എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയിലെ കീഴാള മുസ്‌ലിംങ്ങളും ജമാഅത്തെ ഇസ്‌ലാമിയും
എഡിറ്റര്‍
Monday 27th February 2017 10:20pm

 

ഇന്ത്യന്‍ ഫാഷിസം മുച്ചൂടും ദളിത്-ന്യൂനപക്ഷ-സ്ത്രീ വിരുദ്ധ നിലപാടുകള്‍ വളരെ പ്രകടമായി തന്നെ കൈക്കൊള്ളുന്ന കാലത്താണ് പ്രതിരോധ രാഷ്ട്രീയത്തിന്റെ അടരുകള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത്. അംബേദ്കര്‍, ശ്രീനാരായണ ഗുരു എന്നിവര്‍ പുനര്‍ വായിക്കപ്പെടുന്നതും ഈ പ്രതിരോധത്തിന് കരുത്ത് ആര്‍ജ്ജിക്കുവാനാണ്.

ഫാഷിസം എന്നാല്‍ ഏകപക്ഷീയ ഭരണകൂടാധികാരം മാത്രമല്ലെന്നും ഇരകളുടെ കൂടി  സമ്മതി നിര്‍മ്മാണം നടത്തുന്ന ഒരു ഹെജിമോണിക് സാംസ്‌കാര പദ്ധതിയാണെന്നും നാം തിരിച്ചറിഞ്ഞിട്ടുണ്ട്..  അതിനാല്‍ തന്നെ ഫാഷിസ്റ്റ്  സംഘടനാ രൂപങ്ങളെ മാത്രമല്ല അവയെ നിര്‍ണ്ണയിക്കുന്ന സാംസ്‌കാരിക പ്രരൂപങ്ങളെ കൂടി അക്രമിക്കമ്പോഴാണ് ഫാഷിസ്റ്റ് വിരുദ്ധ ഇടപാടുകള്‍ക്ക് ശക്തമായ രാഷ്ട്രീയമുണ്ടാകുന്നത്.

ഹിന്ദുമതം തന്നെ ഇല്ലാണ്ടാകണം എന്ന് അംബേദ്കര്‍ തീര്‍ത്തു പറയാനുള്ള കാരണങ്ങളില്‍ ഒന്ന് അത്തരമൊരു സംവിധാനത്തിനകത്ത് സമത്വം സാധ്യമാകില്ല എന്ന തിരിച്ചറിവായിരുന്നു. വിവിധ ജാതി വര്‍ണ്ണങ്ങളെ കൂട്ടിയോജിപ്പിച്ച്  ബ്രാഹ്മണിക പൗരോഹിത്യ മേധാ ശക്തിയില്‍ ശ്രേണീകൃതമായ ‘ഹിന്ദുമതം’ ഒരു ഹെജിമോണിക് അധികാര ശക്തിയാണെന്ന് അംബേദ്കര്‍ തിരിച്ചറിഞ്ഞിരുന്നു.

തികച്ചും കീഴാളപരമായ കര്‍തൃത്വങ്ങളില്‍ (Subject Position) മാത്രം വിഭാവനം ചെയ്യപ്പെട്ടിരുന്ന ദളിത് വിഭാഗങ്ങള്‍ക്ക് ഈ അധികാര സംവിധാനങ്ങള്‍ക്കകത്ത് സാമൂഹിക നിര്‍ണ്ണായകത്വം (Social Agency) നിഷേധിക്കപ്പെട്ടിരുന്നു. അത് കൊണ്ട് തന്നെ അത്തരം സിന്‍ഡിക്കേറ്റഡ് ഹിന്ദു മതത്തില്‍ നിന്നു തന്നെയുള്ള വിമോചനമാണ് കീഴാള ജനതയുടെ വിമോചനം എന്ന് അംബേദ്കര്‍ വാദിച്ചു. അത് കൊണ്ട് കൂടിയാണ് അംബേദകര്‍ സംഘടനാ മതസംവിധാനങ്ങളോ പൗരോഹിത്യ അധികാരമോ വികസിച്ചിട്ടില്ലാത്ത ബുദ്ധമതത്തെ സ്വീകരിക്കാന്‍ സന്നദ്ധമായതിന്റെ കാരണങ്ങളില്‍ ഒന്ന്.

