ദല്‍ഹിയില്‍ ആ പാവം പെണ്‍കുട്ടിക്കെതിരെ നടന്ന അതിക്രൂരമായ പീഡനത്തെ എതിര്‍ത്തുകൊണ്ട് ദല്‍ഹിയിലെ തിളയ്ക്കുന്ന വിദ്യാര്‍ത്ഥിയൗവ്വനം ഉണര്‍ന്നെത്തിയതിനെ ‘മധ്യവര്‍ഗ സുന്ദരി സുന്ദരന്‍മാരുടെ’ മാധ്യമ സമരമായി മാവോയിസ്റ്റുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഉടനീളം പ്രചരിപ്പിച്ചത് അരുന്ധതി റോയി നല്‍കിയ ‘വര്‍ഗവിശകലന’ത്തിന്റെ ഏക പിന്‍ബലത്തിലായിരുന്നു.ഷഫീക്ക് എച്ച് എഴുതുന്നു.


എസ്സേയ്‌സ് / ഷഫീക്ക് എച്ച്

‘പച്ചക്കറിക്കടക്കാരും ഡ്രൈവര്‍മരും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തത് ഒരു മധ്യവര്‍ഗത്തിലെ പെണ്‍കുട്ടിയെ ആയിരുന്നുവെന്നും അതുകൊണ്ടാണ് ദല്‍ഹിയിലെ മധ്യവര്‍ഗങ്ങള്‍ സമരത്തിലേക്ക് എടുത്തുചാടിയതും’ എന്ന മഹത്തായ കണ്ടുപിടിത്തവുമായാണ് അഭിനവ മാവോവാദി ബുദ്ധിജീവിയായ അരുന്ധതിറോയി ഈ അടുത്തകാലത്ത് രംഗപ്രവേശം ചെയ്തത്.

അന്ന് അരുന്ധതിയുടെ ഈ വാദഗതിയെ തൊള്ളതൊടാതെ വിഴുങ്ങിക്കൊണ്ട് മാവോയിസ്റ്റുകള്‍ ദല്‍ഹിസമരത്തിനു നേരെ സൈദ്ധാന്തിക വെടിയൊച്ചകള്‍ മുഴക്കിയതും നമ്മള്‍ കണ്ടതാണ്.

Ads By Google

ഇപ്പോള്‍ ഇവരൊക്കെ തന്നെ ഇഞ്ചികടിച്ച കുരങ്ങന്റെ അവസ്ഥയിലായി. കാരണം ദല്‍ഹിയില്‍ ഈ ‘ദലിത്/തൊഴിലാളിവര്‍ഗ’ പുരുഷന്‍മാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി ദരിദ്ര കുടുംബത്തില്‍ നിന്നും വന്ന ഒരു ദലിതായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു.

കുര്‍മി എന്ന പിന്നോക്ക ജാതി വിഭാഗത്തില്‍പ്പെട്ട ദരിദ്ര കര്‍ഷക കുടുംബത്തില്‍ നിന്നും മെഡിക്കല്‍ പഠനം സ്വപ്‌നം കണ്ടെത്തിയ ഇവളെ നരാധമന്മാര്‍ പിച്ചിച്ചീന്തിയപ്പോള്‍ നമ്മുടെ ഈ മവോയിസ്റ്റ് സൈദ്ധാന്തിക എന്തിനു വേണ്ടിയായിരുന്നു ഇത്തരമൊരു വ്യാജ പ്രചരണവുമായി രംഗത്തെത്തിയത്?

ദല്‍ഹിയില്‍ ആ പാവം പെണ്‍കുട്ടിക്കെതിരെ നടന്ന അതിക്രൂരമായ പീഡനത്തെ എതിര്‍ത്തുകൊണ്ട് ദല്‍ഹിയിലെ തിളയ്ക്കുന്ന വിദ്യാര്‍ത്ഥിയൗവ്വനം ഉണര്‍ന്നെത്തിയതിനെ ‘മദ്ധ്യവര്‍ഗ സുന്ദരി സുന്ദരന്‍മാരുടെ’ മാധ്യമ സമരമായി മാവോയിസ്റ്റുകള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഉടനീളം പ്രചരിപ്പിച്ചത് അരുന്ധതി റോയി നല്‍കിയ ‘വര്‍ഗവിശകലന’ത്തിന്റെ ഏക പിന്‍ബലത്തിലായിരുന്നു.

