Categories

എബോള ബാധിത പ്രദേശങ്ങളില്‍ ജീവിക്കുന്നത് അരലക്ഷത്തോളം ഇന്ത്യക്കാര്‍

ebolaaaa ന്യൂദല്‍ഹി:  മാരക പകര്‍ച്ചവ്യാധിയായ എബോള  പടര്‍ന്നു പിടിക്കുന്ന പശ്ചിമ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ താമസിക്കുന്നത് അരലക്ഷത്തോളം ഇന്ത്യക്കാര്‍.  കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം 44,700 പേരാണ് രോഗബാധിത രാജ്യങ്ങളിലുള്ളത്.

നൈജീരിയയിലാണ് കൂടുതല്‍ ഇന്ത്യക്കാരുള്ളത്. ഏകദേശം നാല്‍പ്പതിനായിരം പേര്‍. ലൈബിരീയില്‍ 3,000 പേരും ഗിനിയയില്‍ 500 പേരുമുണ്ട്. എബോള രോഗം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സിയറ ലിയോണില്‍ 1,200 ഇന്ത്യക്കാരുണ്ടെന്നും ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ലൈബീരിയയിലുള്ള യു.എന്‍ സമാധാന സേനയിലേക്ക് 300 സി.ആര്‍.പി.എഫുകാരെ നിയോഗിച്ചിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിദേശകാര്യം, വ്യോമയാനം, സായുധസേന എന്നീ വിഭാഗങ്ങളുടെ യോഗം ഇന്ന്  ഡല്‍ഹിയില്‍ ചേരും.

സാഹചര്യം കൂടുതല്‍ മോശമായാല്‍ ഇവര്‍ ഇന്ത്യയിലേക്ക് മടങ്ങും. അതിനാല്‍ രോഗം ഇന്ത്യയില്‍ പടരാതിരിക്കുന്നതിന് വേണ്ട അടിയന്തര നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നുണ്ട്. രോഗബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവരുടെ വിവരം സര്‍ക്കാര്‍ തേടി.  കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തില്‍  അടിയന്തര യോഗങ്ങള്‍ ചേരുകയും ജനങ്ങള്‍ക്ക്‌ ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് പശ്ചിമ ആഫ്രിക്കയില്‍ എബോള രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ച് ഇതുവരെ 932 പേര്‍ മരിച്ചതായാണ് കണക്ക്. ലൈബീരിയ, ഗിനിയ, സിയറ ലിയോണ്‍, നൈജീരിയ എന്നീ രാജ്യങ്ങളില്‍ രോഗബാധിതരുണ്ട്.

ഗിനിയയില്‍ 363 പേരും സിയറ ലിയോണില്‍ 286 പേരും ലൈബീരിയയില്‍ 282 പേരും മരിച്ചു. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ മാത്രം 108 പേര്‍ക്ക് രോഗം പിടിപെട്ടു. 45 പേര്‍ മരിച്ചതായും ലോകാരോഗ്യ സംഘടന ഇറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

മലേറിയ, കോളറ തുടങ്ങിയവയക്ക് സമാനമായ വൈറല്‍ രോഗമാണ് എബോള. രോഗബാധിതരുടെ ശരീര ദ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്.  ഇതുവരെ ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടില്ല. പനി,തൊണ്ടവേദന,പേശീ വേദന തുടങ്ങിയവയാണ് ആദ്യലക്ഷണം.

ആന്തരികായവങ്ങളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടു ദിവസം മുതല്‍ മൂന്ന് ആഴ്ച കഴിഞ്ഞേ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയുള്ളൂ. വൈറസ് ബാധ ജീവന്‍ കവരാനുള്ള സാധ്യത വളരെ കൂടുതലാണ്.