‘സ്വത്വത്തിന്റെ തകര്‍ച്ച എന്ന മട്ടിലല്ല ഈ മതം മാറ്റത്തെ അംബേദ്കര്‍ കണക്കാക്കിയത് മറിച്ച് നിശ്ചിത പദവി സംവിധാനങ്ങളാല്‍ ഭീമാധികാരം കൈവരിച്ചിരുന്ന ഒരു ഘടനയില്‍ നിന്നുള്ള സ്വത്വത്തിന്റെ മോചനത്തെയാണ് ഇവിടെ അംബേദകര്‍ വിഭാവനം ചെയ്തത്.

കീഴാളരായ ജനതയുടെ വിമോചനത്തിന്റെ കാതല്‍ ബ്രാഹ്മണ പൗരോഹിത്യത്തില്‍ സംഘടിതമായ ഹിന്ദു മതത്തിന്റെ രൂക്ഷമായ വിമര്‍ശനവും തകര്‍ച്ചയുമാണ്. അംബേദ്കറുടെ ഹിന്ദുമത വിമര്‍ശനത്തിന്റെ യഥാര്‍ത്ഥ അടിത്തറ ഇതാണ്. ഏകീകരിച്ച മത സംവിധാനങ്ങളും അതീവ വിവേചനപരമായ ശ്രേണീ ബന്ധങ്ങളും മനു ഉള്‍പ്പെടുന്ന നിയമസംഹിതകളും നിര്‍ണ്ണയിക്കപ്പെടുന്ന ഘടനയക്കകത്ത് സമത്വവും തുല്യതയും പുന:സ്ഥാപിക്കപ്പെടില്ലെന്ന തിരിച്ചറിവാണ് ഹിന്ദുത്വത്തിനെതിരെയുള്ള രാഷ്ട്രീയ  പ്രതിരോധത്തിലേക്ക് അംബേദ്കറെ നയിച്ചത്.

ദളിത് കീഴാള സംസ്‌കാരങ്ങളെയോ അനുഷ്ഠാനങ്ങളെയോ പ്രതിചേര്‍ക്കുകയായിരുന്നില്ല അംബേദ്കര്‍ ചെയ്തത്, മറിച്ച് ഹിന്ദുത്വമെന്ന മത സംവിധാനത്തിനകത്ത് ഉള്‍ച്ചേര്‍ക്കപ്പെട്ട ദളിതരുടെ പദവിയെയാണ് അംബേദ്കര്‍ വിമര്‍ശിച്ചത്. ദളിതരുള്‍പ്പെടുന്ന സമൂഹത്തിലെ കീഴെത്തട്ടിലുള്ളവരെ പദവി ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ഉള്‍ച്ചേര്‍ത്താണ് ഹിന്ദുമതം ബ്രാഹ്മണികമായി പുന: സംഘടിപ്പിക്കപ്പെട്ടത്.

ആ മതാധികാര ഘടനക്ക് അകത്ത് വെച്ചാണ് കീഴാള സംസ്‌കാരവും ജീവിതവും വിവേചനപരമാകുന്നതെന്നും അതിനാല്‍ വ്യവസ്ഥാവല്‍ക്കരിക്കപ്പെട്ട മത സംവിധാനങ്ങളെ ചോദ്യം ചെയ്യുന്നതിലൂടെ മാത്രമേ കീഴാള മോചനം സാധ്യമാകൂ എന്നും അംബേദ്കര്‍ ചിന്തിച്ചു.

