മുംബൈ: രാജ്യത്തെ നടുക്കിയ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണഏജന്‍സികള്‍ അറിയിച്ചു. സവേരിബസാറിലെ സ്‌ഫോടനടനത്തിനായി ബോംബ് സ്ഥാപിച്ചിരുന്ന സ്‌കൂട്ടറിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞിട്ടും സ്‌ഫോടനത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

Subscribe Us:

അടുത്തിടെ മധ്യപ്രദേശില്‍ നിന്ന് അറസ്റ്റിലായ ഇന്ത്യന്‍ മുജാഹീദീന്‍ നേതാക്കളായ മുജീബ് ഷെയ്ക്ക്, അബു ഫൈസല്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. 2008 ജൂലൈയില്‍ അഹമ്മദാബാദില്‍ നടന്ന ഭീകരാക്രമണത്തിലെ പിടികിട്ടാപുള്ളികളായിരുന്നു ഇവര്‍. ബാബറി ഭൂമിയുടെ ഒരു ഭാഗം ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് വിധിച്ച അലഹബാദ് ഹൈക്കോടതി ജഡ്ജിയെ കൊല്ലാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. അറസ്റ്റിലാകും മുന്‍പ് ഇവരുടെ സഹചാരികള്‍ മധ്യപ്രദേശിലെ ആന്റ് ടെററിസം സ്വാഡിലെ ഒരു കോണ്‍സ്റ്റബിളിനെയും വധിച്ചിരുന്നു.

ബുധനാഴ്ചത്തെ സ്‌ഫോടനത്തില്‍ നരേന്ദ്രമോഡി ഭരിക്കുന്ന സംസ്ഥാനത്തെ ആളുകളെയായിരുന്നു ലക്ഷ്യമിട്ടതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്്. അതുപോലെ ജൂലൈ 11 പുരിഎക്‌സ്പ്രസിലെ സ്‌ഫോടനത്തിനു പിന്നിലെ ലക്ഷ്യവും മുംബൈയില്‍ താമസിക്കുന്ന ഗുജറാത്തികളായിരുന്നെന്നാണ് ഇവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ആണെന്ന സംശയം ബലപ്പെടുകയാണ്.

ഗുജറാത്തിലെ ഗോധ്ര കലാപത്തില്‍ മുസ്‌ലീംങ്ങള്‍ കൊലചെയ്യപ്പെട്ടതിന് പകരം വീട്ടാനായി അഹമ്മദാബാദിലും സൂറത്തിലും ഭീകരാക്രമണം നടത്താന്‍ ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നു. ഗുജറാത്തികളോടുള്ള മുജീബിന്റെ അടങ്ങാത്ത പകയാണ് സ്‌ഫോടനം നടത്താനുള്ള പ്രേരണയായതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.

അതേസമയം, ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുംബൈയിലെ ഗുജറാത്തി തെരുവുകള്‍ക്ക് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു വലിയ സ്‌ഫോടനം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.