Administrator
Administrator
ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍
Administrator
Monday 11th July 2011 5:43pm

എസ്സേയിസ് / ഷിദീഷ് ലാല്‍

ജുഡീഷ്യറിയുടെ ഒരു വേനലവധിക്കാലം കൂടി കഴിഞ്ഞു. മെയ് 16മുതല്‍ ജൂലൈ 3 വരെ നീണ്ട 49 ദിവസങ്ങള്‍ ആയിരുന്നു സുപ്രീംകോടതിയുടെ വേനലവധി. എപ്രില്‍ 16 മുതല്‍ മെയ് 22 വരെയായിരുന്നു കേരള ഹൈക്കോടതിയുടെയും മറ്റ് കീഴ്‌ക്കോടതികളുടേയും വേനലവധി. കോടതിയും അതിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒഴികെ മറ്റ് സ്വകാര്യപൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേനലവധി എന്നത് ഒരു സ്‌ക്കൂള്‍ നൊസ്റ്റാള്‍ജിയ മാത്രമാണ്. ഇന്ത്യമഹാരാജ്യത്തെ കോടതികളില്‍ ലക്ഷക്കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുമ്പോള്‍ സുദീര്‍ഘമായ ഈ വേനലവധിയെ ചോദ്യം ചെയ്യുകയാണിവിടെ.

കോടതികളുടെ വേനലവധി സമ്പ്രദായത്തിന്റെ ഉത്ഭവം തേടി പോവുകയാണെങ്കില്‍ എത്തിച്ചേരുക ബ്രിട്ടീഷ് കോളനിയായ ഇന്ത്യയിലാണ്. ബ്രിട്ടീഷ് നിയമത്തിന് കീഴിലുള്ള ഇന്ത്യ. ഫുള്‍ ബോട്ടം വിഗ് വെച്ച് ബ്രിട്ടീഷുകാരായ ന്യായാധിപന്‍മാര്‍. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയിലെ ചൂട് അസഹനീയമാകുമ്പോള്‍ ഈ ന്യായാധിപന്‍മാര്‍ ബ്രിട്ടനിലേക്ക് തിരിച്ചു പോവുമായിരുന്നു. വേനല്‍ കഴിഞ്ഞ് അവര്‍ തിരിച്ച വരുന്നത് വരെ കോടതികള്‍ക്ക് അവധി ആയിരിക്കും. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി. ബ്രിട്ടീഷ് ന്യായാധിപന്‍മാര്‍ മാറി ഇന്ത്യക്കാര്‍ വന്നു. പക്ഷെ ഇന്നും ഈ വേനലവധി സമ്പ്രദായം തുടര്‍ന്നുപോവുന്നു.

2011ലെ സുപ്രീംകോടതി കലണ്ടര്‍ പ്രകാരം 232 ജോലി ദിവസങ്ങളും 132 അവധി ദിവസങ്ങളും ആണുള്ളത്. വേനലവധി കൂടാതെ ദസറ, ഹോളി. ദീപാവലി ഉത്സവങ്ങള്‍ക്ക് ഓരോ ആഴ്ചവീതവും ക്രിസ്തുമസിന് രണ്ടാഴ്ചയും അവധി ഉണ്ട്. മറ്റ് പൊതുഅവധി ദിവസങ്ങള്‍ വേറെയും.