കീഴാള സ്വത്വങ്ങള്‍ക്ക് മേല്‍ എല്ലാ തരത്തിലുള്ള നിര്‍ണ്ണായകത്വവും ഹിന്ദുത്വം മതപരമായി തന്നെ അടിച്ചേല്‍പ്പിച്ചു. ശകലീകൃതമായ ജാതി സമൂഹങ്ങളെ ഹിന്ദുത്വ മതാധികാരത്തിന്റെ ഘടനകള്‍  പദവികളാല്‍ നിയന്ത്രിക്കുന്ന ഒന്ന് അധഃകൃതരായി വിഭാവനം ചെയ്തു. മറ്റൊരര്‍ത്ഥത്തില്‍ ചിതറിത്തെറിച്ച ജാതി സംസ്‌കാരങ്ങളെ സന്തുലിതമാക്കപ്പെട്ട ഹിന്ദുമതമാക്കി സുസ്ഥിരമാക്കി. അതിനാല്‍ തന്നെയാണ് ജാതി നിര്‍മൂലനമാണ് വേണ്ടതെന്ന് അംബേദകര്‍ ഉറപ്പിച്ചു പറഞ്ഞത്.

 

എന്നാല്‍ ഈ ഘട്ടത്തില്‍ സാംസ്‌കാരിക ഹിന്ദുത്വം അതിന്റെ സര്‍വ്വ നാശോന്മുഖമായ ഒരവസ്ഥ പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ അംബേദ്കര്‍ വായന ഒരു രാഷ്ട്രീയ അനിവാര്യതയാകുകയാണ്. ഗുരു ഭഗത് സിങ് അടക്കമുള്ളവരുടെ രാഷ്ട്രീയ ഉള്‍ക്കാഴ്ചകളെ ചോര്‍ത്തിക്കളഞ്ഞ് സംഘപരിവാര്‍ അജണ്ടകളെ കുത്തി നിറയ്ക്കുന്ന ഒന്നായി മാറ്റി തീര്‍ക്കുന്നു ഹിന്ദുത്വ സംസ്‌കാര ഫാഷിസം. അംബേദ്കര്‍ വായനയും ചിലപ്പോഴെല്ലാം അതിന്റെ രാഷ്ട്രീയ ഇച്ഛാശക്തികളേയും വിമര്‍ശാവബോധത്തെയും കൈവെടിഞ്ഞ് കേവല വായനകള്‍ ആയിത്തീരുന്നതിനെ കാണാതിരിക്കാന്‍ വയ്യ.

അംബേദ്കറുടെ മേല്‍ സൂചിപ്പിച്ച വീക്ഷണങ്ങളാണ് ഇന്ന് ദളിത് ന്യൂനപക്ഷ രാഷ്ട്രീയ പഠനങ്ങളുടെ അടിത്തറ. മതാത്മക പൗരോഹിത്യ സംഘടനാ രൂപങ്ങളില്‍ വിവിധ ശ്രേണീ ബന്ധങ്ങളാല്‍ നിര്‍ണ്ണയിക്കുന്ന കര്‍തൃത്വപദവികളില്‍ നിന്നുള്ള കീഴാള ജനതയുടെ മോചനത്തിന് മതാത്മക സംഘാടനത്തിന്റെ ഘടനയെ തന്നെ തള്ളിക്കൊണ്ടാകണം എന്നാണ് അംബേദ്കര്‍ ജീവിതം കൊണ്ട് പഠിപ്പിച്ചത്.

ഈ പശ്ചാത്തലത്തില്‍ ആണ് ജമാഅത്ത് ഇസ്‌ലാമി മുന്നോട്ട് വെക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ മൗലികമായ  പ്രശ്‌നങ്ങള്‍ പഠിക്കപ്പെടേണ്ടത്. മുസ്‌ലിം എന്ന സബാള്‍ട്ടേണ്‍ കര്‍തൃത്വം ഇസ്‌ലാം എന്ന ഹെജിമോണിക് അധികാര രൂപത്തിനകത്ത് സംബോധന ചെയ്യപ്പെടാനാവാത്ത വിധം സങ്കീര്‍ണ്ണമാണെന്ന് നാം ഇവിടെ ഉറക്കെ പറയേണ്ടതുണ്ട്.