ഇന്ത്യയിലുടനീളം ദലിതരായിട്ടുള്ളവര്‍ കടുത്ത ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാകുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ അരുന്ധതിറോയിയുടെ ആനബുദ്ധിയുടെയൊന്നും ആവശ്യമില്ല. ഇത്തരം പീഡനങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങളും ചെറുത്തു നില്‍പുകളും ഉയര്‍ന്നുവരേണ്ടത് അനിവാര്യം തന്നെയാണ്.

വിവിധ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ മുന്നേറ്റങ്ങള്‍ പ്രാദേശീയവും ദേശീയവുമായ തലത്തില്‍ നടന്നു വരുന്നതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ ജനാധിപത്യസമരങ്ങള്‍ നടക്കുന്നില്ല എന്ന് പൂര്‍ണമായി പറയാനാവില്ല. നവജനാധിപത്യ പ്രസ്ഥാനങ്ങളും ഇത്തരം വിഷയങ്ങള്‍ ഏറ്റെടുക്കുന്നുണ്ട്. അത്് ഒരുപാട് വികസിക്കേണ്ടതുമുണ്ട്.

അതുകൊണ്ട് മാവോയിസ്റ്റുകള്‍ മാത്രമാണ് ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ കാണുന്നുള്ളുവെന്ന മിഥ്യാഭിമാനത്തിനും വകയില്ല. മറിച്ച് ഇത്തരം ചെറുസമരങ്ങളെ മാവോയിസ്റ്റുകള്‍ക്ക് കാണാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം. കാരണം അത്രമാത്രം ഏകപക്ഷീയവും ആത്മനിഷ്ഠവുമായ വിലയിരുത്തലിലാണ് മാവോയിസ്റ്റ് പ്രസ്ഥാനം അഭിരമിക്കുന്നത്.

ഈ ബുദ്ധിജീവികള്‍ തങ്ങളുടെ സൈദ്ധാന്തിക വാചാടോപങ്ങള്‍ ആരെയാണ് സഹായിക്കുന്നത് എന്ന് തിരിച്ചറിഞ്ഞില്ല. വിപ്ലവപക്ഷത്തിനുണ്ടാവുന്ന ഏതൊരു പിഴവും ഭരണ വര്‍ഗത്തെയായിരിക്കും സഹായിക്കുക എന്ന മാവോയുടെ അതീവ ലളിതമായ വചനങ്ങളെ പോലും ഗ്രഹിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല

ജനാധിപത്യ സമരമാര്‍ഗങ്ങളെ അപ്പാടെ നിഷേധിക്കുകയും ഭരണകൂടത്തിനെതിരായ സമരത്തിലേക്ക്, ഏകമാത്ര സമരമാര്‍ഗത്തിലേക്ക് വിപ്ലവസമരങ്ങളെ ചുരുക്കുകയും ചെയ്യുകയാണ് മാവോയിസ്റ്റുകള്‍.

അതുകൊണ്ടാണ് തങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണകൂടത്തിനെതിരെയുള്ള സായുദ്ധ പോരാട്ടത്തിനപ്പുറം വികസിച്ചുവരുന്ന സമരങ്ങളെ ഇവര്‍ ശത്രുതാപരമായിത്തന്നെ നേരിടുന്നത്. ഇത്തരം ഗൂഡാലോചന തന്നെയാണ് അരുന്ധതിറോയിയുടെ രംഗപ്രവേശത്തിനും പിന്നിലെന്ന് നമുക്ക് മനസ്സിലാക്കാം.

ദല്‍ഹിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങളൊന്നും പുറത്തുവരാതിരുന്ന ഒരു സമയത്ത്, അതും പെണ്‍കുട്ടിയെ വിവിധ നാമങ്ങളില്‍ വിളിച്ചുകൊണ്ടിരുന്ന സമയത്ത് എങ്ങനെയാണ് അവള്‍ ഒരു മധ്യവര്‍ഗ പെണ്‍കുട്ടിയാണെന്ന് അരുന്ധതിക്ക് മനസ്സിലായ്ത്? അതും സചിന്‍ ടെണ്ടുല്‍ക്കറിന്റെ വിരമിക്കല്‍ നാടകവുമൊക്കെ അരങ്ങേറുന്ന വേളയിലാണ് സാക്ഷാല്‍ അരുന്ധതിയുടെയും വിവാദ അഭിമുഖം ചാനല്‍ചര്‍ച്ചകളിലേയ്ക്ക് കടന്നുവന്നത്.

