Categories
boby-chemmannur  

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ 30ാം വാര്‍ഷികത്തിന് വെള്ളിയാഴ്ച തുടക്കം

ജിദ്ദ : ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന മുപ്പതാം വാര്‍ഷിക പരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കം. ‘മുന്നേറ്റത്തിന്റെ മുപ്പതാണ്ട്’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന ആഘോഷപരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം സഊദി മതകാര്യ നിയമ വകുപ്പുകളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 30ന് വെള്ളിയാഴ്ച നടക്കും. ശറഫിയയിലെ ഇസ്‌ലാഹി സെന്റര്‍ ആസ്ഥാനത്ത് വെച്ച് നടക്കുന്ന പ്രസ്തുത പരിപാടിയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിലെ പ്രശസ്തരും സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

നവോത്ഥാന സമ്മേളനം, യുവജന സമ്മേളനം, വനിതാ സംഗമം, ടീന്‍സ് മീറ്റ്, ബാല സമ്മേളനം, നോണ്‍ കേരളൈറ്റ്‌സ് മീറ്റ്, സാഹിത്യ സദസ്, മലയാളി സംഘടനാ നേതാക്കളുടെ സംഗമം, ഖുര്‍ആന്‍ പഠിതാക്കളുടെ സംഗമം, ദ ട്രൂത്ത് ദഅവ ക്യാംപ്, മീഡിയ വര്‍ക്ക്‌ഷോപ്പ്, നേതൃപരിശീലന ക്യാമ്പ്, ഫോക്കസ് ഇക്കോ സെനറ്റ്, പരിസ്ഥിതി ചിത്രരചനാ മത്‌സരം, പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമുള്ള വ്യക്തിത്വ വികസന ക്ലാസുകള്‍, പിക്‌നിക്, കായിക മത്‌സരങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ജൂണ്‍ 30നകം സമയബന്ധിതമായി നടത്തുമെന്ന് ചെയര്‍മാന്‍ സലാഹ് കാരാടനും ജനറല്‍ കണ്‍വീനര്‍ അഹ്മദ് കുട്ടി മദനിയും പറഞ്ഞു.

സാധാരണക്കാരായ പ്രവാസികളെ ഉദ്ദേശിച്ചു കൊണ്ടുള്ള ഐ.ടി സെമിനാര്‍, സാമ്പത്തികാസൂത്രണ സെമിനാര്‍ എന്നിവ കൂടി പരിപാടികളില്‍ ഉള്‍പ്പെടുത്തിയതായി സംഘാടകര്‍ അറിയിച്ചു. ബാലവേദിയുടെ ‘മഞ്ചാടി’യും ‘മൈലാഞ്ചി’യും, സ്പീക്കേഴ്‌സ് & റൈറ്റേഴ്‌സ് ഫോറത്തിന്റെ ‘പടവുകള്‍’ മാഗസിനും പ്രകാശനം നിര്‍വഹിക്കും. വിവിധ പരിപാടികളില്‍ സഊദിയിലേയും കേരളത്തിലേയും പ്രമുഖരായ നേതാക്കളും പണ്ഡിതരും പങ്കെടുക്കും.

നിയമാനുസൃതം ലൈസന്‍സോടു കൂടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജിദ്ദയിലെ മുതിര്‍ന്ന മലയാളി സമാജമായ ഇസ്‌ലാഹി സെന്ററിന്റെ മുപ്പതാം വാര്‍ഷിക ഉദ്ഘാടനം വീക്ഷിക്കുവാന്‍ കക്ഷിഭേദമന്യേ എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കും വിശാലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

സ്വാഗതസംഘം യോഗത്തില്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് മൂസക്കോയ പുളിക്കല്‍ അധ്യക്ഷത വഹിച്ചു. സലാഹ് കാരാടന്‍, അഹ്മദ് കുട്ടി മദനി പ്രസംഗിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ബഷീര്‍ വള്ളിക്കുന്ന് സ്വാഗതവും ജനറല്‍ സെക്രട്ടറി നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്: കെ.എം.മാണി

കോട്ടയം: തനിക്കെതിരെയുള്ള ബിജു രമേശിന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് മന്ത്രി കെ.എം.മാണി. ആരോപണത്തിന് പിന്നില്‍ വലിയ ഗൂഡാലോചനയുണ്ടെന്നും മാണി വിഷയത്തെ കുറിച്ച് പ്രതികരിച്ചു. ആരോപണം ദുരുദ്ദേശപരവും അടിസ്ഥാനരഹിതവുമാണെന്നും മാണി പറഞ്ഞു. ബാര്‍ ലൈസന്‍സ് ധനമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബിജു രമേശിന്റെ ആരോപണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണെന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ് ആരോപിച്ചു. അതേ സമയം മാണിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തെത്തി.

