്ടിയ ഏറ്റവുവലിയ തുക 297കോടിയാണ്. ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് കിട്ടിയതാകട്ടെ 202 കോടി. കോണ്‍ഗ്രസിന്റെതാവട്ടെ 72കോടിയും.

ഇന്‍കം ടാക്‌സ് ആക്ട് 13 എ പ്രകാരം 20,000രൂപക്ക് മുകളിലുള്ള വളണ്ടറി സംഭാവനകള്‍ക്ക് നികുതിയിളവ് അനുവദിച്ചിട്ടുണ്ട്. രസകരമെന്നു പറയട്ടെ, ബി.എസ്.പി പറഞ്ഞിരിക്കുന്നത് 20,000രൂപയ്ക്ക് മുകളിലുള്ള ഒറ്റ സംഭാവനയും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ്.

പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനയുടെ കണക്ക് പ്രകാരമുള്ള തുകയാണിവ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ വക ഓരോ മണ്ഡലത്തിലേക്കും നല്‍കിയത് 25 ലക്ഷം രൂപ വീതമാണ്. ഇതൊക്കെ ഏത് കണക്കിലാണ് പെടുകയെന്ന് ആര്‍ക്കുമറിയില്ല.