ന്യൂദല്‍ഹി: ഇന്ത്യയിലെ ഇടതുപക്ഷ കക്ഷികള്‍ 40കളുടെ തടവറയാലാണെന്ന സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ പ്രസ്താവന ചര്‍ച്ചയാകുന്നു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും 1940 ലെ വിശ്വാസ പ്രമാണങ്ങളും ആശയങ്ങളുമാണ് കൊണ്ടുനടക്കുന്നതെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ സ്വയം വിമര്‍ശനം.

ഇടതു പ്രസ്ഥാനങ്ങളുടെ സിദ്ധാന്തങ്ങള്‍ക്കു ന്യൂനതയുണ്ടെന്നു സമ്മതിച്ച കാരാട്ട് ഇന്ത്യയില്‍ നടക്കുന്ന അതിവേഗ മാറ്റങ്ങളെ മനസ്സിലാക്കേണ്ടത് ആവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു. നവ ഉദാരീകരണവും മുതലാളിത്തവും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഇടതുപക്ഷ കക്ഷികള്‍ സിദ്ധാന്തങ്ങളെ പുനരാവിഷ്‌കരിക്കണമെന്നും ജാതിവ്യവസ്ഥയെ വായിച്ചെടുക്കുന്നതില്‍ ഇന്ത്യയിലെ ഇടതുപക്ഷത്തിന് ചരിത്രപരമായ തെറ്റുപറ്റിയതായും കാരാട്ട് പറഞ്ഞിരുന്നു.

പ്രമുഖ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്‍ വിക്ടര്‍ കിര്‍നാന്‍ അനുസ്മരണാര്‍ഥം കേംബ്രിജ് സര്‍വകലാശാലയില്‍ നടന്ന പ്രഭാഷണത്തിലാണ് കാരാട്ട് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.

ബ്രിട്ടനിലെ കോളനിവാഴ്ചയെക്കുറിച്ചു ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള കിര്‍നാന്‍ 1940കളില്‍ പ്രസിദ്ധമായ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രകാരസംഘത്തില്‍ എറിക് ഹോബ്‌സ്‌ബോം, ഇ. പി. തോംസണ്‍, ക്രിസ്റ്റഫര്‍ ഹില്‍ തുടങ്ങിയവര്‍ക്കൊപ്പമുണ്ടായിരുന്ന പ്രഗത്ഭനാണ്.

എന്നാല്‍ കാരാട്ടിന്റെ പ്രസ്താവന അമ്പരപ്പുളവാക്കുന്നതാണെന്നാണ് പ്രമുഖ സി.പി.ഐ.എം നേതാക്കള്‍ പ്രതികരിക്കുന്നത്. പ്രത്യക്ഷത്തില്‍ പ്രതികരിക്കാന്‍ ആറും തയ്യാറായിട്ടില്ലെങ്കിലും നേതാക്കള്‍ക്കുള്ളില്‍ വിഷയം ചൂടുള്ള ചര്‍ച്ചയായിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ തിരുത്തല്‍ വേണമെന്ന് ആഗ്രഹിക്കുന്ന നേതാക്കള്‍ കാരാട്ടിന്റെ പ്രസ്താവനയെ ശുഭ സൂചനയായാണ് കാണുന്നത്.

കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ കുറച്ചുകൂടി കാലോചിതമായ പ്രത്യയശാസ്ത്ര രേഖയുണ്ടാക്കാന്‍ തീരുമാനമായിരുന്നുവെങ്കിലും അത് ഇതുവരെ നടന്നിട്ടില്ല.