ജിദ്ദ: ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജിദ്ദയിലെ ഫീസ് വര്‍ദ്ധനക്കെതിരെ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത രക്ഷിതാക്കളുടെ തീരുമാനപ്രകാരം ഇന്ത്യന്‍ പാരന്റ്‌സ് ഫോറം രൂപീകരിച്ചു. ഫീസ് വര്‍ദ്ധനക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനും കമ്മറ്റിയില്‍ തീരുമാനമായിട്ടുണ്ട്. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനേഴു പേരടങ്ങുന്ന അഡ്‌ഹോക്ക് കമ്മറ്റിയാണ് ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ളത്, യോഗത്തില്‍ യാസീന്‍ അസ്‌കരിയെ കണ്‍വീനറായും മുഹമ്മദ് അബ്ദുല്‍ അസീസിനെ ജോയിന്റ് കണ്‍വീനറായും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.

തെരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളുടെ കമ്മറ്റി സ്‌കൂള്‍ ഭരണം നിര്‍വഹിച്ചിരുന്ന കാലത്തേക്കാള്‍ സ്‌കൂളിന്റെ നടത്തിപ്പ് അപാകതകള്‍ നിറഞ്ഞതായും, പഠന നിലവാരം കുറഞ്ഞു വരുന്നതായും ചര്‍ച്ചയില്‍ പങ്കെടുത്ത രക്ഷിതാക്കള്‍ പറഞ്ഞു.

പുതിയ കോണ്‍സുല്‍ ജനറലിനെ കണ്ട് കമ്മറ്റി ചര്‍ച്ച നടത്തും. ഫീസ് വര്‍ദ്ധനയില്‍ ഉടന്‍ തന്നെ അനുകൂല തീരുമാനമുണ്ടാവണമെന്ന് കമ്മറ്റി ആവശ്യപ്പെട്ടു. പഠന സമയത്ത് സിലബസ് ഭാഗങ്ങള്‍ ഓടിച്ചു പോകുന്ന ചില അധ്യാപകര്‍ സ്വകാര്യട്യൂഷന്‍ ധനസമ്പാദന മാര്‍ഗമാക്കുന്നതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.