ഇന്ത്യയിലൊട്ടാകെ മൂന്ന് കോടി കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ വേണ്ടി കാത്തുകിടക്കുന്നു. ഇതില്‍ സുപ്രീംകോടതിയില്‍ 52,000 കേസുകള്‍ ഉണ്ട്. രാജ്യത്തെ മറ്റെല്ലാ ഹൈക്കോടതികളിലുമായി 40ലക്ഷം കേസുകള്‍ കെട്ടി കിടക്കുന്നു. രണ്ടരകോടിയിലധികം കേസുകള്‍ കീഴ്‌ക്കോടതികളിലും ചുവന്ന നാടകളിലിരിക്കുന്നു. ഇത്രയും കേസുകള്‍ കെട്ടി കിടക്കുന്നതിന്റെ പലകാരണങ്ങളില്‍ ഒന്ന് തീര്‍ച്ചയായും കോടതികളുടെ നീണ്ട അവധി ദിവസങ്ങള്‍ തന്നെയാണ്. ഇന്ത്യയിലെ ജഡ്ജ്-ജനസംഖ്യ അനുപാതം 10 ലക്ഷം ജനങ്ങള്‍ക്ക് 10.5 ജഡ്ജിമാര്‍ എന്നാണ്. ഇത് ലോകത്തിലെ കുറഞ്ഞ നിരക്കുകളില്‍ ഒന്നാണ്. ആസ്‌ത്രേലിയയില്‍ 41.6ഉം ഇംഗ്ലണ്ടില്‍ 50.9ഉം ആണ് ഈ അനുപാതം ജഡ്ജ്ജനസംഖ്യ അനുപാതം ഇത്രയും കുറഞ്ഞ നമ്മുടെ രാജ്യത്തെ കോടതിയുടെ സുദീര്‍ഘമായ അവധികള്‍ വ്യവഹാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് കൂനിന്‍മേല്‍ കുരു ആയി മാറുകയാണ്.

കണ്ണൂരിലെ അഷ്‌ന വധശ്രമക്കേസിലെ വിധി വന്ന ദിവസം ഒരു പത്രത്തില്‍ വന്ന വാര്‍ത്ത ഇങ്ങനെ വായിക്കാം. ‘ കണ്ണൂരിലെ അതിവേഗ കോടതിയാണ് എട്ട് വര്‍ഷം കൊണ്ട് അഷ്‌ന വധശ്രമക്കേസിലെ വിധി പ്രഖ്യാപിച്ചത്. അതിവേഗ കോടതിയ്ക്ക് വിധി പ്രഖ്യാപിക്കാന്‍ എട്ട് വര്‍ഷമാണെങ്കില്‍ സാധാരണ കോടതികളിലെത്തുന്ന കേസുകളുടെ വിധി വരാന്‍ എത്ര നാള്‍ കഴിയും. ഭോപ്പാല്‍ ദുരന്തത്തിന്റെ വിധി 26 വര്‍ഷങ്ങള്‍ക്ക് ശേഷം വന്നപ്പോള്‍ അതിന് ബലിയാടായവരില്‍ അധികവും മണ്‍മറഞ്ഞ് പോയിരുന്നു. ഇടമലയാര്‍ കേസിന്റെ വിധി വന്നത് 30വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. 60 വര്‍ഷമായിട്ടും അയോധ്യക്കേസിന്റെ അന്തിമ വിധി വന്നിട്ടില്ല. വൈകിവരുന്ന നീതി നീതിനിഷേധത്തിന് തുല്യമാണ് എന്ന ചൊല്ല് വീണ്ടും ഓര്‍മ്മിപ്പിക്കട്ടെ…

കേസുകള്‍ കേട്ട് അത് സൂഷ്മമായി വിശകലനം ചെയ്ത് വിധി പ്രഖ്യാപിക്കുന്നത് വരെ ന്യായാധിപന്‍മാര്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളില്‍ കുറവ് വരുത്താന്‍ ദീര്‍ഘമായ അവധികള്‍ ആവശ്യമാണ് എന്നാണ് കോടതി അവധികളെപറ്റിയുള്ള അനൗദ്യോഗിക വിശദീകരണം. ഒരുപാട് കാലം ന്യായാധിപനായി പ്രവര്‍ത്തിച്ച ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ തന്നെ ഈ സമ്പ്രദായത്തിനെതിരെ കൈ ഉയര്‍ത്തുമ്പോള്‍ മുകളില്‍ പറഞ്ഞ കാരണത്തിന്റെ പൊള്ളത്തരം മനസിലാക്കാന്‍ കഴിയും. കഴിഞ്ഞവര്‍ഷം കോടതിയുടെ വേനലവധി കഴിഞ്ഞസമയത്ത് കേന്ദ്ര നിയമവകുപ്പ് മന്ത്രി ശ്രീ വീരപ്പ് മൊയ്‌ലിക്ക് എഴുതിയ കത്തില്‍ സമ്മര്‍ വെക്കേഷന്‍ എടുത്ത് കളയാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് ജസ്റ്റിസ് കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാ പബ്ലിക് സെര്‍വെന്‍്‌സും കഠിനാദ്ധ്വാനം ചെയ്യണം. ജഡ്ജിമാര്‍ അതില്‍ നിന്നും ഒട്ടുവ്യത്യസ്തമായിരിക്കരുത് എന്ന നെഹ്‌റുവിന്റെ പ്രസ്താവന കൃഷ്ണയ്യര്‍ കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യര്‍ കേരളത്തിലെ നിയമമന്ത്രി ആയിരുന്ന സമയത്ത് ഹൈക്കോടതി ജഡ്ജിമാരുടെ പ്രവൃത്തി ദിവസം 10 ദിവസം കൂട്ടിയതും കത്തില്‍ സൂചിപ്പിച്ചിരുന്നു.