ബാറുകള്‍ തുറക്കാന്‍ കെ.എം മാണി 5 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടു

തിരുവനന്തപുരം: ബാറുകള്‍ തുറക്കാന്‍ കെ.എം മാണി കൈക്കൂലി വാങ്ങിയതായി ബാറുടമ ബിജു രമേഷ്. ബാര്‍ തുറക്കാന്‍ 1 കോടി രൂപ മാണിക്ക് നല്‍കിയതായി ബിജു പറഞ്ഞു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ നേതാക്കള്‍ നേരിട്ട് മാണിയുടെ പാലായിലെ വീട്ടില്‍ വച്ചാണ് പണം കൈമാറിയത്. മാണിയുമായി സംസാരിച്ചതിന്റെ ശബ്ദരേഖ കയ്യിലുണ്ടെന്നും ആവശ്യമെങ്കില്‍ നുണ പരിശോധനക്ക് തയ്യാറെന്നും ബിജു കൂട്ടിച്ചേര്‍ത്തു. 418 ബാറുകള്‍ തുറക്കാന്‍ വേണ്ടി 5 കോടി രൂപയാണ് മാണി ആവശ്യപ്പെട്ടതെന്ന് ബിജു പറഞ്ഞു. ആദ്യം 15 ലക്ഷവും പിന്നീട് 85 ലക്ഷവുമായി ഒരു കോടി രൂപയാണ് മാണിക്ക് നല്‍കിയത്. അസോസിയേഷന്‍ രേഖകളില്‍ മാണിക്കു കൊടുത്ത പണത്തിന്റെ രേഖകളുണ്ട്. തെളിവുകള്‍ മായ്ച്ചു കളയുന്നതിനു മുമ്പ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും ബിജു ആവശ്യപ്പെട്ടു.

ചാനല്‍ ചര്‍ച്ചക്കിടെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്കു നേരെ യുവമോര്‍ച്ച കയ്യേറ്റശ്രമം

കൊച്ചി: മാതൃഭൂമി ചാനലിലെ  ചര്‍ച്ചക്കിടെ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്കുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കയ്യേറ്റശ്രമം നടത്തി. ക്യാമറയ്ക്ക് മുമ്പില്‍ വെച്ച് പരിപാടി ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്നതിനിടെ ആണ് സംഭവം. പരിപാടിയില്‍ പങ്കെടുത്ത ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ക്ക് മുമ്പില്‍ വെച്ചായിരുന്നു യുവമോര്‍ച്ച 'സദാചാര പോലീസ്' ആകാന്‍ ശ്രമം നടത്തിയത്. ക്യാമറക്ക് മുന്നില്‍ വെച്ച് പരസ്യമായി ചുംബിക്കാന്‍ ധൈര്യമുണ്ടോ എന്ന ചാനല്‍ അവതാരകയുടെ ചോദ്യത്തെത്തുടര്‍ന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ ഭാര്യ രശ്മിക്ക്  കവിളത്ത് ചുംബനം നല്‍കിയതിനെ തുടര്‍ന്നാണ്  യുവമോര്‍ച്ചയുടെ കയ്യേറ്റ ശ്രമം ഉണ്ടായത്. വെറുതെ വിടില്ല ആക്രോശത്തോടുകൂടിയായിരുന്നു ഇവര്‍ പ്രവര്‍ത്തകര്‍ക്കുനേരെ ഇവരുടെ ആക്രമം. ഇവര്‍ക്കു നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുമ്പ് അക്രമണമഴിച്ചു വിട്ടിരുന്നു.

കോടതി വിധിയെ നിയമപരമായി നേരിടും : ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ബാര്‍ കേസില്‍ സിംഗിള്‍ ബഞ്ച് വിധിക്കുണ്ടായ ഹൈക്കോടതിയുടെ സ്‌റ്റേ സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിംഗിള്‍ ബഞ്ച് വിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയായെന്ന വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോടതി വിധി സര്‍ക്കാരിന് തിരിച്ചടിയല്ല. അതു പോലെ വിമര്‍ശനത്തില്‍ ഭയമില്ലെന്നും മദ്യനയത്തില്‍ സര്‍ക്കാരിന് ഉറച്ച ബോധ്യമുണ്ടെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് 250 ബാറുകള്‍ അടച്ചു പൂട്ടാനുള്ള സിംഗിള്‍ ബഞ്ച് വിധി വന്നത്. സര്‍ക്കാരിന്റെ മദ്യനയത്തെ ഭാഗികമായി മാത്രം അംഗീകരിക്കുന്നതായിരുന്നു ഈ വിധി. ഇതേ തുടര്‍ന്ന് ബാറുകള്‍ അടച്ചു പൂട്ടാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. സിംഗിള്‍ ബഞ്ച് വിധിക്കെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. അതേസമയം സിംഗിള്‍ ബഞ്ച് തീരുമാനത്തെതുടര്‍ന്ന് പൂട്ടിയ ബാറുകള്‍ വീണ്ടും തുറന്നുതുടങ്ങി.