ന്യൂദല്‍ഹി: ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ.ഒ.സി) പെട്രോള്‍ വില വര്‍ധിപ്പിക്കും. ലിറ്ററിന് 1.35 രൂപയായിരിക്കും വര്‍ധിപ്പിക്കുക.

കമ്പോള വിലയേക്കാള്‍ താഴ്ന്ന വിലയ്ക്ക് എണ്ണ വില്‍ക്കുന്നതുകൊണ്ട് കമ്പനിക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം അറ്റാദായത്തില്‍ 27% കുറവാണുണ്ടായിട്ടുള്ളതെന്ന് കമ്പനി ചെയര്‍മാന്‍ ആര്‍.എസ്.ബുട്ടോള പറഞ്ഞു.

ഇന്ധനം കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നതിനുവേണ്ടി സബ്‌സിഡി നിരക്കിലാണ് ഒ.എന്‍.ജി.സിയും അസംസ്‌കൃത ഇന്ധനം എണ്ണശുദ്ധീകരണ ശാലകള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് ഒ.എന്‍.ജി.സിക്കും കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തില്‍ ഇടിവ് സംഭവിച്ചിരുന്നു.

ഐ.ഒ.സി.യുടെ അറ്റാദായം നാലാം പാദത്തില്‍ 30% കുറഞ്ഞ് 3905.16 കോടി രൂപയിലെത്തിയിരുന്നു. ഒ.എന്‍.ജി.സിയുടേത് 26% കുറഞ്ഞ് 2791 കോടി രൂപയിലും എത്തി.