കള്‍ച്ചര്‍ എന്ന സംവിധാനത്തിനകത്ത് കൊണ്ടും കൊടുത്തും വൈജാത്യം പുലര്‍ത്തുന്ന, വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളും, വിശ്വാസ സംഹിതകളുമുള്ള ശിഥിലമായ ഒരു ഘടനയാണ് ഇന്ത്യന്‍ മുസ്‌ലിമിന്റേത്. എല്ലാ കള്‍ച്ചറല്‍ വൈവിധ്യങ്ങളേയും തകര്‍ത്ത് ഇന്ത്യന്‍ മുസ്‌ലീങ്ങളെ സംശുദ്ധ ഇസ്‌ലാം എന്ന ഹെജിമണിക് മത പൗരോഹിത്യത്തിനകത്ത് വെച്ച് സംബോധന ചെയ്യുക എന്നതാണ് പ്രസ്തുത സംഘടനയുടെ നയം.

അതിനാല്‍ തന്നെ സംസ്‌കാരികമായി ബഹുസ്വരമായ മുസ്‌ലീം ജീവിതത്തിന്റെ  പ്രാതിനിധ്യമോ മുസ്‌ലിം പക്ഷ രാഷ്ട്രീയത്തിന്റെ അട്ടിപ്പേറവകാശമോ ജമാഅത്തെ ഇസ്‌ലാമിക്ക് അവകാശപ്പെടാന്‍ സാധിക്കില്ല. ആയത് കൊണ്ട് തന്നെ അവര്‍ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന മുസ്‌ലിം ഏതാണെന്നും, അധികാര സംവിധാനത്തിനകത്ത് അവരുടെ പദവി എന്താണെന്നുമുള്ള ചോദ്യം ഉന്നയിക്കുമ്പോഴേ ന്യൂനപക്ഷ രാഷ്ട്രീയത്തിന് വിമര്‍ശാവബോധവും ലക്ഷ്യവും കൈവരുന്നുള്ളൂ.

ഇസ്‌ലാം എന്ന അധികാരഘടനയ്ക്കകത്ത് മുസ്‌ലീങ്ങള്‍ വിവിധ ശ്രേണീ ബന്ധങ്ങളായി നില നില്‍ക്കുകയും വിവിധ തരം മേല്‍ക്കോയ്മ ബന്ധങ്ങള്‍ അതിനെ നിര്‍ണ്ണയിക്കുകയും ചെയ്യുന്നു. ഈ അധികാര ഘടനയെ അംഗീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നു എന്നത് കൊണ്ട് കൂടിയാണ് ഇസ്‌ലാം സന്തുലിതമാണെന്ന് അവര്‍ക്ക് പറയേണ്ടി വരുന്നത്. ഈ മുദ്രാവാക്യത്തിന്റെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുക എന്നതിനപ്പുറം അതിനകത്തെ രാഷ്ട്രീയ മാനങ്ങളെ വിമര്‍ശിക്കുക എന്നതാണ് ഈ കുറിപ്പിന്റെ താല്‍പര്യം.

 

ഇത്തരത്തില്‍ ജീവിതാവബോധങ്ങള്‍, ശൈലികള്‍, ചുറ്റുപാടുകള്‍, വിവിധ തരം സാമൂഹിക ഉല്‍പ്പാദന ബന്ധങ്ങള്‍, എന്നിവയാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന ഒരു സാംസ്‌കാരിക സ്വത്വമാണ് മുസ്‌ലിം എങ്കില്‍, ഇസ്‌ലാമിനെ നിര്‍ണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും തികച്ചും മതാത്മകമായ തത്വസംഹിതകളും, പൗരോഹിത്യ ഇടപാടുകളും, പുരുഷാധികാര തേര്‍വാഴ്ചകളുമടങ്ങുന്ന ഏകീകൃതമായ ഒരു അധികാര സ്വരൂപമാണ്.

