പെപ്‌സിയുടേതടക്കമുള്ള വാണിജ്യ ഉല്പന്നങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉണ്ടാക്കിയ കരാര്‍ റദ്ദാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിച്ചു.
മെഡിക്കല്‍ കൗണ്‍സിലിന്റെ 2002ലെയും 2009ലെയും സദാചാരസംഹിതയ്ക്ക് വിരുദ്ധമാണ് ഈ കരാറെന്നതിനാലാണ് നടപടി.

ഐ.എം.എയ്‌ക്കെതിരായി എന്തെങ്കിലും നടപടി എടുക്കണമോ എന്നകാര്യം നവംബര്‍ ഒമ്പതിന് ചേരുന്ന മെഡിക്കല്‍ കൗണ്‍സില്‍ യോഗം തീരുമാനിക്കും. ഒക്ടോബര്‍ 12ന് ഐ.എം.എ സെക്രട്ടറിയോട് കമ്പനിയുമായുണ്ടാക്കിയ കരാര്‍ കാണിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്നാണ് കൗണ്‍സിലിന്റെ പുതിയ നടപടി.

മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തിലെ 8(1) വകുപ്പ് പ്രകാരം ഐ.എം.എ കരാര്‍ നല്‍കുന്നതിനെ ചോദ്യം ചെയ്ത് ഐ.എം.എ കേന്ദ്ര സമിതി അംഗകൂടിയായ ഡോ.കെ.വി ബാബു നല്‍കിയ പരാതിയിലാണ് നടപടി.

പെപ്‌സിയുടെയും ഡാബറിന്റെയും മൂന്ന് ഉല്പന്നങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതിന് യഥാക്രമം 52, 23 ലക്ഷം രൂപയുടെ പ്രതിവര്‍ഷകരാറിലാണ് 2008ല്‍ ഐ.എം.എ ഒപ്പ് വെച്ചത്.