തിരുവന്തപുരം: നിലവാരം കുറഞ്ഞ ചൈന നിര്‍മ്മിത ഓട്ടോറിക്ഷകള്‍ കേരള വിപണിയിലെത്തുമ്പോഴേക്കും അങ്ങു ദൂരെ സെനഗലില്‍ കേരള നിര്‍മ്മിത ഓട്ടോകള്‍ ചൈനയെ പ്രതിരോധിക്കാന്‍ പ്രാപ്തരായിരിക്കും. അറ്റ്‌ലാന്റിക് തീരദേശ രാജ്യമായ സെനഗലിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ കേരളത്തില്‍ നിന്നും ഓട്ടോകള്‍ കയറ്റുമതി ചെയ്യാന്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞതോടെയാണ് വിപണനത്തില്‍ കേരള നിര്‍മ്മിത ഓട്ടോകളും ചൈനീസ് ഓട്ടോകളും നേര്‍ക്കുനേര്‍ വരിക.

സെനഗലിന്റെ തലസ്ഥാനമായ ദാക്കറില്‍ ഇപ്പോള്‍ കൂടുതലായും വിറ്റഴിയുന്നത് ചൈന നിര്‍മ്മിത മുച്ചക്രവാഹനമായ ലിമൊയാണ്. കേരളത്തില്‍ നിന്നും ഓട്ടോകള്‍ ഇറക്കുമതി ചെയ്താല്‍ അത് ഏറെ ബാധിക്കുന്നതും ലിമൊയെ ആയിരിക്കും. സംസ്ഥാന പി.എസ്.യു കേരള ഓട്ടോമൊബൈല്‍സ് ലിമ്റ്റഡ് (കെ.എ.എല്‍) ആണ് കേരളത്തില്‍ നിന്നും പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സെനഗലിലേക്ക് 1000 ഓട്ടോറിക്ഷകള്‍ കയറ്റുമതി ചെയ്യാന്‍ ധാരണയായത്.

Subscribe Us:

നെയ്യാറ്റിന്‍കര താലൂക്കിലെ അരളുമൂട് 1978 ല്‍ സ്ഥാപിതമായ കെ.എ.എല്‍ മുന്‍പ് ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാന്‍, സൗത്ത് ആഫ്രിക്ക, നൈജീരിയ, ബോട്‌സ്വാന എന്നിവയോടും മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാണ്ടോമാലയുമായും വ്യാപാരബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

‘ദല്‍ഹിയില്‍ വച്ചു സെനഗല്‍ സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പ്രാരംഭഘട്ടത്തില്‍ ആഴ്ച്ചയില്‍ മൂന്നു ഓട്ടോ വീതം കപ്പലില്‍ അയക്കും. തുടര്‍ന്ന് 1000 എണ്ണം അയക്കാനുള്ള നടപടികള്‍ സ്വീകരിക്കും’ എന്ന് കെ.എ.എല്‍ മാനേജിങ് ഡയറക്ടര്‍ ഇ. അബ്ദുല്‍ ലത്തീഫ് പറഞ്ഞു. കെ.എ.എല്‍ മുന്‍പും ആഫ്രിക്കന്‍ രാജ്യങ്ങളുമായി കരാറുകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ സെനഗലുമായി ഇതാദ്യമാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഓട്ടോകള്‍ അയക്കാനാണ് ധാരണയായത്അബ്ദുല്‍ ലത്തീഫ് കൂട്ടിചേര്‍ത്തു.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈജിപ്തിലേക്ക് കയറ്റുമതി ചെയ്ത ശേഷം ഇതാദ്യമായാണ് ഇത്ര അധികം ഓട്ടോകള്‍ ആഫ്രിക്കന്‍ രാജ്യത്തിലേക്ക് അയക്കുന്നത്. ആഗോള വാണിജ്യത്തില്‍ വന്‍ തിരിച്ചു വരവാണ് കെ.എ.എല്‍ നടത്തിയത്.

ദൂരം കൂടുതലായതിനാല്‍ സെനഗലിലെ മെക്കാനിക്കുകള്‍ക്ക് ഓട്ടോ റിപ്പയര്‍ ചെയ്യുന്നതിനുള്ള പരിശീലനം നല്‍കാനും കെ.എ.എല്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് വരും വര്‍ഷങ്ങളില്‍ ഓട്ടോകള്‍ കയറ്റുമതി ചെയ്യുന്നതും കെ.എ.എല്ലിന്റെ പരിഗണനയിലാണ്.

Malayalam News

Kerala News In English