ഇന്ത്യയ്ക്കകത്തെ  ഹിന്ദുത്വ സാംസ്‌കാരിക ഫാഷിസത്താല്‍ വേട്ടയാടപ്പെടുകയും, ഇസ്‌ലാം എന്ന അധികാരഘടനയ്ക്കത്ത് തങ്ങളെ പ്രതിഷ്ഠിക്കേണ്ടി വരികയും ചെയ്യേണ്ടുന്ന സംഘര്‍ഷങ്ങളായാണ് മുസ്‌ലിം സ്വത്വം സംഘര്‍ഷഭരിതമാകുന്നത്.

ഇസ്‌ലാം എന്നത് മേല്‍ കീഴ്ത്തട്ടുകളെ നിരന്തരമായി ഉറപ്പിക്കുന്ന കര്‍തൃപദവികളാല്‍ സുഘടിതമായ ഒന്നാണ്. അതിന്റെ ഘടനയെ വിമര്‍ശനരഹിതമായി ഉള്‍ക്കൊള്ളുന്നവര്‍ക്ക് ഇസ്‌ലാം സന്തുലിതമാണ്. എന്നാല്‍ ഇന്ത്യയിലെ മുസ്‌ലിം ജീവിതം സന്തുലിതമോ സംഘര്‍ഷമുക്തമോ അല്ല, അഖ്‌ലാക്ക് കമാലുദ്ദീന്‍ (കമല്‍ ) എന്നിവര്‍ മുസ്‌ലിം നാമധാരികളായത് കൊണ്ടാണ് വേട്ടയാടപ്പെട്ടത്. സംശയമില്ല.

ഒരാളുടെ പേര് എന്നത് നിലനില്‍ക്കുന്നതും ഇടപെടുന്നതും സംസ്‌കാരത്തിലാണ്. മുസ്‌ലിം വ്യക്തികളുടെ മത ജീവിതത്തിലുള്ള അയാളുടെ ഇടപാടുകള്‍ക്കപ്പുറം ഫാഷിസ്റ്റുകളെ വിറളിപിടിപ്പിക്കുന്നത് അയാളുടെ പേര് വേഷം സ്ഥലം ഇതൊക്കെ തന്നെയാണ്. ഓരോ ഇടങ്ങള്‍ക്കനുസരിച്ചും പേരിലും വേഷത്തിലും അവ വ്യത്യാസപ്പെടുന്നുണ്ട്. മറ്റൊരര്‍ത്ഥത്തില്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിനപ്പുറം കള്‍ച്ചറല്‍ വൈവിധ്യങ്ങള്‍ കൊണ്ട് ശിഥിലമായ കള്‍ച്ചറല്‍ മുസ്‌ലിം തന്നെയാണ് ഫാഷിസത്തിന്റെ മുഖ്യ ഇര.

ഇന്ത്യയ്ക്കകത്തെ മുസ്‌ലീങ്ങള്‍ സംഘ് ഫാസിസത്തെ നിരന്തരമായി എതിര്‍ക്കേണ്ടി വരുമ്പോഴും ചിലപ്പോഴെങ്കിലും ഇസ്‌ലാമിക മത പൗരോഹിത്യത്തെ തള്ളിപ്പറയേണ്ടി വരിന്നതിന്റേയോ അതിന്റെ ഇരകളാകേണ്ടി വരുന്നതിന്റേയോ സംഘര്‍ഷാവസ്ഥ നിരന്തരം അനുഭവിക്കേണ്ടി വരുന്നു. ചുരുക്കി പറഞ്ഞാല്‍ പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ പൗരോഹിത്യ സ്ത്രീ വിരുദ്ധ ഘടനയില്ല ഇന്ത്യയിലെ ബഹുസ്വരമായ മുസ്‌ലിം ജീവിതത്തിന്റേത്. ഇസ്‌ലാം സന്തുലിതമാണെങ്കില്‍ മുസ്‌ലിം ജീവിതം അട്ടിമറികള്‍ സാധ്യമായതും കീഴാളപരമായ രാഷ്ട്രീയ പ്രയോഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ഒരു സാംസ്‌കാരിക സ്വത്വമാണ്.

