എഡിറ്റര്‍
എഡിറ്റര്‍
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യന്‍ യുവതിയുടെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ ശ്രമം
എഡിറ്റര്‍
Saturday 1st April 2017 10:26pm

ബെംഗളൂരു: ജര്‍മനിയില്‍ ഇന്ത്യന്‍ യുവതി അപമാനിക്കപ്പെട്ടതായി പരാതി. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ സുരക്ഷ പരിശോധനയുടെ ഭാഗമായി യുവതി വീണ്ടും അപമാനിക്കപ്പെട്ടതായാണ് പരാതി. സുരക്ഷാ പരിശോധനയുടെ ഭാഗമായി യുവതിയുടെ വസ്ത്രമഴിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായാണ് ആക്ഷേപം. ബെംഗളൂരുവില്‍നിന്ന് ഐസ്‌ലന്‍ഡിലേക്കു ഇക്കഴിഞ്ഞ മാര്‍ച്ച് 29-ന് പോയ മുപ്പതുകാരിയായ ശ്രുതി ബാസപ്പ എന്ന യുവതിക്കാണ് ഈ അനുഭവമുണ്ടായത്. സംഭവസമയം നാലു വയസുകാരിയായ മകളും ശ്രുതിയുടെ കൂടെ ഉണ്ടായിരുന്നു. ഇവരുടെ ഭര്‍ത്താവായ ഐസ്‌ലന്‍ഡ് പൗരന്‍ പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാടു മാറ്റിയത്.

യുവതി തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത് തന്റെ ഫേസ്ബുക്കിലൂടെയാണ്. വംശീയ അധിക്ഷേപണ് തനിക്കുണ്ടായതെന്ന് യുവതി ആരോപിച്ചു. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് ചില ഉദ്യോഗസ്ഥര്‍ വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെട്ടതെന്നാ ശ്രുതിയുടെ ആരോപണം. ഏതു തരത്തിലുള്ള പരിശോധനയോടും സഹകരിക്കാമെന്നും ദിവസങ്ങള്‍ക്കു മുന്‍പ് സര്‍ജറി കഴിഞ്ഞതിനാല്‍ വസ്ത്രമഴിച്ചുള്ള പരിശോധനയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും ഉദ്യോഗസ്ഥരോട് യുവതി ആവശ്യപ്പെട്ടു. തെളിവായി സര്‍ജറിയുടെ രേഖകളും ഉദ്യോഗസ്ഥരെ കാണിച്ചു.


Also Read: ഗുജറാത്തില്‍ ജീവപര്യന്തമെങ്കില്‍ ഛത്തീസ്ഗഡില്‍ വധശിക്ഷ! പശുക്കളെ കൊല്ലുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി


പക്ഷെ യുവതിയുടെ ആവശ്യം തളളിയ ഉദ്യോഗസ്ഥര്‍ വസ്ത്രമഴിച്ചുള്ള പരിശോധന നടത്തണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. വംശീയാധിക്ഷേപത്തിന്റെ ഭാഗമായാണ് കഴിഞ്ഞ ആറു വര്‍ഷം യൂറേപ്പില്‍ ജീവിച്ച വ്യക്തിയായിട്ടും തനിക്കെതിരെ ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള നിലപാടു സ്വീകരിച്ചുവെന്നും ശ്രുതി ചൂണ്ടിക്കാട്ടി. യുവതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഐസ്ലന്‍ഡ് പൗരനായ ഭര്‍ത്താവിനെ വിളിച്ചു വരുത്തുകയും ഉദ്യോഗസ്ഥര്‍ നിലപാട് മയപ്പെടുത്തുകയും വസ്ത്രമഴിച്ചുള്ള പരിശോധനയില്‍നിന്ന് ഒഴിവാക്കിയെന്നും യുവതി വെളിപ്പെടുത്തി.

ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് മറ്റൊരു ഇന്ത്യന്‍ വംശജയെ ഇതേ വിമാനത്താവളത്തില്‍ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി പരാതി ഉയര്‍ന്നിരുന്നു. രണ്ടു കുട്ടികളുടെ മാതാവായ സിംഗപ്പൂര്‍ സ്വദേശിനി ഗായത്രി ബോസ് (33) വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. ഒപ്പം കുട്ടികളില്ലാതെ യാത്രയ്ക്കെത്തിയ ഗായത്രിയുടെ ബാഗില്‍ ബ്രെസ്റ്റ് പമ്പ് കണ്ടതിനെ തുടര്‍ന്ന് മുലയൂട്ടുന്ന അമ്മയാണെന്നു തെളിയിക്കാന്‍ സുരക്ഷാ വിഭാഗം ആവശ്യപ്പെടുകയായിരുന്നു. പാസ്പോര്‍ട്ട് പിടിച്ചുവച്ചശേഷം പൊലീസ് ഉദ്യോഗസ്ഥ ഇവരെ ഒരു മുറിയിലേക്കു കൊണ്ടുപോയെന്നും മുലപ്പാലുണ്ടെന്നു തെളിയിക്കാന്‍ നിര്‍ബന്ധിച്ചെന്നും ജര്‍മന്‍ പൊലീസിനു നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവം.

Advertisement