കോടതികളുടെ അവധി ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല എന്ന് നിയമമന്ത്രി വീരപ്പമൊയ്‌ലി പാര്‍ലമെന്റില്‍ പറയുകയുണ്ടായി. പിന്നെ നമ്മുടെ ആശ്വാസം പൊതുതാല്‍പര്യ ഹരജിക്കാരാണ്. എം.പിമാരുടെ ശമ്പളം വര്‍ധനബില്‍ അവതരിപ്പിക്കുമ്പോള്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാ എം.പിമാരും കൈ ഉയര്‍ത്തുന്ന പ്രതിഭാസത്തിന്റെ വിപരീതമായ പ്രതിഭാസം കോടതികളില്‍ നിന്നുണ്ടാവും എന്ന സംശയം കൊണ്ടായിരക്കും പൊതുതാല്‍പര്യ ഹരജിക്കാര്‍ ഈ വിഷയത്തില്‍ അധികം താല്‍പര്യം കൊടുക്കാത്തത്.

ബ്രിട്ടീഷ് ഭരണകാലത്ത് ജഡ്ജിമാരെ മൈ ലോഡ്, മൈ ലേഡി എന്നാണ് വക്കീലന്‍മാര്‍ അഭിസംബോധന ചെയ്തിരുന്നത്. സ്വാതന്ത്ര്യാനന്തരം അത്രയും വിധേയത്വം മുറ്റി ന്ില്‍ക്കുന്ന പദം ഒഴിവാക്കി യുവര്‍ ഓണര്‍ എന്നാക്കി മാറ്റി. ബ്രിട്ടീഷ് ജഡ്ജിമാര്‍ ഉപയോഗിച്ചിരുന്ന ചുരുളന്‍ മുടി വിഗ് സമ്പ്രദായവും മാറി. ജഡ്ജിമാരുടെ അധികാര സൂചകമായി അവരോടൊപ്പം കൊണ്ടു നടന്നിരുന്ന വെള്ള ദണ്ഡ് ഈയടുത്ത കാലത്താണ് ഒഴിവാക്കിയത്. നിര്‍ണ്ണായകമായ പല കേസുകളിലും സ്വയം ഇടപെട്ട് സുപ്രധാന വിധി പ്രഖ്യാപിക്കാറുള്ള കോടതി ഈ വിഷയത്തിലും സ്വമേധയാ ഇടപെട്ട് ഒരു മാറ്റി എഴുത്തിന് സമീപ ഭാവിയില്‍ തയ്യാറാകും എന്ന് പ്രത്യാശിക്കാം.

കോടതിയ്‌ക്കെതിരെ സംസാരിച്ചാല്‍ കോടതീയലക്ഷ്യം എന്നൊരു നടപടിയുണ്ട്. മുകളിലെഴുതിയത് അങ്ങനെ ആവാന്‍ സാധ്യതയില്ല. കാരണം അതെല്ലാം സത്യങ്ങളാണ്. സത്യത്തിന് ലക്ഷ്യങ്ങളെയുള്ളൂ, അലക്ഷ്യങ്ങളില്ല.

Advertisement