ഏകീകൃതമായ ഈ ഇസ്‌ലാം ഘടനയ്ക്കകത്ത് ഒരിക്കലും പ്രശ്‌നവല്‍ക്കരിക്കാതെ പോകുന്ന ഒന്നാണ് അതിനകത്തെ സ്ത്രീകളുടെ പദവി എന്നത്. കാരണം പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ യുക്തി എന്നത് തീര്‍ത്തും മതാത്മകയാല്‍ നിര്‍ണ്ണയിക്കപ്പെടുന്ന പുരുഷാധികാരത്തിന്റേതാണ്. ഇത് ഒരു മതസംഹിതയുടെയോ മറ്റോ മാത്രം പ്രശ്‌നമല്ല.

എല്ലാ മതങ്ങളും ഏറിയോ കുറഞ്ഞോ തത്വത്തില്‍ സ്ത്രീവിരുദ്ധമാണ്. അന്നത്തെ ചരിത്ര ഘട്ടത്തിന്റെ പരിമിതിയാണത്. ഇസ്‌ലാമിന്റെ നിയമസംഹിതകള്‍ക്കകത്ത് നിന്ന് ഇത്തരം അധികാര ബന്ധങ്ങളെ ചോദ്യം ചെയ്യാനാവില്ല. അവ തിരുത്തലുകള്‍ക്കും അട്ടിമറികള്‍ക്കും സാധ്യതയില്ലാത്ത മതസംഹിതകളാണ്. എന്നാല്‍ ഇസ്‌ലാമിന്റെ നൂറു കണക്കിന് പാഠഭേദങ്ങളുടെ ജീവിതവും സാംസ്‌കാരവുമുള്ള മുസ്‌ലിം ജീവിത പരിസരങ്ങള്‍ക്കകത്തു നിന്നാണ് സ്ത്രീകള്‍ ഈ അധികാര ബന്ധത്തെ ചോദ്യം ചെയ്യാനൊരുമ്പെടുന്നത്.

 

(പൊന്നാനിയിലെ പൂസ്‌ലാം എന്ന ജാതി ശ്രേണിയിലുള്ള സ്ത്രീകളുടെ പദവിയല്ല ഇതര ശ്രേണികളിലുള്ളത് എന്ന തരത്തിലുള്ള  ഉദാഹരണങ്ങള്‍. )ഇത്തരം സാംസ്‌കാരിക വൈജാത്യങ്ങളെ മുഴുവന്‍ ഇസ്‌ലാം എന്ന ഒറ്റ കാറ്റഗറിയില്‍ സംബോധന ചെയ്യുന്നതിലൂടെ ചേര്‍ന്ന് പോകുന്നത് ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കീഴാള പരമായ വിമോചന സാധ്യതകള്‍ ആണ്.

എന്നാല്‍ മുസ്‌ലിം സ്ത്രീകള്‍ മതത്തെ മത പൗരോഹിത്യത്തെ തങ്ങളുടെ പദവികളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാനൊരുമ്പെട്ടാല്‍ അതിനെ ഇസ്‌ലാമോഫോബിയ യുടെ ഉത്തമ ഉദാഹരണമായി എടുത്തുകാട്ടും മൗദൂദിസ്റ്റുകള്‍.  ഈ അട്ടിമറി സാധ്യതയെയും, ഇസ്‌ലാമിക അധികാര ഘടനയെ തന്നെ ചോദ്യം ചെയ്യാനുള്ള ഇന്ത്യയിലെ മുസ്‌ലിം ജീവിതത്തിന്റെ ആര്‍ജ്ജവത്തെ നിരാകരിക്കുന്നത് കൊണ്ടാണ് ഇസ്‌ലാമിനകത്തെ മുസ്‌ലിം സ്ത്രീകളുടെ പദവി എന്ന പ്രശ്‌നം ജമാഅത്തെ ഇ സ്‌ലാമിക്കാരെ ഇത്ര ആശയക്കുഴപ്പത്തിലാക്കുന്നത്.

