കോഴിക്കോട്: ഡിസംബറില്‍ ഗോവയില്‍ നടക്കുന്ന ചലച്ചിത്രോല്‍സവത്തിലേക്ക് അഞ്ച് മലയാളം സിനിമകളെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. നിലവാരമില്ലാത്ത ചിത്രങ്ങളെയാണ് ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തതെന്ന് സംവിധായകന്‍ രജ്ഞിത് ആരോപിച്ചു.

ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കാന്‍ അര്‍ഹതയുള്ളതായിരുന്നു തന്റെ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ്. എന്നാല്‍ തിരഞ്ഞെടുപ്പുകമ്മറ്റിയിലെ ചിലര്‍ നടത്തിയ പകപോക്കലാണ് ചിത്രം പിന്തള്ളപ്പെടാന്‍ കാരണം. സംവിധായകന്‍ ശിവന്റെ ചിത്രത്തെക്കുറിച്ച് താന്‍ നേരത്തേ നടത്തിയ അഭിപ്രായങ്ങളാണ് തന്റെ ചിത്രം തള്ളാനിടയായതെന്നും രജ്ഞിത് ആരോപിച്ചു.

എന്നാല്‍ തനിക്കെതിരേ ആരോപണങ്ങളുന്നയിക്കുന്നവര്‍ സ്വയം അപഹാസ്യരാവുകയാണെന്ന് സംവിധായകന്‍ ശിവന്‍ പറഞ്ഞു. താന്‍ ആരുടെചിത്രത്തിനും എതിര്‍പ്പു പ്രകടിപ്പിച്ചിട്ടില്ല. കലാമൂല്യമുള്ള സിനിമകള്‍ക്ക് അംഗീകാരം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും ശിവന്‍ പറഞ്ഞു. മമ്മി ആന്‍ഡ് മീ, കാല്‍ച്ചിലമ്പ്, മകരമഞ്ഞ്, ഇലക്ട്ര എന്നീ ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.