എഡിറ്റര്‍
എഡിറ്റര്‍
പെട്രോളിന് 7.67 രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം
എഡിറ്റര്‍
Friday 13th April 2012 1:53pm

ന്യൂദല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില ലിറ്ററിന് 7.67 രൂപ കൂട്ടണമെന്ന് ആവശ്യം. പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനാണ് ഈ ആവശ്യവുമായി കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്. പെട്രോള്‍ വില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റു പൊതുമേഖലാ എണ്ണക്കമ്പനികളും നേരത്തെ സര്‍ക്കാരിനെ സമീപിച്ചിരുന്നു.

രാജ്യാന്തര വിപണിയിലെ എണ്ണവില ഉയര്‍ത്തിക്കാട്ടി മാസങ്ങളായി എണ്ണക്കമ്പനികള്‍ വിലവര്‍ധന ആവശ്യം സര്‍ക്കാരിനോട് ഉന്നയിക്കുന്നുണ്ട്. നിലവില്‍ അഞ്ഞൂറ് കോടിയിലധികം നഷ്ടം സഹിച്ചാണ് ഇന്ത്യയില്‍ കമ്പനികള്‍ പെട്രോള്‍ വില്‍ക്കുന്നത്. ഡിസംബറിലെ വര്‍ധനവിനുശേഷം 900 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് കമ്പനി പറയുന്നത്.

അതേസമയം, ഈ വര്‍ഷത്തെ ധനകാര്യ ബില്ല് പാര്‍ലമെന്റ് അംഗീകരിച്ചതിനുശേഷമേ സര്‍ക്കാര്‍ പെട്രോള്‍ വിലവര്‍ധനയ്ക്ക് എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കൂവെന്നാണ് റിപ്പോര്‍ട്ട്. മെയ് ഏഴിന് ധനകാര്യ ബില്ല് പാര്‍ലമെന്റ് പരിഗണിക്കുമെന്നാണ് കരുതുന്നത്. രാജ്യാന്തരവിപണിയില്‍ ക്രൂഡോയില്‍ വില ബാരലിന് 120 ഡോളറായ സാഹചര്യത്തിലാണ് വിലവര്‍ധനയെന്ന ആവശ്യവുമായി എണ്ണക്കമ്പനികള്‍ വീണ്ടും രംഗത്തുവന്നിരിക്കുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് പിന്നാലെ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ കമ്പനികളും വിലവര്‍ധന ആവശ്യവുമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്.

 

Advertisement