മുസ്‌ലിം ജീവിതങ്ങളില്‍ നിന്നുള്ള സ്ത്രീ പ്രതിരോധങ്ങളെയല്ല അവര്‍ മുന്നോട്ട് വെക്കുന്നത് മറിച്ച് ഇസ്‌ലാമികമായ അധികാര ഘടനയ്ക്കകത്തെ പദവികളാണ്. അത് കൊണ്ടാണ് സംഘടനകളില്‍ സ്ത്രീകളെ മെമ്പര്‍ഷിപ്പില്‍ ഉള്‍പ്പെടുത്താത്തതിലും മുതല്‍ ജസ്. വര്‍മ്മ കമ്മിറ്റിക്ക് മുന്നില്‍ പ്രാകൃതമായ പുരുഷാധികാര നിയമ സംഹിതകളെ മുന്നോട്ടു വെക്കുന്നതില്‍ പോലും അവര്‍ക്ക് അലോസരമുണ്ടാകാത്തത്. നയപരമായി തന്നെ സത്രീകളോടുള്ള വിവേചനം എന്നത് പ്രയോഗത്തില്‍ ഉണ്ടാകുന്ന ചില ‘കൈപ്പിഴ’കളേക്കാള്‍ വില കൊടുക്കേണ്ടി വരുന്നതാണ്.

മതത്തിന്റെ അധികാര ഘടനയില്‍ വിശ്വസിക്കാനും, അതിന്റെ തികച്ചും സ്ത്രീവിരുദ്ധമായ നിയമാവലികളെ തെരഞ്ഞെടുക്കാനുമുള്ള ഒരു സ്ത്രീയുടെ അവകാശത്തെക്കുറിച്ചാണ് ഇവരുടെ ശ്രദ്ധ. അധികാരം എന്നാല്‍ ബലപ്രയോഗം മാത്രമല്ല എന്നും സമ്മതി നിര്‍മ്മാണത്തിന്റെ തലത്തില്‍ കൂടി വികസിക്കുന്ന അതിന്റെ പ്രയോഗ മാതൃകകളെ പരിഗണിക്കുന്നവര്‍ക്ക് ഈ വാദം ദഹിക്കാവുന്ന ഒന്നല്ല.

ഇങ്ങനെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഒരു സംഘടനയ്ക്കുള്ള സ്വാതന്ത്ര്യം കൂടിയാണ് ജനാധിപത്യം. പക്ഷെ അതിനെ വിമോചനം(എന്തില്‍ നിന്നുള്ളതും) എന്ന് പേരിട്ട് വിളിക്കരുത്. കാരണം വിമോചനം എന്നത് റാഡിക്കലായ മാറ്റവും എല്ലാത്തരം അധികാര രൂപത്തോടുമുള്ള പൊട്ടിത്തെറിയുമാണ്. ഇതതല്ല. വ്യവസ്ഥയെ കേടുപാടുകൂടാതെ നാളേക്ക് സംരക്ഷിച്ചു നിര്‍ത്തുകയാണ് നിങ്ങള്‍. വ്യവസ്ഥയുടെ തന്നെ പുനരുല്‍പ്പാദനം. ഇടതല്ല. തീവ്രവലതു തന്നെ. അത് കൊണ്ട് തന്നെയാണ് ഇന്ത്യയില്‍ മുസ്‌ലിം  ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പേറ്റന്റ് അവകാശപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന പല മട്ടില്‍ കീഴാളമായ മുസ്‌ലിം ജീവിതത്തെ പ്രതിനിധീകരിക്കാനോ പോരാടാനോ സാധിക്കാത്തത്…..

Advertisement