തന്റെ ഈ വാദഗതി എങ്ങനെയാണ് ഇന്ത്യയിലെ യുവത്വത്തിത്തില്‍ ഒരു ചെറുവിഭാഗത്തെയെങ്കിലും പ്രതിസന്ധിയിലാക്കുകയെന്ന് അരുന്ധതിറോയ്ക്ക് നന്നായിതന്നെ അറിയാം. അപ്പോള്‍ ജനകീയമായി നടക്കുന്ന ഒരു സമരത്തിന്റെ കടക്കല്‍ കത്തിവെക്കാന്‍ അരുന്ധതിറോയി മാവോയിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി സൈദ്ധാന്തിക കൂലിയെഴുത്ത് നടത്തുകയായിരുന്നു.

ഇന്ത്യയില്‍ പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്റെയും ജനകീയയുദ്ധത്തിന്റെയും ട്രാജിക്‌കോമഡി വില്‍ക്കുകയാണിപ്പോള്‍ ഇവര്‍ ചെയ്യുന്നത്

ഈ ഏകപക്ഷീയത മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ കൂടെപ്പിറപ്പാണെന്നത് അതിന്റെ തന്നെ ചരിത്രം. 1970കളില്‍ സി.പി.ഐ.എമ്മിന്റെ ആധുനിക തിരുത്തല്‍വാദത്തിനെതിരെ സഖാക്കള്‍ ചാരുമജുംദാറിന്റെയും കാനുസന്യാലിന്റെയും നേതൃത്വത്തില്‍ ജന്മംകൊണ്ട നക്‌സല്‍ബാരി പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്ര പാരഡിമാത്രമാണ് ഇന്ത്യന്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ ആശയതലവും.

ആധുനിക തിരുത്തല്‍വാദത്തിനെതിരെ ശക്തമായ പ്രസ്ഥാനമായി വളര്‍ന്നുവെന്നത് നക്‌സല്‍ബാരി പ്രസാഥാനത്തിന്റെ ചരിത്രപരമായ പ്രസക്തിയായി വിലയിരുത്താം. എന്നാല്‍ പ്രായോഗികമായി നക്‌സല്‍ബാരി പ്രസ്ഥാനം മുന്നോട്ട് വെച്ച ആശയശാസ്ത്രം തകര്‍ന്നടിഞ്ഞ കാഴ്ച്ചയാണ് നമ്മള്‍ ചരിത്രത്തില്‍ കാണുന്നത്.

ഈ ചരിത്രത്തെ വിലയിരുത്താനും അതില്‍ നിന്നും പാഠമുള്‍ക്കൊള്ളാനും തയ്യാറാവാതെ ഇന്നും ഇന്ത്യയില്‍ പുത്തന്‍ ജനാധിപത്യ വിപ്ലവത്തിന്റെയും ജനകീയയുദ്ധത്തിന്റെയും ട്രാജിക്‌കോമഡി വില്‍ക്കുകയാണിപ്പോള്‍ ഇവര്‍ ചെയ്യുന്നത്.

ഇതേ ട്രാജിക് കോമഡിയാണ് ദല്‍ഹി വിഷയത്തിലും മാവോയിസ്റ്റ് ബുദ്ധിജീവികള്‍ക്ക് പറ്റിയത്. മാധ്യമങ്ങള്‍ക്ക് പറ്റിയ മുഖമുള്ള സുന്ദരി സുന്ദരന്‍മാരുടെ സമരമെന്ന് ദല്‍ഹി സമരത്തെ ഇവര്‍ വിശേഷിപ്പിച്ച അതേ അവസരത്തില്‍ തന്നെ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകന്റെ പ്രസ്താവനയും വന്നു, ‘കുറേ പെയിന്റടിച്ച പെണ്‍കുട്ടികളുടെ സമരം’.

അപ്പോഴും ഈ ബുദ്ധിജീവികള്‍ തങ്ങളുടെ സൈദ്ധാന്തിക വാചാടോപങ്ങള്‍ ആരെയാണ് സഹായിക്കുന്നത് എന്ന് തിരിച്ചറിഞ്ഞില്ല. വിപ്ലവപക്ഷത്തിനുണ്ടാവുന്ന ഏതൊരു പിഴവും ഭരണ വര്‍ഗത്തെയായിരിക്കും സഹായിക്കുക എന്ന മാവോയുടെ അതീവ ലളിതമായ വചനങ്ങളെ പോലും ഗ്രഹിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.
അടുത്ത പേജില്‍ തുടരുന്നു