മുംബൈ: പ്രമുഖ ക്രൈം റിപ്പോര്‍ട്ടര്‍ ജെ ഡേയുടെ വധത്തിനുപിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്ന് ക്രൈംബ്രാഞ്ചിന് അജ്ഞാതഫോണ്‍. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഫോണ്‍ വന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

പേരുവെളിപ്പെടുത്താതെ അജ്ഞാതന്‍, മുഹമ്മദ് റാഫി എന്നയാളാണ് കൊലപാതകത്തിനു നേതൃത്വം കൊടുത്തതെന്ന് വ്യക്തമാക്കി. ഇതിനായി കശ്മീരികളെയാണ് അവരുപയോഗിച്ചതെന്നും പോലീസ് കണ്‍ട്രോള്‍ റൂമില്‍ വന്ന ടെലഫോണ്‍ സന്ദേശത്തില്‍ പറയുന്നു.

യമനില്‍നിന്നാണ് ഫോണ്‍ വന്നതെന്ന് പോലീസ് പറയുന്നു. കശ്മീരില്‍ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തിക്കുന്നതിന് തെളിവില്ലെന്നിരിക്കെ ഫോണ്‍വിളിയെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

ജ്യോതിര്‍മയി ഡേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായവര്‍ ഛോട്ടാ ഷക്കീല്‍ സംഘത്തില്‍പ്പട്ടവരാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

മുംബൈ അധോലോകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചെയ്തിരുന്ന ജേ ഡേ ജൂണ്‍ 11നാണ് മുംബൈയില്‍ വെടിയേറ്റുമരിച്ചത്. നേരത്തെ ഇന്ത്യന്‍ എക്‌സ്പ്രസിലും ഹിന്ദുസ്ഥാന്‍ ടൈംസിലും ജോലി ചെയ്തിരുന്ന ജ്യോതിമര്‍യി ഡേ എന്ന ജെ ഡേ മുംബൈയിലെ അറിയപ്പെടുന്ന ക്രൈം ജേര്‍ണലിസ്റ്റാണ്.